
കൊക്കെയ്ൻ ഉപയോഗിച്ചതിന് നടൻമാരായ ശ്രീകാന്തും കൃഷ്ണയും അറസ്റ്റിലായതിന് പിന്നാലെ അന്വേഷണം കൂടുതൽ പേരിലേക്ക്. തമിഴിലെ പ്രമുഖ നടീനടൻമാർ, യുവ സംഗീത സംവിധായകർ തുടങ്ങിയവർ മയക്കുമരുന്നിന് അടിമകളാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. താരങ്ങളൊരുക്കുന്ന നിശാ പാർട്ടികൾ, രാത്രിസമയത്തെ സിനിമാ പ്രമോഷൻ ചടങ്ങുകൾ, റേവ് പാർട്ടികൾ തുടങ്ങിയവ സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും പോലീസ് അറിയിച്ചു. താരങ്ങളുടെ വാട്സാപ്പ് കൂട്ടായ്മകളും പരിശോധിക്കും. മെഗാ സിനിമ-ടെലിവിഷൻ ഇവന്റുകൾ സംഘടിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പിന്നാമ്പുറപ്രവർത്തനങ്ങളും പരിശോധിക്കാനാണ് പോലീസിന്റ തീരുമാനം.
നിലവിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുള്ള ശ്രീകാന്ത്, കൃഷ്ണ, പ്രസാദ്, പ്രദീപ് എന്നിവരെ ജയിലിൽനിന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യംചെയ്യും. അറസ്റ്റിലായ ശ്രീകാന്തും കൃഷ്ണയും ഇപ്പോൾ ജയിലിലാണ്. കൃഷ്ണയോടൊപ്പം ഒട്ടേറെ നടൻമാർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നു തെളിവുകൾ ലഭിച്ചിട്ടുണ്ട്. കൃഷ്ണയുടെ വാട്സാപ്പ് പരിശോധനയിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട ഒരു വാട്സാപ്പ് ഗ്രൂപ്പു തന്നെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിൽ സിനിമയിലെ നിരവധി താരങ്ങളും ഉണ്ട്. കൃഷ്ണയുടെ മൊബൈൽ ഫോണിൽനിന്ന് 2020 മുതൽ ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ സൈബർ പോലീസിന്റെ സഹായത്തോടെ കണ്ടെടുക്കുന്നുണ്ട്.
2020 മുതൽ വാട്സാപ്പ് ഗ്രൂപ്പ് വഴി വിവിധ ഇടങ്ങളിൽ മയക്കുമരുന്ന് പാർട്ടികൾ സംഘടിപ്പിച്ചിരുന്നതായും വിവരം ലഭിച്ചു. വാട്സാപ്പ് ഗ്രൂപ്പിലുളള എല്ലാവരെയും വിളിച്ചുവരുത്തി നേരിട്ട് ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. ഇവർ മയക്കുമരുന്ന് മറ്റാർക്കെങ്കിലും വിറ്റിട്ടുണ്ടോയെന്നുള്ള കാര്യവും വിശദമായി അന്വേഷിക്കും. കോഡ് ഭാഷയിലൂടെയാണ് കൃഷ്ണ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറിയിരുന്നത്.
കൊക്കെയ്ൻ കൈവശം വെച്ചതിന് പ്രദീപ്, ഘാന സ്വദേശി ജോൺ എന്നിവരിൽ പിടിയിലായതിനു പിന്നാലെ അണ്ണാ ഡിഎംകെ മുൻ അംഗം പ്രസാദാണ് ശ്രീകാന്തിന്റെ പേരു വെളിപ്പെടുത്തുന്നത്. ശ്രീകാന്തിലൂടെ കൃഷ്ണയും പിടിയിലായി.