പ്രഭാസിന്റെ ‘സ്പിരിറ്റി’ന് പിന്നാലെ രൺബീറിന്റെ ‘ആനിമൽ പാർക്ക്’; വമ്പൻ അപ്‌ഡേറ്റുമായി സന്ദീപ് റെഡ്ഡി വാങ്ക

','

' ); } ?>

പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ‘സ്പിരിറ്റ്’ എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയായാൽ ഉടൻ രൺബീർ കപൂറിന്റെ ‘ആനിമൽ പാർക്കി’ന്റെ നിർമാണപ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വാങ്ക. 2023-ൽ പുറത്തിറങ്ങി ബോക്സ് ഓഫീസിൽ വലിയ തരംഗം സൃഷ്ടിച്ച ‘ആനിമൽ’ സിനിമയുടെ രണ്ടാം ഭാഗത്തിനായുള്ള ആരാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് സംവിധായകന്റെ ഈ നിർണായക പ്രഖ്യാപനം.

ഹൈദരാബാദിൽ മാധ്യമപ്രവർത്തകൻ ഫരീദൂൻ ഷഹ്രിയാറുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലാണ് സന്ദീപ് റെഡ്ഡി വാങ്ക തന്റെ വരാനിരിക്കുന്ന പ്രോജക്റ്റുകളെക്കുറിച്ച് മനസ്സുതുറന്നത്. ആനിമൽ പാർക്ക് എപ്പോൾ തുടങ്ങുമെന്ന ചോദ്യത്തിന്, നിലവിലെ പ്രോജക്റ്റായ സ്പിരിറ്റിന്റെ ചിത്രീകരണവും മറ്റ് ജോലികളും പൂർത്തിയാക്കിയാലുടൻ രണ്ടാം ഭാഗത്തിലേക്ക് കടക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സ് രണ്ടാം ഭാഗത്തെക്കുറിച്ചുള്ള വലിയ ആകാംക്ഷകൾ ബാക്കിവെച്ചാണ് അവസാനിച്ചത്. രൺബീർ കപൂറിനൊപ്പം അനിൽ കപൂർ, രശ്മിക മന്ദാന, ബോബി ഡിയോൾ, തൃപ്തി ദിമ്രി എന്നിവർ അണിനിരന്ന ആദ്യ ഭാഗം വൻ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. രണ്ടാം ഭാഗത്തിൽ കഥ എങ്ങോട്ടാണ് നീങ്ങുകയെന്ന ആകാംക്ഷയിലാണ് സിനിമാലോകവും ആരാധകരും.