മുൻപ് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും അവാർഡ് ലഭിക്കാതിരുന്നപ്പോൾ എന്ത് കൊണ്ട് വിമർശിച്ചില്ല?; വിമർശനങ്ങളിൽ പ്രതികരിച്ച് ധനുഷ്

','

' ); } ?>

‘രായൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചതിനെച്ചൊല്ലിയുള്ള വിമർശനങ്ങളിൽ പ്രതികരിച്ച് നടൻ ധനുഷ്. ‘രായൻ’ എന്ന ചിത്രത്തിന് പിന്നിൽ സത്യസന്ധമായ അധ്വാനമുണ്ടായിരുന്നുവെന്നും, വിമർശിക്കുന്നവർ എന്തുകൊണ്ട് മുൻപ് മികച്ച പ്രകടനങ്ങൾ നടത്തിയിട്ടും അവാർഡ് ലഭിക്കാതിരുന്നപ്പോൾ പ്രതികരിച്ചില്ലെന്നും ധനുഷ് ചോദിച്ചു. കൂടാതെ രായനേക്കാൾ യോഗ്യതയുള്ള മറ്റു ചിത്രങ്ങൾ ഉണ്ടായിരുന്നുവെന്ന ചില ആരാധകരുടെയും പ്രേക്ഷകരുടെയും അഭിപ്രായങ്ങളെയും നിരാശകളെയും താൻ പൂർണ്ണമായും ബഹുമാനിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരാധക സംഗമത്തിൽ സംസാരിക്കുകയായിരുന്നു താരം.

ധനുഷിന്റെ വാക്കുകൾ;

“ഇപ്പോൾ അടുത്തിടെ ‘രായൻ’ സിനിമയ്ക്ക് ദേശീയ അവാർഡ് ലഭിക്കുകയുണ്ടായി. ആ വർഷം ഈ സിനിമയേക്കാൾ യോഗ്യതയുള്ള പല ചിത്രങ്ങളും തീർച്ചയായും ഉണ്ടായിരുന്നു. ആ സിനിമകളുടെ ആരാധകർ അതിലുള്ള തങ്ങളുടെ നിരാശയും എതിർപ്പും പ്രകടിപ്പിച്ചു. അതിനെ ഞാൻ പൂർണമായും മാനിക്കുന്നു, തീർച്ചയായും ബഹുമാനിക്കുന്നു. ‘അത് ഒരു കനാകാലം’ റിലീസായ സമയം… അന്ന് ഞാൻ വളരെ ചെറിയൊരു പയ്യനാണ്. തീർച്ചയായും ഈ സിനിമയ്ക്ക് എനിക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞു. ചെറിയ പയ്യനായതുകൊണ്ട് ഞാനും വലിയ ആഗ്രഹത്തോടെ കാത്തിരുന്നു, പക്ഷേ എനിക്ക് ലഭിച്ചില്ല. അതിനുശേഷം ‘പുതുപ്പേട്ടൈ’, ഇതിന് ഉറപ്പായും ദേശീയ അവാർഡ് കിട്ടുമെന്ന് എല്ലാവരും പറഞ്ഞു, നിങ്ങളും പറഞ്ഞു. പക്ഷെ അപ്പോഴും കിട്ടിയില്ല.

അതിനുശേഷം ‘മൂന്ന്’ (3), ‘മയക്കം എന്നെ’, ‘മരിയാൻ’, ‘രാഞ്ജന’, ‘വടചെന്നൈ’, ‘കർണൻ’, ഇത്രയും സിനിമകൾക്ക് ദേശീയ അവാർഡ് ലഭിക്കുമെന്ന് ഒരുപാട് പേർ സംസാരിച്ചു, ചർച്ച ചെയ്തു‌. പക്ഷേ കിട്ടിയില്ല, അതിനുള്ള സമയം ആയിരുന്നില്ല. ചില കാര്യങ്ങൾ നമ്മൾ എത്രതന്നെ പരിശ്രമിച്ചാലും സ്വന്തമാക്കാൻ കഴിയില്ല. അത് താനേ സംഭവിക്കണം, നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല. ഇത്തവണ എന്തുകൊണ്ട് അത് സംഭവിച്ചു, എന്തുകൊണ്ട് ലഭിച്ചു? ആ സിനിമ എങ്ങനെയുമാകട്ടെ, പക്ഷേ ആ സിനിമയ്ക്ക് വേണ്ടിയുള്ള ഞങ്ങളുടെ അധ്വാനം സത്യസന്ധമായ അധ്വാനമായിരുന്നു. ഒരു തമിഴൻ എന്ന നിലയിൽ എനിക്ക് ഇനിയും രണ്ട് ദേശീയ അവാർഡുകൾ കൂടി ലഭിച്ചിട്ടുണ്ട്. അതിനെ തട്ടിത്തെറിപ്പിക്കരുത്, തട്ടി പ്രോത്സാഹിപ്പിക്കൂ.

“എന്തിനാണ് ഈ സിനിമയ്ക്കൊക്കെ ദേശീയ അവാർഡ് കിട്ടിയത്’ എന്ന് സംസാരിക്കുന്ന ഇത്രയും പേരിൽ ഒരു 10 ശതമാനം എങ്കിലും, ‘ഇത്രയും നല്ല സിനിമകൾ ചെയ്തിട്ടും ഇവന് എന്തുകൊണ്ട് ദേശീയ അവാർഡ് കിട്ടിയില്ല’ എന്ന് സംസാരിച്ചിരുന്നെങ്കിൽ… ഇത്തരം സമയങ്ങളിൽ നമുക്ക് ചെറിയൊരു വിഷമമുണ്ടാകും. ഇങ്ങനെയുള്ള വെല്ലുവിളികളെ നമ്മൾ എങ്ങനെ നേരിടും? എന്തുകൊണ്ടാണ് നമുക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഓർക്കുമ്പോൾ മനസ്സ് അല്പം തളർന്നുപോകും. ആ സമയത്തൊക്കെ നമ്മൾ ചുറ്റുമുള്ളവരിൽ നിന്ന് തന്നെ പ്രചോദനം കണ്ടെത്തണം.

ഇപ്പോൾ നമുക്കൊക്കെ നമ്മുടെ വീട്ടിൽ തന്നെ ഇൻസ്‌പിറേഷൻ ഉണ്ട്. എന്റെ മകൻ ലിംഗ ചെറിയ കുട്ടിയായിരുന്നപ്പോൾ ഞാൻ അവൻ്റെ കൂടെ ഇരുന്ന് വിഡിയോ ഗെയിം കളിക്കുമായിരുന്നു. രണ്ട് ഗെയിം ഞാൻ ജയിക്കും, ഒരു ഗെയിം അവനെ ജയിക്കാൻ വിട്ടുകൊടുക്കും. അങ്ങനെ കുറച്ചുനാൾ പോയി. ഒരു ദിവസം ഞാൻ വിചാരിച്ചു, ‘ഇന്ന് കളിയിലുടനീളം ഞാൻ തന്നെ ജയിക്കും, അവൻ എന്താണ് ചെയ്യുന്നതെന്ന് നോക്കാം.’ അന്ന് ദിവസം മുഴുവൻ ഞാൻ ജയിച്ചുകൊണ്ടേയിരുന്നു, അവൻ തോറ്റുകൊണ്ടുമിരുന്നു. ഒരു ഘട്ടത്തിൽ എനിക്ക് ക്ഷീണമായി. ഞാൻ പതുക്കെ എഴുന്നേറ്റ് “മതിപ്പാ, ബാക്കി നാളെ കളിക്കാം’ എന്ന് പറഞ്ഞു. ഉടനെ അവൻ ‘എവിടെ എഴുന്നേൽക്കുന്നു? അവിടെ ഇരിക്ക്’ എന്ന് പറഞ്ഞു. ‘എന്താ?’ എന്ന് ഞാൻ ചോദിച്ചപ്പോൾ, “ഞാൻ ഇതുവരെ ജയിച്ചില്ലല്ലോ!” എന്നായിരുന്നു അവന്റെ മറുപടി.

അത് കണ്ടപ്പോൾ എനിക്ക് മനസ്സിലായി-എത്ര പ്രശ്‌നങ്ങൾ വന്നാലും എന്തൊക്കെ തടസ്സങ്ങൾ നമ്മളെ ബാധിച്ചാലും ജയിക്കുന്നത് വരെ പോരാടി നോക്കണം എന്ന് ഞാൻ അവനിൽ നിന്നാണ് പഠിച്ചത്!

നമ്മുടെ തല അജിത്ത് സർ പറഞ്ഞതുപോലെയാണ്: ‘നീ തോറ്റു എന്ന് നീ തന്നെ സമ്മതിക്കാത്തിടത്തോളം കാലം നിന്നെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല!’ ഇവിടെ ഇത്രയും പേർ ഒത്തുചേർന്നിരിക്കുകയാണ്. ഇത്രയധികം ആളുകൾക്ക് ഒരിടത്ത് ഒത്തുകൂടാൻ കഴിയുന്നുണ്ടല്ലോ, ആ ഐക്യത്തിന് ഒരു ശക്തിയുണ്ട്. ആ ശക്തിയെ നിങ്ങൾ പോസിറ്റീവായ വഴിയിൽ ഉപയോഗിക്കണം. ആ പവറിന് നിങ്ങൾ ഒരു നല്ല ലക്ഷ്യം നൽകണം. വെറുതെ കണ്ടുമുട്ടി, ഫോട്ടോ എടുത്തു, ഓഡിയോ ലോഞ്ച് കണ്ടു, ജന്മദിനത്തിന് കണ്ടു എന്ന് പറഞ്ഞു നിർത്തിപ്പോകാതെ, നിങ്ങളെല്ലാവരും ചേർന്ന് ഇനിയും ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യണം. നിങ്ങളുടെ നാടുകളിൽ, നിങ്ങളുടെ അയൽപക്കത്ത് ആർക്കൊക്കെ എന്തൊക്കെ സഹായങ്ങളാണ് വേണ്ടതെന്ന് മനസ്സിലാക്കി നിങ്ങളെല്ലാവരും കൈകോർത്താൽ നിങ്ങൾക്ക് സാധിക്കും. നിങ്ങൾക്ക് കഴിയുന്ന നന്മകൾ അവരിലേക്ക് എത്തിക്കണം. നിങ്ങളെ ഓർത്ത് എനിക്ക് ഇനിയും ഒരുപാട് അഭിമാനം തോന്നണം. നിങ്ങൾ അത് ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നു.

ഇത്രയും പേർ, ഇത്രയും കുടുംബങ്ങൾ ഇവിടെ വന്നിട്ടുണ്ട്. എല്ലാവരും ഉത്തരവാദിത്തത്തോടെ, സുരക്ഷിതരായി വീട്ടിൽ തിരികെയെത്തണം. ബൈക്കിൽ ഫോളോ ചെയ്യരുത്, ഓവർടേക്ക് ചെയ്യരുത്, പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കരുത്. “എന്തൊരു നല്ല പിള്ളേരാടാ ഇത്!” എന്ന് ജനങ്ങളെക്കൊണ്ട് പറയിപ്പിക്കുന്ന രീതിയിൽ എനിക്ക് നല്ല പേര് നേടിത്തന്ന് വേണം നിങ്ങൾ മടങ്ങാൻ. ഭംഗിയായി, സമാധാനത്തോടെ സ്വന്തം വീടുകളിലേക്ക്, കുടുംബത്തിലേക്ക് മടങ്ങുക. ഞങ്ങൾക്ക് സംരക്ഷണം നൽകിയ പൊലീസ് സുഹൃത്തുക്കൾക്കും ബൗൺസർമാർക്കും എന്റെ നന്ദി. ഈ ചടങ്ങ് ഇത്രയും മനോഹരമായി നടക്കാൻ രാപ്പകലില്ലാതെ അധ്വാനിച്ച എല്ലാവർക്കും നന്ദി. കോളജിൽ സ്‌ഥലം അനുവദിച്ചു തന്ന ഐശ്വര്യ ഗണേഷ് സാറിനും നന്ദി. നിങ്ങളുടെ പിന്തുണയില്ലാതെ ഇത് നടക്കില്ലായിരുന്നു. അദ്ദേഹം ഇതിനായി പണം ഒന്നും വാങ്ങാതെയാണ് ഇതെല്ലാം ചെയ്‌ തന്നത്. ഇവിടെ സേവനം ചെയ്‌ത ഡോക്‌ടർമാർക്കും നഴ്‌സുമാർക്കും എന്റെ നന്ദി. പ്രത്യേകിച്ച് എൻ്റെ കൺമണി രാജ, സുബ്രഹ്‌മണ്യം, ശിവ എന്നിവർക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി.

പിന്നെ നിങ്ങൾക്ക് നന്ദി പറയേണ്ടതുണ്ടോ? ഇനിയും ഇനിയും എന്നെ ഓടിച്ചുകൊണ്ടിരിക്കുന്ന നിങ്ങൾക്ക്… എൻ്റെ നെഞ്ചകം തൊട്ട നന്ദി!.” ധനുഷ് പറഞ്ഞു.