പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ല; ‘പരാശക്തി’യുടെ നിർമാതാവിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സംവിധായിക

','

' ); } ?>

ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’യുടെ നിർമാതാവിനെതിരേ ഹൈക്കോടതിയെ സമീപിച്ച് ചിത്രത്തിന്റെ സംവിധായിക സുധ കൊങ്കര. പ്രതിഫലമായ 8.39 കോടി രൂപ ലഭിച്ചില്ലെന്ന് ആരോപിച്ചാണ് നടപടി. ചിത്രത്തിന്റെ സാറ്റ്‌ലൈറ്റ് റിലീസ് ജൂലൈ എട്ടുവരെ കോടതി തടഞ്ഞിട്ടുണ്ട്. ഇതേ നിർമാണക്കമ്പനിയുടെ അടുത്ത ചിത്രമായ ഇദയം മുരളിയുടെ റിലീസ് തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യമെന്നാണ് റിപ്പോർട്. ബാർ ആൻഡ് ബെഞ്ചാണ് കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ശിവകാർത്തികേയൻ, രവിമോഹൻ എന്നിവർ പ്രധാനവേഷത്തിലെത്തിയ പരാശക്തി കഴിഞ്ഞ ജനുവരിയിലാണ് തിയേറ്ററിലെത്തിയത്. ചിത്രത്തിൻ്റെ റിലീസ് തന്നെ വലിയ വിവാദമായിരുന്നു. വൈകി നിശ്ചയിച്ചിരുന്ന റിലീസ്, പൊങ്കലിന് ഇറക്കാനുള്ള നിർമാതാക്കളുടെ തീരുമാനമാണ് വിവാദമായത്. ജനുവരി ഒൻപതിന് പുറത്തിക്കാൻ പദ്ധതിയിട്ട വിജയയുടെ ജനനായകനുമായി ക്ലാഷ് റിലീസായി ചിത്രം പുറത്തിറങ്ങുമെന്ന് പ്രഖ്യാപിക്കപ്പെട്ടു.

അന്നത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനും ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ്റെ ഉടമസ്ഥതയിലുള്ള റെഡ് ജയന്റ് മൂവീസ് ആയിരുന്നു ചിത്രത്തിൻ്റെ വിതരണം. രാഷ്ട്രീയത്തിലിറങ്ങിയ വിജയയുടെ അവസാന ചിത്രമെന്നായിരുന്നു ജനനായകൻ വിശേഷിപ്പിക്കപ്പെട്ടത്. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പരാശക്തി റിലീസ് നേരത്തെയാക്കിയതെന്ന് വ്യാപകവിമർശനം ഉയർന്നു. എന്നാൽ, സെൻസർ നടപടികളിൽ കുരുങ്ങി ജനനായകൻ റിലീസ് വൈകി.

അതേ സമയം ഡോൺ പിക്ചേഴ്‌സിൻ്റെ ബാനറിൽ ആകാശ് ഭാസ്കരനാണ് പരാശക്തി നിർമിച്ചത്. ആകാശ് ഭാസ്‌കരൻ്റെ പ്രഥമ സംവിധാന സംരംഭമാണ് ഇദയം മുരളി. ജൂലൈ 10-നാണ് ചിത്രത്തിന്റെ റിലീസ്.