
‘ദൃശ്യം 3’ ന്റെ റിലീസിനെ കുറിച്ച് സൂചന നൽകി സംവിധായകൻ ജീത്തു ജോസഫ്. ചിത്രം ഏപ്രിലിൽ എത്തുമെന്നും, വലിയ പ്രതീക്ഷകൾ ഇല്ലാതെ വേണം തിയറ്ററിൽ വരാനെന്നും ജീത്തു ജോസഫ് പറഞ്ഞു. കൂടാതെ ‘ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണെന്നും, അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ടെന്നും ജീത്തു ജോസഫ് കൂട്ടിച്ചേർത്തു. രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെൻ്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. അതുകൊണ്ട് വലിയ പ്രതീക്ഷകളൊന്നുമില്ലാതെ ഏപ്രിൽ ആദ്യവാരം ചിത്രം തിയറ്ററിൽ കാണാം. അതിന്റെ ഔദ്യോഗിക റിലീസ് ഉടനുണ്ടാകും. ജനുവരി 30ന് എന്റെ മറ്റൊരു സിനിമയായ ‘വലതുവശത്തെ കള്ളൻ’ റിലീസ് ചെയ്യുന്നുണ്ട്. ഒരു നല്ല സിനിമയായിരിക്കും, എനിക്കു നല്ല ആത്മവിശ്വാസമുണ്ട്.” ജീത്തു ജോസഫ് പറഞ്ഞു.
വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ ഒത്തുചേരുന്ന മൾട്ടി ഡിസിപ്ലിനറി ടീമിൻ്റെ സേവനമാണ് സെൻ്ററിന്റെ സവിശേഷത. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോൺസൺ വാഴപ്പിള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂത്രാശയ സംബന്ധമായ കാൻസറുകൾ പ്രാരംഭ ഘട്ടത്തിൽ തന്നെ തിരിച്ചറിയുന്നതിനും കൃത്യമായ ചികിത്സ ഉറപ്പാക്കുന്നതിനും പുതിയ സെന്റർ മുതൽക്കൂട്ടാകുമെന്ന് അദ്ദേഹം പറഞ്ഞു. യൂറോ-ഓങ്കോളജി സെന്ററിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് സീനിയർ കൺസൾട്ടന്റ് ഡോ. സഞ്ജയ ഭട്ട് വിശദീകരിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. ജിജി വി. കുരുട്ടുകുളം, റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ജോസ് പോൾ, മെഡിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടൻ്റ് ഡോ. സഞ്ജു സിറിയക് എന്നിവർ ചടങ്ങിൽ സംസാരിച്ചു.