ദിലീപ് ചിത്രം ശുഭരാത്രിയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി.. അവസാന ദിന ചിത്രീകരണം യഥാര്‍ത്ഥ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ച്..

അനു സിതാര, ദിലീപ് എന്നിവര്‍ നായികനായകവേഷങ്ങളിലെത്തുന്ന വ്യാസന്‍ എടവനക്കാട് ചിത്രം ‘ശുഭരാത്രി’യുടെ ഷൂട്ടിങ് അവസാനിച്ചു. ചിത്രത്തില്‍ സിദ്ദിഖ് അവതരിപ്പിക്കുന്ന ‘മുഹമ്മദ്’ എന്ന കഥാപാത്രമായ ചെറൂല്ലില്‍ മൈതീന്‍കുഞ്ഞ് സാഹിബിന്റെ വീട്ടില്‍ വെച്ചാണ് അവസാന ദിനത്തിലെ ഷൂട്ട് നടന്നത്. സിദ്ദിഖിന്റെ ഈ കഥാപാത്രവും ദിലീപ് അവതരിപ്പിക്കുന്ന ‘കൃഷ്ണന്‍’ എന്ന കഥാപാത്രവുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍.

കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ക്ലാപ്പന എന്ന ഗ്രാമദേശത്ത് ജീവിച്ചിരുന്നയാളാണ് ചെറൂല്ലില്‍ മൈതീന്‍കുഞ്ഞ് സാഹിബ്. 1986-ല്‍ അന്തരിച്ച ശ്രീ മൈതീന്‍ കുഞ്ഞ് സാഹിബ്ബാണു ഈ ചിത്രത്തിലെ മുഹമ്മദിന്റെ ജീവിച്ചിരുന്ന മാതൃക. ആ പ്രദേശത്തെ പേരു കേട്ട വ്യക്തിയായിരുന്ന ഇദ്ദേഹം നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു. ഇദ്ദേഹത്തിന്റെ വീട്ടില്‍ വച്ചായിരുന്നു ചിത്രത്തിന്റെ അവസാന ദിവസത്തെ ഷൂട്ടിങ്ങ്. ഈ സിനിമയിലെ കൃഷ്ണന്‍ സമീപവാസിയായ ശ്രീ ഗോപിയാണ്.

വ്യാസന്‍ എടവനക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. ശാന്തികൃഷ്ണ, ആശാ ശരത് തുടങ്ങിയ പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കൂടുതല്‍ വിശദാംശങ്ങളും വിശേഷങ്ങളും അടങ്ങിയ ചിത്രത്തിന്റെ പാക്കപ്പ് പ്രമോ വിഡിയോ ഇന്നു വൈകുന്നേരം അണിയറക്കാര്‍ പുറത്തു വിടും.