
ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ‘ആകാശംലോ ഒക താര’യുടെ പ്രചാരണത്തിന്റെ ഭാഗമായി ദുൽഖർ സൽമാനും ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും കൊച്ചിയിലെത്തുന്നു. നവംബർ 13ന് വൈകിട്ട് 6 മണിക്ക് ഫോറം കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിക്കുന്ന ചിത്രം നവംബർ 20ന് ആഗോളതലത്തിൽ തിയേറ്ററുകളിലെത്തും. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.
‘ഓരോ സ്വപ്നത്തിനും ഒരു യാത്രയുണ്ട്, ഓരോ യാത്രയ്ക്കും ഒരു കഥയുണ്ട്’ എന്ന ആശയവുമായി എത്തുന്ന ചിത്രത്തിന്റെ പ്രചാരണത്തിന് കൂടുതൽ ആവേശം പകരുന്നതായിരിക്കും കൊച്ചിയിലെ ഈ പ്രത്യേക സംഗമം. ദുൽഖർ സൽമാനൊപ്പം ചിത്രത്തിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കും റിലീസിന് മുന്നോടിയായി പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാനുള്ള അവസരം കൂടിയായിരിക്കും ഈ പരിപാടി.
പവൻ സാദിനേനിയുടെ വ്യത്യസ്തമായ കഥപറച്ചിൽ ശൈലിയിൽ ഒരുങ്ങുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പുതുമുഖം സാത്വിക വീരവല്ലിയാണ് ചിത്രത്തിലെ കല്പന എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് സ്വന്തം സ്വപ്നങ്ങളിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന കല്പനയ്ക്ക് പിന്തുണയുമായി നിൽക്കുന്ന കൃഷ്ണയുടെ കഥയാണ് ചിത്രം പറയുന്നത്. പ്രണയവും വൈകാരിക മുഹൂർത്തങ്ങളും ഫീൽ ഗുഡ് ഘടകങ്ങളും കോർത്തിണക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്.
തമിഴ് നടി ശ്രുതി ഹാസൻ ചിത്രത്തിൽ രോഹിണി എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കേന്ദ്ര കഥാപാത്രങ്ങളുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനം ചെലുത്തുന്ന വേഷമാണ് രോഹിണിയുടേത്. റൂഹാനി, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്. ‘കുട്ടി കുട്ടി പൂവേ’, ‘കണ്ണേ കണ്ണേ’ എന്നീ ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. ജി.വി. പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
‘മഹാനടി’, ‘സീതാ രാമം’, ‘ലക്കി ഭാസ്കർ’ തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് സിനിമയിൽ ശ്രദ്ധേയമായ സ്ഥാനം നേടിയ ദുൽഖർ സൽമാന്റെ അടുത്ത തെലുങ്ക് റിലീസ് എന്ന പ്രത്യേകതയും ‘ആകാശംലോ ഒക താര’യ്ക്കുണ്ട്. ‘കൽക്കി 2898 എഡി’യിലെ അതിഥിവേഷത്തിലൂടെയും താരം തെലുങ്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയിരുന്നു. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം ഭാഷകളിലായി പാൻ ഇന്ത്യൻ റിലീസിനെത്തുന്ന ചിത്രം നവംബർ 20ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും.