ദൈവമുണ്ട് തെളിവാണ് ഞാന്‍-ദിലീപ്

ജന്മസിദ്ധമായ വൈഭവത്താല്‍ സിനിമയിലെത്തി ജനപ്രിയ നായകന്‍ എന്ന താരപട്ടം നേടിയെടുത്ത നടനാണ് ദിലീപ്. ഒന്നരപതിറ്റാണ്ടിലേറെയായി ദിലീപ് തന്റെ താരകിരീടം ശിരസിലേന്തിയിട്ട്. മിമിക്രിയും സ്‌റ്റേജ് പ്രോഗ്രാമുമായി നടക്കുന്നതിനിടയില്‍ നിന്നും സംവിധായകന്‍ കമലിനൊപ്പം സംവിധാന സഹായിയായി കൂടിയതാണ് ദിലീപിന്റെ ജീവിതത്തില്‍ വഴിത്തിരിവാകുന്നത്. അവിടെ നിന്നും പിന്നീടു ചെറിയ വേഷങ്ങളുമായി ക്യാമറയ്ക്കു മുന്നിലെത്തി. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളില്‍ സിനിമയില്‍ സ്ഥിരം സാന്നിധ്യമായി മാറി. ലോഹിതദാസിന്റെ തിരക്കഥയില്‍ സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപമായിരുന്നു ദിലീപിനു മലയാളത്തില്‍ ഒരു മേല്‍വിലാസം ഒരുക്കിക്കൊടുത്തത്. അവിടെനിന്നും നായക നിരയിലേക്കു ദിലീപ് വളരെ പെട്ടെന്ന് വളരുകയായിരുന്നു. പ്രതിസന്ധികള്‍ക്കിടയിലും തളരാതെ മുന്നോട്ട് പോകുന്ന ദിലീപ് തന്റെ സിനിമാ വിശേഷങ്ങള്‍ സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ്…

  • എങ്ങിനെയാണ് ശുഭരാത്രി ഉണ്ടാകുന്നത്?

ശുഭരാത്രിയിലെ കഥ യഥാര്‍ത്ഥ സംഭവമാണ്. വ്യാസന്‍ എന്റെ ബാല്യകാല സുഹൃത്ത്കൂടിയാണ്. കുറച്ചുനാളുകള്‍ക്ക് മുന്‍പ് വ്യാസന്‍ ശുഭരാത്രിയെക്കുറിച്ച് സംസാരിക്കുകയുണ്ടായി. കഥ കേട്ടപ്പോള്‍ ഞാന്‍ ചോദിച്ചു ആരൊക്കെയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന്. മുഹമ്മദ് എന്ന കഥാപാത്രം ചെയ്യാന്‍ സിദ്ദിഖ് ഇക്കയുമായിട്ട് സംസാരിച്ചിട്ടുണ്ട്, മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ലെന്ന് വ്യാസന്‍ പറഞ്ഞു. ഈയടുത്തകാലത്തും കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു നിങ്ങളുടെ സിനിമ ഒന്നുമായില്ലേ എന്ന്. എല്ലാവരുടെയും ഡേറ്റ് പ്രശ്‌നമാണ്, ഒന്നും ശരിയാവുന്നില്ല എന്ന് പറഞ്ഞു. അങ്ങിനെയാണ് ഞാന്‍ നമുക്ക് ചെയ്താലോ ആ സിനിമ എന്ന് ചോദിക്കുന്നത്. ഇതൊരു തമാശ സിനിമയല്ല. പക്ഷെ ജീവിതത്തിലെ കൊച്ചുകൊച്ചു തമാശകള്‍ ഈ ചിത്രത്തിലുണ്ട്. കഥ കേട്ടപ്പോള്‍ തന്നെ അത് നല്ല സിനിമയായിരിക്കും എന്ന് തോന്നുന്ന ഒരു ചിന്തയോട് കൂടിതന്നെയാണ് ഈ സിനിമയിലേക്ക് കാലെടുത്ത് വെയ്ക്കുന്നത്.

  • ഈ ചിത്രത്തിലെ യഥാര്‍ത്ഥ ജീവിതങ്ങളെ പരിചയപ്പെട്ടിട്ടുണ്ടോ മുന്‍പ്..?

സിദ്ദിഖ് ഇക്ക ചെയ്ത മുഹമ്മദ് എന്ന കഥാപാത്രം ശരിക്കും ജീവിച്ചിരുന്ന ഒരാളാണ്. ഞാന്‍ ചെയ്ത കഥാപാത്രം ജീവിച്ച്‌കൊണ്ടിരിക്കുന്ന ഒരാളാണ്. നമ്മള്‍ അന്വേഷിച്ച് ചെന്നാല്‍ നമ്മുടെ കണ്‍മുന്‍പില്‍ തന്നെ കാണുന്ന ആളുകള്‍ തന്നെയാണ്. ദൈവത്തിന്റെ കാരുണ്യവും ഔദാര്യവുംകൊണ്ടാണ് നമ്മള്‍ ഓരോ നിമിഷവും മുന്നിലേയ്ക്ക് പോയിക്കൊണ്ടിരിക്കുന്നത്. നമ്മളുടെ അനുഭവങ്ങളിലൂടെ അത് മനസ്സിലാക്കുകയാണ്.

  • ഈ ചിത്രത്തിലെ കഥാപാത്രത്തിനായി എന്തെങ്കിലും തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നോ…?

ഇല്ല. ആ വ്യക്തിയെക്കുറിച്ചുള്ള കഥ കേള്‍ക്കുമ്പോള്‍ അയാള്‍ എന്തായിരുന്നു, ഇപ്പോഴുള്ള അവസ്ഥ എന്താണ്, എങ്ങനെ മുന്നോട്ട് പോകുന്നു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ സംവിധായകനില്‍ നിന്ന് മനസ്സിലാക്കിയിരുന്നു. ഈ സിനിമയ്ക്ക് കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ഒരുപാട് തിരക്കുള്ള താരങ്ങള്‍ ഈ സിനിമയില്‍ വന്നു സഹകരിച്ചു എന്നതാണ്. വലിയ താരങ്ങളാണ് ഈ സിനിമയില്‍ അഭിനയിച്ചിട്ടുള്ളത്. അത് നമ്മളോടുള്ള സൗഹൃദവും സ്‌നേഹവുംകൊണ്ടാണ്. ഇതെല്ലാം അപൂര്‍വ്വമായിട്ട് സംഭവിക്കുന്ന കാര്യങ്ങളാണ്. എല്ലാവര്‍ക്കും അവകാശപ്പെട്ട വിജയമാണിത്. ഇല്ലെങ്കില്‍ ശുഭരാത്രി ഒരു കൊച്ചു സിനിമയായിപ്പോകും. വളരെ മൂല്യമുള്ള താരങ്ങള്‍ അവരുടെ സമയം മാറ്റിവെച്ച് പല സിനിമകളുടെ ഇടയില്‍ നിന്നാണ് പൈസപോലും ആലോചിക്കാതെ അഭിനയിച്ചത്. ഇതെല്ലാം ചില സിനിമകള്‍ക്ക് ഒത്തുകിട്ടുന്ന കാര്യങ്ങളാണ്.

  • വലിയ സന്ദേശമാണ് ചിത്രം പറഞ്ഞത്?

ഒരു ജോലിയില്‍ പ്രവേശിക്കുന്ന കാലം വരെ നമുക്ക് ഏറ്റവും വലുത് കൂട്ടുകാരായിരിക്കും. അവരു പറയുന്നതായിരിക്കും വേദ വാക്യം. കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞ് ജനിച്ച സമയം മുതലാണ്, ആ വേദന അനുഭവിക്കുമ്പോള്‍ നമുക്ക് നമ്മുടെ അച്ഛനെയും അമ്മയെയും തിരിച്ചറിയാനാകുന്നത്. ഇതൊരു യാഥാര്‍ത്ഥ്യമാണ്. നമ്മുടെ അച്ഛന്റെയും അമ്മയുടെയും കണ്ണിലെ കൃഷ്ണമണികളാണ് നമ്മള്‍. നിങ്ങളുടെ മക്കള്‍ ബെസ്റ്റാണെന്നു കേള്‍ക്കാനാണ് ഏതൊരു മാതാ പിതാക്കളും ആഗ്രഹിക്കുന്നത്. മറ്റൊരാള്‍ നമ്മുടെ സ്വാതന്ത്ര്യത്തില്‍ കൈവെയ്ക്കാതിരിക്കാനാണ് അവര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഒരു സമയമെത്തുമ്പോള്‍ അവര്‍ നമ്മളെ വിടും. ആ തിരിച്ചറിവ് നമുക്കാവശ്യമാണ്. അങ്ങനെയൊരു വലിയ എലമെന്റാണ് ഈ സിനിമയിലുള്ളത്. കൗമാര പ്രായത്തില്‍ നമ്മള്‍ എന്ത് തോന്നിവാസവും കാണിക്കാന്‍ നടക്കുമ്പോള്‍ പിന്നീട് അത് എവിടെയൊക്കെ എങ്ങനെയാണ് കറങ്ങി വരുക എന്ന് പറയാന്‍ പറ്റില്ല എന്ന പല മുഹൂര്‍ത്തങ്ങളാണ് ചിത്രത്തില്‍. ശുഭരാത്രി കണ്ടപ്പോള്‍ എനിക്ക് പല സ്ഥലത്തും കണ്ണ് നിറഞ്ഞു. വ്യാസന്റെ മുന്നില്‍ ഞാന്‍ കരയാതെ ബലം പിടിച്ചിരുന്നതാണ്.

  • ഓരോ കഥാപാത്രമാകുമ്പോഴും അത്ഭുതപ്പെടുത്തുന്ന സിദ്ദിഖ് ഇക്കയെക്കുറിച്ച്…?

ഹ്യൂമര്‍ വളരെ നല്ല രീതിയില്‍ കൈകാര്യം ചെയ്യുന്ന ഒരുപാട് താരങ്ങളുണ്ട് മലയാള സിനിമയില്‍. ഞാന്‍ സിനിമയില്‍ വരുന്ന ആ സമയത്ത് കത്തിനില്‍ക്കുന്നവരായിരുന്നു മുകേഷേട്ടന്‍, ജഗദീഷേട്ടന്‍, സിദ്ദിഖ് ഇക്ക, ജയറാമേട്ടന്‍, ഇന്നസെന്റേട്ടന്‍, അമ്പിളി ചേട്ടന്‍.. അങ്ങനെ തുടങ്ങി എല്ലാവര്‍ക്കും അവരുടെതായ സ്റ്റൈല്‍ ഉണ്ട്. ഞാന്‍ സിനിമയില്‍ വരുന്നതിനു മുന്‍പ് എന്റെ ടെന്‍ഷന്‍ എന്തായിരുന്നുവെച്ചാല്‍ എല്ലാവരും അവരവരുടെ രീതിയ്ക്ക് ഹ്യൂമര്‍ ചെയ്യുകയാണ്. അപ്പോള്‍ നമ്മളൊക്കെ സിനിമയിലേക്കു വരുമ്പോഴേക്കും കോമഡിയ്ക്ക് സ്‌പേസ് ഉണ്ടാവുമോ എന്നാണ്. അത്‌പോലുള്ള കഥാപാത്രം ചെയ്തും ചെയ്ത തമാശകള്‍ ജനങ്ങള്‍ ഇഷ്ടപ്പെടുകയും ചെയ്തപ്പോഴാണ് നമ്മള്‍ക്കും ഒരു സ്‌പേസ് ഉണ്ടായത്. ആ തമാശ ചെയ്ത ആളുകളെല്ലാം വലിയ വലിയ ആക്ടേഴ്‌സായിട്ട് പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങളിലൂടെ മാറുന്നു. മലയാള സിനിമയുടെ ഒരു അസെറ്റാണ് സിദ്ദിഖ് ഇക്ക. ചിന്തിച്ച് കഥാപാത്രങ്ങളില്‍ വ്യത്യാസങ്ങള്‍ വരുത്തി ചെയ്യുന്നൊരു നടനാണ്. ഒരുപാട് സിനിമകളിലൂടെ ഇവര്‍ നമ്മളെ ചിരിപ്പിച്ചു. ഇവരെല്ലാം എല്ലാതരത്തിലുള്ള വേഷങ്ങള്‍ ചെയ്ത് ജനങ്ങളുടെ മുന്നില്‍ തെളിയിച്ച ആള്‍ക്കാരാണ്. ഞാന്‍ ഏറ്റവും കൂടുതല്‍ തമാശ ഇഷ്ടപ്പെടുന്ന ആളാണ്. ഒരു ചിരി വെറുതേ കളയാന്‍ എനിക്കിഷ്ടമല്ല. പല കാര്യങ്ങളില്‍ നിന്നും നമ്മളെ വേറെ വഴിക്ക് നയിച്ച് കൊണ്ടുപോവുന്നത് ചിരിയും തമാശയുമാണ്.

  • പ്രതിസന്ധികളിലും തളരാത്ത ദിലീപേട്ടന്റെ മനോബലത്തിന്റെ രഹസ്യം?

ഞാന്‍ നൂറ് ശതമാനം ഒരു ദൈവ വിശ്വാസിയാണ്. ആ പ്രപഞ്ചശക്തിയില്‍ വിശ്വസിച്ച്‌കൊണ്ടാണ് മുന്നോട്ട് പോകുന്നത്. ഞാന്‍ സത്യത്തില്‍ വിശ്വസിക്കുന്നു. ഒരുപാട് സ്വത്തൊന്നും എന്റെ അച്ഛന്‍ തന്നിട്ടില്ല. പക്ഷെ മറ്റുള്ളവരെ ചതിക്കരുത്, മറ്റൊരാളുടെത് ആഗ്രഹിക്കരുത്, പിന്നില്‍ നിന്ന് കുത്തുക എന്നിങ്ങനെയുള്ള പരിപാടികളൊന്നും ചെയ്യരുതെന്ന് പഠിപ്പിച്ചിട്ടുണ്ട്. ഇതാണ് ഞങ്ങള്‍ മക്കള്‍ക്കൊക്കെ തന്നിട്ടുള്ളത്. ഞങ്ങള്‍ക്ക് ദൈവത്തെ ഭയമാണ്, സ്‌നേഹമാണ്, ആരാധനയാണ്. ആ ശക്തിയിലാണ് വിശ്വസിക്കുന്നത്. ദൈവമുണ്ട് എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഞാന്‍. ആ ശക്തിയിലുള്ള വിശ്വാസവും പിന്നെ എന്റെ ജനങ്ങളും. എണ്‍പത്തേഴ് കാലഘട്ടം മുതലാണ് ഞാന്‍ ജനങ്ങളുടെ മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത്. കോളേജില്‍ പഠിക്കുമ്പോള്‍ മിമിക്രി ആര്‍ട്ടിസ്റ്റായിട്ട്. അവിടുന്ന് തുടങ്ങി ഒരു എട്ട് വര്‍ഷത്തോളം ഞാന്‍ സ്‌റ്റേജില്‍ ഉണ്ടായിരുന്നു. അത് കഴിഞ്ഞ് 95 മുതല്‍ അഭിനയം തുടങ്ങി. അന്ന് മുതല്‍ ഇവിടംവരെ നിലനിര്‍ത്തിയത് എന്റെ പ്രേക്ഷകരാണ്. അവരോടാണ് എന്റെ കമ്മിറ്റ്‌മെന്റ്. ഞാന്‍ ചെയ്ത കഥപാത്രങ്ങളിലൂടെയാണ് അവര്‍ എന്നെ ഇഷ്ടപ്പെട്ടത്. എന്റെ പ്രവൃത്തികളിലൂടെയാണ് അവര്‍ എന്നെ കണ്ടറിഞ്ഞത്. ഞാന്‍ എന്താണെന്ന് മറ്റാരേക്കാള്‍ കൂടുതലായിട്ട് അവര്‍ക്കറിയാം. ഏത് ആപത്തില്‍പ്പെടുമ്പോഴും എനിക്ക് ഇവരൊക്കെ ഉണ്ട് എന്നുള്ളതാണ് എന്റെ വിശ്വാസം.

  • ന്യൂനതകളെ കരുത്താക്കിയുള്ള കഥാപാത്ര തെരഞ്ഞെടുപ്പാണ് സൗണ്ട് തോമ, കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് തുടങ്ങിയ സിനിമകള്‍. നായക കഥാപാത്രം ചെയ്യുന്ന ഒരാള്‍ അത്തരം സിനിമകള്‍ ചെയ്യാന്‍ ധൈര്യപ്പെടാന്‍ പൊതുവേ മടിക്കുന്നതാണ്. അവിടെയാണ് സ്‌പേസ് ഉള്ളതെന്ന് എങ്ങനെയാണ് തിരിച്ചറിയുന്നത്?

ഏതെങ്കിലും കാര്യങ്ങളില്‍ എന്തെങ്കിലും തരത്തില്‍ നമ്മളെല്ലാവരും ഹീറോ ആവണമെന്ന് ആഗ്രഹിക്കുന്നവരാണ്. ഓരോര്‍ത്തര്‍ക്കും ഓരോ കഴിവുണ്ട്. ആ സിനിമകള്‍ നമ്മള്‍ ചെയ്യുമ്പോള്‍ പിന്നിലേക്ക് ഉള്‍വലിയാനാണ് പലരും ശ്രമിക്കുന്നത്. എന്തിന് ഉള്‍വലിയണം ?… അപ്പോള്‍ അതിന്റെ പോസറ്റീവ് കാര്യങ്ങള്‍ കാണിച്ചിട്ട് അതില്‍ ഹീറോയിസം കാണിക്കുക. എന്തുകൊണ്ടാണ് ഹീറോയിസം ഉണ്ടാവുന്നത്.. ? എനിക്ക് ചെയ്യണമെന്ന് പറയുന്ന കാര്യങ്ങള്‍ ഞാന്‍ ഇഷ്ടപ്പെടുന്ന ഒരാളെക്കൊണ്ട് ചെയ്യിപ്പിച്ച് ഞാനതില്‍ ആത്മസംതൃപ്തിയടയുന്ന ഒരു വിഷയമുണ്ട് ഇതില്‍. അത്‌കൊണ്ടാണ് നമ്മള്‍ ആഗ്രഹിക്കുന്ന സാധനങ്ങള്‍ ആ ആള്‍ ചെയ്യുമ്പോള്‍ നമ്മള്‍ ആവേശംകൊണ്ട് കൈയ്യടിക്കുന്നത്. അത്‌കൊണ്ടാണ് അങ്ങനെ ചെയ്യുന്ന ആളുകളോട് നമുക്ക് കൂടുതല്‍ ഇഷ്ടമുണ്ടാവുന്നത്.

  • വ്യത്യസ്ഥ ഗെറ്റപ്പ് പരീക്ഷിക്കുക എന്നത് സ്വയമെടുക്കുന്ന തീരുമാനമാണോ?

വ്യത്യസ്ഥമായി എന്തുചെയ്യാന്‍ പറ്റും എന്ന് ചിന്തിച്ച്‌കൊണ്ടിരിക്കുമ്പോഴാണ് പല പല കഥാപാത്രങ്ങള്‍ നമ്മളിലൂടെ വന്ന് അത് ചെയ്യുന്നത്. അതിന് മേക്കപ്പ്മാന്‍ വലിയൊരു ഘടകമാണ്. നല്ല ബോധ്യമുള്ള ആളുകള്‍ അതിനെ ഭംഗിയായി ചെയ്യുമ്പോള്‍ നമുക്ക് തന്നെ തോന്നും മാറിയിട്ടുണ്ടല്ലൊ എന്ന്. ചിലതൊക്കെ നമുക്ക് വീണ് കിട്ടുന്നതാണ്. ഞാന്‍ നേരത്തെ പറഞ്ഞ ആ അദൃശ്യശക്തി നമുക്ക് ആ സമയത്ത് ആ ക്യാരക്ടര്‍ ഉണ്ടാവാന്‍ ഒരു സ്‌കെച്ച് തരുകയാണ്. മേക്കപ്പ്മാന്‍ അത് കറക്ട് ചെയ്യുന്നു. റോഷന്‍ ഒരുപാട് വ്യത്യസ്ഥ വേഷങ്ങള്‍ എനിയ്ക്കായി ചെയ്തിട്ടുണ്ട്. മായാമോഹിനി, ചാന്ത്‌പൊട്ട്, കമ്മാരസംഭവം, സൗണ്ട്‌തോമയൊക്കെ റോഷന്‍ ചെയ്ത ചിത്രങ്ങളാണ്. കുഞ്ഞിക്കൂനന്‍, ചാന്ത്‌പൊട്ട് റഷീദ് ഇക്കയാണ് ചെയ്തത്.

  • ഇനി വരാനിരിക്കുന്ന ചിത്രം പ്രൊഫസര്‍ ഡിങ്കനെക്കുറിച്ച്..

ഒരു മജീഷ്യന്റെ കഥ പറയുന്ന ചിത്രമാണിത്. ഡിങ്കനില്‍ ഞാന്‍ രണ്ട് വേഷങ്ങളിലാണ് മുഴുനീളെയെത്തുന്നത്. കുറച്ച് ഷൂട്ട് കൂടി ഇനിയുമുണ്ട്. ബാംങ്കോക്കിലെ ഷൂട്ട് തീര്‍ന്നു. ഇനി കേരളത്തിലും കൂടി കുറച്ച് ഷൂട്ട് ഉണ്ട്. ത്രീഡിയായതിനാലാണ് കുറച്ച് സമയമെടുക്കുന്നത്. കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും ഒരുപോലെ രസിക്കാന്‍ പറ്റുന്ന ഒരു സിനിമയാണ് പ്രൊഫസര്‍ ഡിങ്കന്‍.

  • എന്താണ് ജാക് ഡാനിയേല്‍?

ജാക് എന്നാണ് ഞാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ഡാനിയേല്‍ അര്‍ജുന്‍ സാര്‍ ചെയ്യുന്ന കഥാപാത്രവും. ബുദ്ധിയുടെ കളിയാണ് ഈ ചിത്രം. എല്ലാ ചേരുവകളും ചേര്‍ന്നിട്ടുള്ളൊരു ചിത്രമായിരിക്കും ജാക് ഡാനിയേല്‍. ഒരു മാസ് എന്റര്‍ടെയിനര്‍.

  • അര്‍ജുന്‍ സാറിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്..?

ഞാന്‍ രാജ്യം എന്ന തമിഴ് സിനിമ ചെയ്യുമ്പോള്‍ അര്‍ജുന്‍ സാര്‍ അന്ന് വിശാഖപട്ടണത്ത് മറ്റൊരു സിനിമയ്ക്ക് വേണ്ടി ഉണ്ടായിരുന്നു. അന്ന് സാര്‍ എന്റെയടുത്ത് വന്നു സംസാരിച്ചു. ഞാന്‍ പെട്ടന്ന് ഷോക്കായിപോയി. തെങ്കാശിപട്ടണം കുറേ തവണ കണ്ടിട്ടുണ്ടെന്നും ഒരുപാട് ഇഷ്ടപ്പെട്ടെന്നും സാര്‍ എന്നോട് പറഞ്ഞു. അന്ന് ആ സിനിമ തെലുങ്കില്‍ ചെയ്തത് ഹനുമാന്‍ ജംഗ്ഷന്‍ എന്ന പേരിലായിരുന്നു. വളരെ ഹിറ്റായിരുന്നു ആ ചിത്രം. അന്ന് സാര്‍ പറയുമായിരുന്നു അദ്ദേഹത്തിന് എന്റെ കഥാപാത്രം ചെയ്യാനായിരുന്നു ഇഷ്ടം എന്ന്. അന്ന് വളരെയധികം സൗഹൃദത്തിലായെങ്കിലും പിന്നീട് കുറേകാലം അദ്ദേഹത്തിനെ കണ്ടിരുന്നില്ല. ജാക്ഡാനിയേലില്‍ നമ്മളാണെന്ന് പറഞ്ഞപ്പോള്‍ അര്‍ജുന്‍ സാര്‍ വര്‍ക്ക് ചെയ്യാമെന്നു പറഞ്ഞു. കഥ കേട്ടു, സാറിന് ഇഷ്ടമായി. ചെറുപ്പകാലത്ത് ഇവരുടെയൊക്കെ സിനിമകള്‍ കണ്ടിരുന്ന് നമ്മള്‍ അത്ഭുതപ്പെട്ടിരുന്നു. ഇപ്പോള്‍ ആ ആളുകളുടെ കൂടെ അഭിനയിക്കാന്‍ പറ്റുക എന്നുള്ളത് വലിയ കാര്യമല്ലേ.

  • പ്രൊഡക്ഷനെക്കുറിച്ച്..

കുറേ കാലം പ്രൊഡക്ഷന്‍ ഉണ്ടായിരുന്നു. പിന്നെ ഇടക്കാലത്ത് പ്രൊഡ്യൂസ് ചെയ്തില്ല. എന്റെ അനിയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ ഇപ്പോള്‍ വീണ്ടും തുടങ്ങുകയാണ്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ്. ഗ്രാന്‍ഡ് പ്രൊഡക്ഷനും നാദ് ഗ്രൂപ്പുമെല്ലാം സജീവമായി പ്രൊഡക്ഷനിലേയ്ക്ക് ഇറങ്ങുകയാണ്.

  • നവാഗതരെ അഭിനയിപ്പിച്ചുകൊണ്ടുള്ള മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് പോലൊരു സിനിമ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു?

എനിക്ക് വിനീതില്‍ വിശ്വാസമുണ്ടായിരുന്നു. കാരണം വിനീതിന്റെ ആദ്യത്തെ സിനിമയാണ്. അന്ന് പാട്ടുകാരന്‍, നടന്‍ എന്ന രീതിയില്‍ നിറഞ്ഞു നിന്ന വിനീത് ആദ്യമായൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുന്നു. ശ്രീനിയേട്ടന്റെ മക്കളെന്തായാലും മോശമാവില്ല. വിനീതിനെ ചെറുപ്പകാലം മുതല്‍ കാണുന്നതാണ്. അവനാണ് എനിക്ക് ചാന്ത്‌പൊട്ടില്‍ പാട്ടൊക്കെ പാടിയത്. വിനീതില്‍ എല്ലാം ചേര്‍ന്നുള്ള ഒരാള്‍ എന്ന അവസ്ഥയുണ്ടായി. എനിക്കുറപ്പുണ്ടായിരുന്നു ആ സിനിമ വര്‍ക്കൗട്ടാവുമെന്ന്. കഥ കേട്ട് കഴിഞ്ഞപ്പോള്‍ എനിക്കത് നൂറ് ശതമാനം ബോധ്യമായി. പുതിയ ആള്‍ക്കാരെവെച്ച് ചെയ്യാന്‍ ഞാനും ഓക്കെ പറഞ്ഞു. അവര്‍ തന്നെയാണ് വര്‍ക്ക്‌ഷോപ്പ് വെച്ച് ഓഡീഷനൊക്കെ വെച്ച് പിള്ളേരെയൊക്കെ സംഘടിപ്പിച്ചത്. വിനീതിന്റെ ആ കണ്ടെത്തലുകളെല്ലാം വിജയിച്ചു. ആ സിനിമയിലൂടെ മലയാള സിനിമയ്ക്ക് പുതിയ അഭിനേതാക്കളെ കൊടുക്കാന്‍ സാധിച്ചു. വീണ്ടും അങ്ങനെയുള്ള ശ്രമങ്ങളിലേക്ക് പൊയിക്കൊണ്ടിരിക്കുകയാണ്.

  • അമ്മ പോലുള്ള സംഘടനയ്ക്ക് സാമ്പത്തികമായിട്ട് അടിത്തറപാകിയ ഒരു സിനിമയായിരുന്നു ട്വന്റി ട്വന്റി. അത്തരത്തിലുള്ള ഒരു സിനിമ ഇനിയും പ്രേക്ഷകര്‍ക്ക് പ്രതീക്ഷിക്കാമോ…?

നാളയെക്കുറിച്ച് എനിക്കൊന്നും അറിയില്ല. അങ്ങനെയൊരു സിനിമ ഉണ്ടാവണമെങ്കില്‍ അങ്ങനെയൊരു കഥ ഉണ്ടാവണം. അതാണ് ഏറ്റവും വലിയ പോരാട്ടം. അതാണ് ഞാന്‍ നാളയെക്കുറിച്ച് അറിയില്ലെന്നു പറഞ്ഞത്. അങ്ങനെയൊരു കഥ കിട്ടിയിട്ട് ഈ പറയുന്ന ആളുകളെല്ലാം അതില്‍ വന്നു വീഴണം. അന്ന് ശരിക്കും ഏഴോളം ഹീറോസ് മാത്രമേ ഉള്ളു. പക്ഷെ ഇപ്പോള്‍ അങ്ങനെയല്ല. അപ്പോള്‍ എല്ലാവര്‍ക്കും പറ്റുന്നതായിട്ടുള്ള കഥ ഒത്തുകിട്ടണം.

  • നാദിര്‍ഷ-ദിലീപ് കൂട്ടുകെട്ടില്‍ എപ്പോഴാണ് സിനിമ..?

നാദിര്‍ഷയും ഞാനും തമ്മില്‍ ഒന്നിക്കുന്ന സിനിമ താമസിയാതെ വരും. അമര്‍ അക്ബര്‍ ആന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷന്‍ പോലെ വലിയ ബഹളമുള്ള സിനിമയല്ല. റിയലിസ്റ്റിക്ക് മൂഡില്‍ ഉള്ള ചിത്രമാണ്. ഡ്രൈവിംഗ് സ്‌ക്കൂള്‍ നടത്തുന്ന കേശു എന്ന അറുപത് അറുപത്തഞ്ച് വയസ്സുള്ള ഒരാളുടെ കഥയാണ്. പക്ഷെ ത്രൂഔട്ട് ഹ്യൂമറാണ്. വേറൊരു പാറ്റേണിലുള്ള സിനിമയാണിത്. അതിനാല്‍ തന്നെ പ്രേക്ഷകര്‍ ആ ഒരു മനസ്സോടെയേ ആ സിനിമയെ കാണാന്‍ വരാന്‍ പാടുള്ളൂ. ജോണറില്‍ കുറച്ച് വ്യത്യാസമുണ്ടായിരിക്കും.

  • നാദിര്‍ഷയുമായുള്ള ബന്ധം

ഞാനും നാദിര്‍ഷയും എത്രയോ വര്‍ഷങ്ങളായിട്ട് ഒരുമിച്ച് വര്‍ക്ക് ചെയ്യുന്നവരാണ്. മിമിക്രി കാസറ്റ് ചെയ്തിരുന്ന കാലം മുതല്‍ ഒരുമിച്ച് പോയിക്കൊണ്ടിരിക്കുന്നവരാണ്. ഞാന്‍ എന്താണെന്ന് അവനും അറിയാം, അവന്‍ എന്താണെന്ന് എനിക്കും അറിയാം. നീ, ഞാന്‍ എന്നൊരു കാര്യം ഞങ്ങള്‍ക്കിടയില്‍ ഉണ്ടാവാറില്ല.

  • നിങ്ങള്‍ ഒരുമിച്ചുള്ള സിനിമയുടെ കഥ എങ്ങനെയാണ് വന്നത്..?

സജീവ് പാഴൂരിന്റെ കഥയാണ്. ഒരു റിയലിസ്റ്റിക് ടോണ്‍ ഉണ്ട് ആ സിനിമയ്ക്ക്. ഇമോഷനും നല്ല ഹ്യൂമറും അത്‌പോലുള്ള താരങ്ങളും ആ സിനിമയില്‍ ആവശ്യമാണ്. എന്നെ ചുറ്റിപറ്റി ഒരുപാട് ആള്‍ക്കാരെ ആവശ്യമുണ്ട്. അവരുടെ ഡേറ്റൊക്കെ കറക്ട് കിട്ടണം. എന്നാലെ അത് തുടങ്ങാന്‍ പറ്റു. താമസിയാതെ തന്നെ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

  • ഇനി വരാനിരിക്കുന്ന പ്രൊജക്ടുകള്‍ ?

നാദിര്‍ഷ ചിത്രം. പിന്നെ ഇപ്പോള്‍ ചെയ്ത കൊണ്ടിരിക്കുന്ന ഡിങ്കന്‍, ജാക് ഡാനിയേല്‍. എല്ലാം വലിയ ചിത്രങ്ങളായതിന്റെ വിഷയമാണ്. ഓരോന്നോരോന്ന് തീര്‍ക്കുക.

  • ദിലീപേട്ടന്റെ ഫാന്‍സ് എന്ത് പ്രവര്‍ത്തനങ്ങള്‍ക്കും വെല്‍ ഡിസിപ്ലിനായിട്ടാണ് കാണാറുള്ളത്. എങ്ങിനെയാണ് അവരെ ഒത്തൊരുമിപ്പിച്ച് കൊണ്ടുപോകാനാകുന്നത്?

അവര്‍ ആദ്യമേ തന്നെ ഒരു ഫാന്‍സ് അസോസിയേഷന്‍ എന്നു പറഞ്ഞു വന്നപ്പോള്‍ ഞാന്‍ ആദ്യം സംസാരിച്ചത് മറ്റുള്ളവരുടെ സിനിമയെ കുഴപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനമാണെങ്കില്‍ താല്‍പ്പര്യമില്ല എന്നാണ്. കാരണം മമ്മൂക്കയുടെയും ലാലേട്ടന്റെയും സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായിട്ട് വര്‍ക്ക് ചെയ്ത ആളാണ് ഞാന്‍.. ലാലേട്ടന്റെ മുന്‍പില്‍ ക്ലാപ് അടിച്ച് തുടങ്ങിയ സിനിമാ ജീവിതമാണ് എന്റേത്. സുരേഷേട്ടന്റെ കൂടെ മാത്രമേ ഞാന്‍ വര്‍ക്ക് ചെയ്യാതുള്ളു. എന്റെ സീനിയേഴ്‌സിന്റെ കൂടെയും മറ്റ് കോ-ആര്‍ട്ടിസ്റ്റുകളുടെ കൂടെയും. എന്നുവെച്ചാല്‍ ഞാന്‍ വരുന്നത് വരെയുള്ളത്. അവരെല്ലാം നമ്മുടെ സ്വന്തമാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ അഹങ്കാരമാണ്. നമ്മള്‍ ചെറുപ്പകാലത്ത് കാണുന്ന ആളുകളുമായിട്ട് അടുത്ത് ഇടപഴകുക, അവരുടെ അടുത്ത് ഇരിക്കുക, അത് സൗഹൃദമാവുക, സ്‌നേഹമാവുക, സഹോദരബന്ധം പോലെയാവുക. അങ്ങനെയുള്ള ഒരുപാട് ഘടകങ്ങള്‍ ഇതിനകത്ത് ഉണ്ട്. പക്ഷെ കുറേയാളുകള്‍ നമ്മളെപറ്റി അതും ഇതും പറയുന്നതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. അത് നമ്മുടെ ജാതകത്തില്‍ പറഞ്ഞിട്ടുള്ളതാണ്. ഞാന്‍ കാണാത്തതും കേള്‍ക്കാത്തതുമായ ആള്‍ക്കാരാണ് നമ്മളെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത്. ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ വിടുക. ഇവര്‍ക്കൊക്കെ നമ്മളെ അറിയാമെന്നുള്ളത്‌കൊണ്ട് വളരെ സ്‌നേഹത്തോട് കൂടി പോകുന്നു. ഏറ്റവും കൂടുതല്‍ ഫാന്‍സ് സംസാരിച്ചത് ചാരിറ്റിയെക്കുറിച്ച് തന്നെയാണ്. വരുന്ന ചെറുപ്പക്കാര്‍ മുഴുവന്‍ സമൂഹത്തോട് കമ്മിറ്റഡായിട്ടുള്ള വളരെ സ്‌നേഹമുള്ളവരാണ്. ചില സമയത്ത് എന്റെ പേരില്‍ അവര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഞാന്‍ അറിയാറുപോലുമില്ല. പാവപ്പെട്ട അമ്മമാര്‍ക്ക് സഹായം ചെയ്യുക, കുട്ടികള്‍ക്ക് പഠിക്കാന്‍ വേണ്ടി പുസ്തകങ്ങള്‍ നല്‍കുക, തിയേറ്ററില്‍ ആളുകള്‍ വരുന്ന സമയത്ത് അവര്‍ തന്നെ ടിക്കറ്റെടുത്ത് സഹായിക്കാനും, ആര്‍ക്കെങ്കിലും വയ്യെങ്കില്‍ അവരെ കൊണ്ടുപോയി ഇരുത്തുക തുടങ്ങീ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. മലയാള സിനിമയെ സ്‌നേഹിക്കുന്ന കൂട്ടായ്മ. ദിലീപ് ഫാന്‍സ് എന്നൊരു സംഘടനയെ സപ്പോര്‍ട്ട് ചെയ്യുന്നവരുമുണ്ട്. അതാണ് സൈലന്റ് ഫാന്‍സ്. കുട്ടികളും കുടംബങ്ങളുമടങ്ങുന്ന ഒരുപാടുപേര്‍. ഇവര്‍ ഒന്നിച്ചുനില്‍ക്കുമ്പോഴാണ് വളരെ സന്തോഷകരമായ അവസ്ഥകള്‍ തിയേറ്ററില്‍ ഉണ്ടാവുന്നത്. ഇതൊക്കെയാണ് നമ്മുടെ മുന്നോട്ടുള്ള യാത്ര.

  • ദിലീപേട്ടന്റെ അടുത്ത് നിന്ന് സംവിധാന സംരഭം പ്രതീക്ഷിക്കാമോ…?

ഇപ്പോള്‍ അഭിനയിക്കുന്നവര്‍ സംവിധാനം ചെയ്യുന്നു. സംവിധാനം ചെയ്യുന്നവര്‍ അഭിനയിക്കുന്നു. നമ്മുടെ കൂട്ടത്തിലുള്ള കൂടുതല്‍പ്പേര്‍ സംവിധാനം ചെയ്യാന്‍ പോകുമ്പോള്‍ അവര്‍ക്ക് അഭിനയിക്കാന്‍ ഒരാള്‍ വേണ്ടേ..(ചിരിക്കുന്നു). സംവിധാനം നമുക്ക് എപ്പോള്‍ വേണമെങ്കിലും ചെയ്യാലോ?..