
സ്ത്രീകളുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചും അവരുടെ സ്വപ്നങ്ങളെ പിന്തുണയ്ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും നടൻ ദുൽഖർ സൽമാൻ നടത്തിയ പരാമർശങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. മറ്റൊരാളുടെ ജീവിതത്തെ നിയന്ത്രിക്കാൻ നമ്മളാരാണെന്നും, ഭർത്താവോ സഹോദരനോ അച്ഛനോ ആരായാലും സ്ത്രീകൾ എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനോ അവർക്ക് അനുമതി നൽകാനോ ആരും ആളല്ലെന്നും ദുൽഖർ വ്യക്തമാക്കി. പുതിയ ചിത്രമായ ‘ആകാശംലോ ഒക്ക താര’യുടെ പ്രൊമോഷന്റെ ഭാഗമായി ‘സുമ ആൻഡ് ചാറ്റ്’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകളുടെ തീരുമാനങ്ങളിൽ പുരുഷന്മാർ അനാവശ്യമായി ഇടപെടരുതെന്ന സന്ദേശമാണ് താൻ അവതരിപ്പിച്ച കഥാപാത്രം മുന്നോട്ടുവെക്കുന്നതെന്ന് ദുൽഖർ ചൂണ്ടിക്കാട്ടി. ചിത്രത്തിൽ താൻ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം പറയുന്ന ‘അവളോട് ഞാൻ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല’ എന്ന സംഭാഷണം ഈ ആശയത്തെ അടിവരയിടുന്നതാണെന്നും താരം കൂട്ടിച്ചേർത്തു.
“മറ്റൊരാളെ നിയന്ത്രിക്കാൻ നമ്മളാരാണ് ?. ഇത് അവരുടെ ജീവിതമാണ്. ഒരു ഭർത്താവായാലും സഹോദരനായാലും അച്ഛനായാലും സ്ത്രീകളെന്ത് ചെയ്യണമെന്ന് പറയാനോ അവർക്ക് എന്തിനെങ്കിലും അനുമതി നൽകാനോ ആരും ആളല്ല. ചിത്രത്തില്‍ ഞാന്‍ അവതരിപ്പിച്ച കൃഷ്ണ എന്ന കഥാപാത്രം പറയുന്ന ഒരു ഡയലോഗുണ്ട്. അവളോട് ഞാന്‍ പഠിക്കരുതെന്ന് മാത്രം പറഞ്ഞില്ല എന്നാണത്.” ദുൽഖറിന്റെ വാക്കുകൾ
പവൻ സാദിനേനി സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ‘ആകാശംലോ ഒക്ക താര’യ്ക്ക് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്ന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ഒരു ഉൾഗ്രാമത്തിൽ ജനിച്ചുവളർന്ന കല്പന എന്ന പെൺകുട്ടിയുടെ ബഹിരാകാശ യാത്രയെന്ന വലിയ സ്വപ്നത്തെയും, അതിന് ആത്മാർഥമായി കരുത്തുപകരുന്ന ഭർത്താവ് കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്. ദുൽഖറിനൊപ്പം സാത്വിക വീരവല്ലിയാണ് ചിത്രത്തിൽ കല്പന എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.