ജാതിയുടെയും നിറത്തിന്റെയും പേരിൽ ആരും സിനിമയിൽ നിന്ന് തന്നെ മാറ്റി നിർത്തിയിട്ടില്ലെന്നും, പകരം ചേർത്ത് പിടിച്ചിട്ടേയുള്ളുവെന്നും സംവിധായകൻ അർജുൻ രാജ്. സെല്ലുലോയ്ഡ് എന്ന ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ അനുഭവങ്ങൾ തുറന്നു പറഞ്ഞത്.
“സിനിമയ്ക്ക് പുറത്താണ് ജാതിയും നിറവുമെല്ലാം വെച്ച് ഞാൻ അവഗണനയും കുത്തുവാക്കുകളും നേരിട്ടത്. സിനിമാ രംഗത്ത് ഒരിക്കലും ആ അനുഭവം ഉണ്ടായിട്ടില്ല. എല്ലാവരും കൂടെ കൂട്ടിയിട്ടേ ഒള്ളു,” എന്നാണ് അർജുൻ രാജിന്റെ പ്രതികരണം.
അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം കതിരവൻ മഹാത്മാ അയ്യങ്കാളിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ്. ആദ്യം ഈ കഥാപാത്രത്തിനായി മമ്മൂട്ടിയെ ആയിരുന്നു തീരുമാനിച്ചത്. എന്നാൽ ഡേറ്റ് പ്രശ്നങ്ങൾകാരണം അവസാനം സിജോ വിൽസണിലേക്ക് എത്തുകയായിരുന്നു.
“പടം താൻ എഴുതി തുടങ്ങിയപ്പോഴേ മമ്മൂക്കയായിരുന്നു മനസ്സിൽ. പക്ഷേ അദ്ദേഹം നൽകിയ ഡേറ്റ് 2028, 2029 തിയതികളിലേക്കാണ്. പക്ഷേ പ്രൊഡക്ഷൻ ടീമിന് അതിനകം പടം തുടങ്ങേണ്ടി വന്നത് കൊണ്ടാണ് മാറ്റം വന്നത്. സിജോക്ക് ഇത്തരം കഥാപാത്രങ്ങളിൽ പൂർവ്വ പരിചയമുണ്ടായതും മറ്റൊരു കാരണമായിരുന്നു,” അർജുൻ വ്യക്തമാക്കി.
ഈ മാറ്റത്തിന് പിന്നിൽ ജാതിയെ കാരണം കാണിച്ച് സോഷ്യൽ മീഡിയയിൽ വന്ന ടോക്കുകൾക്കായാണ് അർജുൻ രാജിന്റെ പ്രതികരണം. “മമ്മൂക്ക ഡേറ്റ് തരാതിരുന്നതിന് പിന്നിൽ എന്റെ ജാതിയാണെന്നു പറയുന്നവരോട് എനിക്ക് ഒന്നും പറയാനില്ല. അത്തരം ചിന്താഗതിയുള്ളവരെ മാറ്റാൻ കഴിയില്ല,” അദ്ദേഹം പറഞ്ഞു.
“മമ്മൂക്കയെ എനിക്ക് വ്യക്തിപരമായി അറിയാം. അദ്ദേഹം ഒരിക്കലും ആ രീതിയിൽ ചിന്തിക്കുന്ന ഒരാൾ അല്ല. സിനിമയ്ക്കകത്ത് ഒരിക്കൽപോലും എനിക്കാ തരത്തിലുള്ള അവഗണന കിട്ടിയിട്ടില്ല. എല്ലാവരും കൂടെ നിന്നു. കതിരവൻ എന്ന സിനിമ 75 കോടി രൂപയുടെ ബജറ്റിൽ ഒരുങ്ങുന്ന പാൻ ഇന്ത്യൻ സിനിമയാണ്. അത്തരം വലിയൊരു പ്രൊജക്റ്റിന് നേതൃത്വം നൽകാൻ അവസരം ലഭിച്ചതു തന്നെ നമ്മളെ ആരും മാറ്റി നിർത്തുന്നില്ല എന്നതിന്റെ തെളിവാണ്,” അർജുൻ രാജ് കൂട്ടിച്ചേർത്തു.