ഡബ്ല്യുസിസിയുടെ അധികാരം ദുർവിനിയോഗം ചെയ്തു, ഈഗോയാണ് കാരണം; ബലാത്സം​ഗക്കേസിൽ കുറ്റവിമുക്തനായി സംവിധായകൻ ലിജു കൃഷ്ണ

','

' ); } ?>

ബലാത്സംഗ കേസിൽ കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ സംവിധായികയും നടിയുമായ ഗീതു മോഹൻദാസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ‘പടവെട്ട്’ സിനിമയുടെ സംവിധായകൻ ലിജു കൃഷ്ണ. സിനിമയുടെ ക്രിയേറ്റീവ് ചർച്ചകൾക്കിടെയുണ്ടായ അഭിപ്രായവ്യത്യാസങ്ങളുടെയും ഈഗോയുടെയും പേരിൽ ഗീതു മോഹൻദാസ് സമ്മർദ്ദം ചെലുത്തി കള്ളക്കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നുവെന്ന് ലിജു കൃഷ്ണ മാധ്യമങ്ങളോട് പറഞ്ഞു. ഡബ്ല്യുസിസി (WCC) എന്ന സംഘടനയുടെ അധികാരം ദുർവിനിയോഗം ചെയ്താണ് തന്നെ തകർക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതി മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി ലിജു കൃഷ്ണയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കിയിരുന്നു. വിധിക്ക് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഗീതു മോഹൻദാസിന്റെ പേരെടുത്തു പറഞ്ഞ് രംഗത്തെത്തിയത്. ‘പടവെട്ട്’ സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുൻപ് നടന്ന ചർച്ചകളിൽ ഗീതു മോഹൻദാസുമായി അഭിപ്രായവ്യത്യാസങ്ങളും തർക്കങ്ങളും ഉണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കള്ളക്കേസ് എടുപ്പിച്ചതെന്നും വിചാരണയ്ക്കിടെ ഇവരുടെ ഇടപെടലുകൾ വ്യക്തമായിട്ടുണ്ടെന്നും ലിജു കൃഷ്ണ പറഞ്ഞു.

തന്റെ അറസ്റ്റിന് പിന്നാലെ സിനിമയിൽ നിന്ന് തന്റെ പേര് നീക്കം ചെയ്യാനും റിലീസ് തടയാനും ഗീതു മോഹൻദാസ് ശ്രമിച്ചതായും ലിജു കൃഷ്ണ ആരോപിച്ചു. ഇതിനായി കേരളത്തിലെ വിവിധ സിനിമാ സംഘടനകൾക്ക് നിരന്തരം വക്കീൽ നോട്ടീസുകളും ഇ-മെയിലുകളും അയക്കുകയും ഫോൺ കോളുകൾ വഴി സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഡബ്ല്യുസിസിയുടെ ആശയങ്ങളോട് ബഹുമാനമുണ്ടെങ്കിലും സംഘടനയിലെ അംഗത്വം ഉപയോഗിച്ച് വ്യക്തിവൈരാഗ്യം തീർക്കുകയായിരുന്നുവെന്നും, ഇത്തരം നടപടികൾ യഥാർത്ഥത്തിൽ പീഡനമനുഭവിക്കുന്ന പെൺകുട്ടികൾക്ക് ലഭിക്കേണ്ട നീതിയുടെ വിശ്വാസ്യതയെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2020-ൽ കാക്കനാട്ടെ ഫ്ലാറ്റിലും ഹോട്ടലുകളിലും വെച്ച് പീഡിപ്പിച്ചെന്ന കൊച്ചി സ്വദേശിനിയുടെ പരാതിയിൽ 2022 മാർച്ചിലാണ് ഇൻഫോപാർക്ക് പൊലീസ് ലിജു കൃഷ്ണയ്ക്കെതിരെ കേസെടുത്തത്. നിവിൻ പോളി നായകനായ ‘പടവെട്ട്’ സിനിമയുടെ കണ്ണൂരിലെ ലൊക്കേഷനിൽ അവസാന ദിവസത്തെ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. കള്ളക്കേസ് കാരണം കഴിഞ്ഞ അഞ്ച് വർഷമായി തനിക്കും കുടുംബത്തിനും കടുത്ത ദുരിതമാണ് അനുഭവിക്കേണ്ടി വന്നതെന്നും, കലാരംഗത്ത് നിന്ന് പൂർണ്ണമായും മാറ്റിനിർത്തപ്പെട്ടെന്നും പറഞ്ഞ ലിജു കൃഷ്ണ, സത്യം ജയിച്ചതിൽ സന്തോഷമുണ്ടെന്നും വ്യക്തമാക്കി.

ലിജുവിന്റെ വാക്കുകൾ

“സത്യം ജയിച്ചിരിക്കുകയാണ്. എനിക്കും എന്റെ കുടുംബത്തിനും എന്റെ കൂട്ടുകാർക്കുമൊക്കെ ഇന്ന് നീതി കിട്ടി. ഞങ്ങളുടെ ഭാ​ഗത്തുള്ള പൂർണമായ ശരികൾ കോടതിയുടെ മുൻപിൽ ബോധിപ്പിക്കാനായി. 2022 മാർച്ചിലാണ് ഇങ്ങനെയൊരു കള്ളക്കേസ് കൊടുത്ത് എന്നെ സിനിമയുടെ ലൊക്കേഷനിൽ വച്ച് അവസാന ദിവസത്തെ ഷൂട്ടിനിടയിൽ നിന്ന് ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടത്.

അന്ന് തൊട്ട് ഈ അഞ്ച് വർഷക്കാലം വലിയ ദുരന്തങ്ങളാണ് എന്റെ ജീവിതത്തിൽ എന്റെ കുടുംബത്തിൽ നടന്നു കൊണ്ടിരുന്നത്. അച്ഛന് നാട്ടിലൊരു കടയുണ്ടായിരുന്നു. ഈ വാർത്ത അറിഞ്ഞ അന്ന് മുതൽ അച്ഛൻ വീട്ടിലിരിപ്പായതാണ്. പിന്നെ ഇതുവരെ കടയിലേക്ക് പോയിട്ടില്ല. വീട്ടിലോ നാട്ടിലോ ഉള്ള ഫങ്ഷനു പോലും ഇതുവരെ എന്റെ അച്ഛനും അമ്മയും പോയിട്ടില്ല, കഴിഞ്ഞ അഞ്ച് വർഷമായിട്ട്.

എന്റെ വീടിന്റെ മുൻവാതിൽ ഇതിന് ശേഷം ശരിക്കും അടഞ്ഞു കിടക്കുകയായിരുന്നു. അച്ഛനും അമ്മയ്ക്കും എന്നും പ്രയാസമായിരുന്നു, അവർ പിന്നീട് രോ​ഗബാധിതരായി കൊണ്ടിരിക്കുകയായിരുന്നു. കഴിഞ്ഞ അ‍ഞ്ച് വർഷക്കാലം എനിക്കെന്റെ തൊഴിൽ ചെയ്യാൻ പറ്റിയിട്ടില്ല. ഞാനൊരു കലാകാരനാണ്. കലാ-സാംസ്കാരിക രം​ഗത്തു നിന്ന് എന്നെ പൂർണമായും മാറ്റി നിർത്തി.

അങ്ങനെ ജീവിതത്തിൽ നമുക്കുണ്ടായിരുന്ന മനുഷ്യർ, ബന്ധങ്ങളെല്ലാം നമ്മളെ വിട്ടു പോവുകയാണ് ചെയ്യുന്നത്. എണ്ണിയാൽ തീരാത്തത്ര പ്രശ്നങ്ങളാണ് ഇങ്ങനെയൊരു കള്ളക്കേസിലൂടെ ജീവിതത്തിലുണ്ടായത്. ഈ ഒരു നിമിഷത്തിൽ ഞാനൊരു മത്സരത്തിനൊന്നുമില്ല. ഞാനൊരു പോരാട്ടത്തിനൊന്നുമില്ല.

പക്ഷേ ചില സത്യങ്ങൾ, ചില കാര്യങ്ങൾ തുറന്നുകാട്ടണമെന്ന് ഞാൻ ആ​ഗ്രഹിക്കുന്നുണ്ട്. എന്റെ ആദ്യത്തെ സിനിമയായിരുന്നു ‘പടവെട്ട്’. ഈ പടത്തിന്റെ ക്രിയേറ്റീവ് ഡിസ്കഷന്റെ ഭാ​ഗമായിട്ട് മലയാളത്തിൽ തന്നെയുള്ള ഒരു സീനിയർ സംവിധായകയുമായിട്ട് ചില അഭിപ്രായവ്യത്യാസങ്ങൾ സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുന്നേ ഉണ്ടായിരുന്നു. അങ്ങനെ ആ അഭിപ്രായ വ്യത്യാസങ്ങൾ വളർന്ന് തർക്കങ്ങളായി മാറി. അതിന്റെ വെറുമൊരു ഈ​ഗോയുടെ പുറത്ത് ഇതുപോലെയൊരു കള്ളക്കേസ് കെട്ടിച്ചമച്ച് സമ്മർദ്ദമുണ്ടാക്കി കള്ളക്കേസ് എടുപ്പിച്ച ഒരു നാൾവഴികളാണ് ഈ കേസിനുള്ളത്.

ഈ സംവിധായിക എന്ന് പറയുന്ന വ്യക്തിയുടെ പേര് ​ഗീതു മോഹൻദാസ് എന്നാണ്. വിചാരണക്കിടയിൽ ഇവരുടെ ഇടപെടലുകളുടെ കാര്യങ്ങളെല്ലാം പുറത്തുവന്നിട്ടുണ്ട്. എന്റെ അറസ്റ്റിന് ശേഷം അവർ പെട്ടെന്ന് ചെയ്യാൻ ശ്രമിച്ചത്, എന്റെ സിനിമയിൽ നിന്ന് എന്റെ പേര് എടുത്ത് കളയാനും സിനിമയുടെ റിലീസ് തടയാനുമായിരുന്നു. അതിന് വേണ്ടി കേരളത്തിലുള്ള ഒട്ടുമിക്ക സംഘടനകൾക്കും വക്കീൽ നോട്ടീസ്, ഫോൺകോളുകൾ, മെയിലുകൾ എല്ലാം നിരന്തരം അയച്ചു കൊണ്ടിരുന്നു.

ഇത് ഡബ്ല്യുസിസി എന്ന സംഘടനയുടെ അധികാരം ഉപയോ​ഗിച്ചു കൊണ്ടാണ് ഇത്തരം കാര്യങ്ങൾ ചെയ്തിരുന്നത്. ഡബ്ല്യുസിസി എന്ന സംഘടനയോട് എനിക്കൊരെതിർപ്പുമില്ല. അവരുടെ ആശയങ്ങളെ ബഹുമാനമാണ്. അവരുടെ ആവശ്യം ഈ കാലഘട്ടത്തിൽ സിനിമയിൽ വളരെയധികം പ്രധാനമാണെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. പക്ഷേ ഡബ്ല്യുസിസിയുടെ അംഗമായി നിന്നുകൊണ്ട് ഡബ്ല്യുസിസിയുടെ അധികാരം ദുർവിനിയോ​ഗം ചെയ്ത് എന്നെ തകർക്കാൻ വേണ്ടി കെട്ടിച്ചമച്ച ഒരു കേസായിരുന്നു സത്യത്തിൽ ഇത്.

ഇതുപോലെയുള്ള ഇടപെടലിലൂടെ യഥാർഥത്തിൽ പ്രയാസങ്ങളും പീഡനങ്ങളും അനുഭവിക്കുന്ന പെൺകുട്ടികൾക്ക് ലഭിക്കേണ്ട നീതിയ്ക്കും വിശ്വാസ്യതയ്ക്കുമൊക്കെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്ന സാഹചര്യമുണ്ടാകും. അങ്ങനെ വരരുതെന്ന് ഞാനാ​ഗ്രഹിക്കുന്ന കൊണ്ടാണ് ഈ കള്ളത്തരത്തെ ഞാൻ തുറന്നുകാണിക്കാൻ ശ്രമിക്കുന്നത്.”