
ദുൽഖർ സൽമാൻ നിർമിച്ചു അഭിനയിക്കുന്ന പുതിയ തെലുങ്ക് ചിത്രം ‘ആകാശംലോ ഒക്ക താര’യുടെ പ്രമോഷന്റെ ഭാഗമായി പുറത്തുവന്ന ഒരു രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കുട്ടികൾക്കൊപ്പം പങ്കെടുത്ത ദുൽഖർ, തന്റെ അടുത്ത സുഹൃത്തും നടനുമായ വിജയ് ദേവരകൊണ്ടയെ ഫോണിൽ വിളിച്ചു നടത്തിയ പ്രാങ്ക് കോളാണ് ഇപ്പോൾ ആരാധകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്.
കുട്ടികളുടെ നിർദ്ദേശപ്രകാരമാണ് ദുൽഖർ വിജയ് ദേവരകൊണ്ടയെ വിളിക്കുന്നത്. ഫോൺ എടുത്ത ഉടനെ “ഡിക്യു വാട്സാപ്പ്” എന്ന് വിജയ് ദേവരകൊണ്ട സ്നേഹത്തോടെ അഭിവാദ്യം ചെയ്തെങ്കിലും, മറുതലയ്ക്കൽ സംസാരിച്ചത് ദുൽഖറല്ല, മറിച്ച് ഒരു കൊച്ചു പെൺകുട്ടിയാണ്. റോഡിൽ നിന്നും ദുൽഖറിന്റെ ഫോൺ കളഞ്ഞു കിട്ടിയതാണെന്നും, എമർജൻസി കോണ്ടാക്ടിൽ ഈ നമ്പർ കണ്ടതുകൊണ്ടാണ് വിളിച്ചതെന്നുമാണ് കുട്ടി വിജയ് ദേവരകൊണ്ടയോട് പറഞ്ഞത്.
തന്റെ ഉറ്റസുഹൃത്തിന് യഥാർത്ഥത്തിൽ ഫോൺ നഷ്ടപ്പെട്ടുപോയെന്ന് വിശ്വസിച്ച വിജയ് ദേവരകൊണ്ട, ഉടൻ തന്നെ ആശങ്കയിലാകുകയും ഫോൺ താൻ പറയുന്ന ഒരു നമ്പറിൽ എത്തിച്ചു കൊടുക്കാൻ കുട്ടിയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനുശേഷം ഫോൺ കട്ട് ചെയ്ത വിജയ് ദേവരകൊണ്ടയെ, ദുൽഖർ പിന്നീട് തിരിച്ചുവിളിച്ച് ഇതൊരു പ്രാങ്ക് കോളാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. ചിത്രത്തിന്റെ പ്രൊമോഷണൽ തന്ത്രത്തിന്റെ ഭാഗമായി എത്തിയ ഈ വീഡിയോ ഇതിനോടകം തന്നെ സിനിമാപ്രേമികൾക്കിടയിൽ വലിയ രീതിയിൽ ചർച്ചയായിട്ടുണ്ട്.