ദിലീപിനെ രണ്ടു വട്ടം ജയിലില്‍ പോയി കണ്ടു: പ്രദീപ് കുമാറിന്റെ മൊഴി

നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ ജയിലില്‍ പോയി കണ്ടിട്ടുണ്ടെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എയുടെ സഹായി പ്രദീപ് കുമാറിന്റെ മൊഴി. ഒരു തവണ ഗണേഷ് കുമാറിന്റെ ഒപ്പവും മറ്റൊരു തവണ ഒറ്റയ്ക്കും ജയിലില്‍ പോയി ദിലീപിനെ കണ്ടിട്ടുണ്ടെന്നാണ് പ്രദീപ് കുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്.

ദിലീപിന്റെ െ്രെഡവര്‍ സുനില്‍രാജിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് കുമാര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. പ്രദീപിന്റെ മൊഴി അടങ്ങിയ റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ദിലീപുമായി ബന്ധമൊന്നും ഇല്ലെന്നാണ് ആദ്യം പ്രദീപ് മൊഴി നല്‍കിയിരുന്നത്. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലില്‍ ദിലീപ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന സമയത്ത് ഗണേഷ് കുമാറിനൊപ്പം പോയി കണ്ടിട്ടുണ്ടെന്ന് പ്രദീപ് സമ്മതിച്ചു.

ഇതു കൂടാതെ മറ്റൊരു തവണ തനിച്ചും പോയി കണ്ടിട്ടുള്ളതായും പ്രദീപ് മൊഴി നല്‍കിയത്. ഫോണ്‍ രേഖകളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു അന്വേഷണ സംഘം ചോദ്യം ചെയ്തത്. കൂടുതല്‍ അന്വേഷണത്തിന് പ്രദീപിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്നും അറസ്റ്റ് ചെയ്യാന്‍ അനുമതി വേണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെടുന്നുണ്ട്. കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. ആരൊക്കെ ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്, എന്തിനായിരുന്നു ഇത് തുടങ്ങിയ കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെയേ അറിയാനാകൂ എന്നും അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.