
ധനുഷ് ചിത്രം ‘രാഞ്ഝണാ’യുടെ ക്ലൈമാക്സ് എഐ ഉപയോഗിച്ച് മാറ്റം വരുത്തിയതിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നതായി അറിയിച്ച് ആനന്ദ് എൽ റായ്. എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സംവിധായകന്റെ സ്ഥിരീകരണം.
എൻ്റെ മറ്റ് സിനിമകളെക്കുറിച്ചോർത്ത് ഞാൻ വളരെ ആശങ്കാകുലനാണ്. ധനുഷും അങ്ങനെതന്നെ. ഇത്തരം ബാഹ്യമായ ഇടപെടലുകളിൽ നിന്ന് ഞങ്ങളുടെ സൃഷ്ടികളെ സംരക്ഷിക്കാനും പുനഃസ്ഥാപിക്കാനും ഞങ്ങൾ നിയമപരമായ പരിഹാരങ്ങൾ തേടുകയാണ്.’രാഞ്ഝണാ’യുടെ അനധികൃതമായ മാറ്റം വരുത്തലാണ് ഞങ്ങളുടെ അടിയന്തര ശ്രദ്ധ ആവശ്യമുള്ള വിഷയം. ആനന്ദ് എൽ റായ് കുറിച്ചു.
ചിത്രത്തിൻ്റെ തമിഴ് പതിപ്പായ ‘അംബികാപതി’, യഥാർത്ഥ ക്ലൈമാക്സിൽ നിന്ന് വലിയ വ്യത്യാസങ്ങളോടെ, എഐ ഉപയോഗിച്ച് നിർമ്മിച്ച ഒരു ശുഭപര്യവസായിയായ ക്ലൈമാക്സുമായി ഓഗസ്റ്റ് ഒന്നിന് നിർമ്മാതാക്കളായ ഇറോസ് ഇൻ്റർനാഷണൽ റീ റിലീസ് ചെയ്തിരുന്നു. നേരത്തെ, ചിത്രത്തിൻ്റെ എഐ നിർമ്മിത ക്ലൈമാക്സിനെതിരെ റായ് ഇൻസ്റ്റഗ്രാമിൽ ഒരു നീണ്ട കുറിപ്പിലൂടെ രംഗത്തെത്തിയിരുന്നു.