“അടൂർ ജാതി വെച്ച് സംസാരിക്കുന്ന ആളല്ല, ആ കലാകാരിയെയും എനിക്ക് ഇഷ്ടമാണ്”; പ്രശ്നങ്ങൾ പറഞ്ഞ് തീർക്കണമെന്ന് കൈതപ്രം ദാമോദരൻ നമ്പൂതിരി

','

' ); } ?>

അടൂർ ഗോപാലകൃഷ്ണനും പുഷ്പവതിയും സംസാരിച്ച് നിലവിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. അടൂര്‍ ഗോപാലകൃഷ്ണന്‍ ജാതിവെച്ച് സംസാരിക്കുന്ന ആളല്ലെന്നും, പുഷ്പവതി എന്ന ഗായികയെയും താന്‍ തള്ളിപ്പറയുന്നില്ലായെന്നും കൈതപ്രം അഭിപ്രായപ്പെട്ടു.

“ചർച്ചകൾ നല്ലതാണ്. പരസ്പരം അധിക്ഷേപിക്കുന്ന വിവാദം ആവശ്യമില്ല. അടൂര്‍ ജാതിയൊന്നും വച്ച് സംസാരിക്കുന്ന ആളല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആ മോളെ എനിക്ക് തള്ളിപ്പറയാനും പറ്റില്ല. അവര്‍ രണ്ടുപേരും തന്നെ ഈ പ്രശ്നം പറഞ്ഞ് തീര്‍ക്കണം എന്നാണ് എന്റെ അഭിപ്രായം”. കൈതപ്രം ദാമോദരൻ നമ്പൂതിരി പറഞ്ഞു.

കോണ്‍ക്ലേവ് എന്ന് പറഞ്ഞാൽ നല്ല മനസ് നല്ല സിനിമ, നല്ല കാലം എന്നൊക്കെ പറഞ്ഞിട്ടുള്ള ഒരു കോണ്‍സെപ്റ്റ് ആണ്. അടൂരിനെ ഗുരുവിനെ പോലെ ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ. ആ കലാകാരിയെയും എനിക്ക് ഇഷ്ടമാണ്. ഞാന്‍ ആരുടെയും പക്ഷം പിടിക്കുന്നില്ല. ഇത് തുടരരുത്, നിര്‍ത്തണം. സ്‌നേഹത്തിന്റെ ഭാഷയില്‍ നമുക്ക് നിര്‍ത്തുകയും ഗവണ്‍മെന്റിന്റെ കൂടെ നില്‍ക്കുകയും ചെയ്യണം എന്നുള്ളതാണ് എന്റെ അഭിപ്രായം – അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ നിയമോപദേശം തേടിയിരിക്കുകയാണ് പൊലീസ്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരെയും സ്ത്രീകളെയും വംശീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പോലീസിന് പുറമേ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.

അടൂരിന്റെ പ്രസ്താവനനയ്‌ക്കെതിരെ മന്ത്രി ആർ ബിന്ദുവും, സംവിധായിക ശ്രുതിയുമടക്കം നിരവധിപേരാണ് രംഗത്തു വന്നിട്ടുള്ളത്.’വിശ്വചലച്ചിത്ര വേദികളില്‍ വിഹരിച്ചിട്ട് കാര്യമില്ല, ഹൃദയ വികാസമുണ്ടാകണം. മനുഷ്യനാകണം, എന്നായിരുന്നു മന്ത്രി ആര്‍.ബിന്ദുവിന്റെ പ്രതികരണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. അപ്പർ ക്ലാസ് പ്രിവിലേജിൽ ജീവിച്ചവർക്ക് താഴെയുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാവുകയില്ലെന്നും, അടൂരിനെപ്പോലൊരാൾ ഇത്തരമൊരു പ്രസ്താവന നടത്തുന്നതിന് മുൻപ്, തങ്ങളിൽ ഒരാളുടെയെങ്കിലും ചിത്രം ഒന്നു കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോവുകയാണെന്നും ശ്രുതി വ്യക്തമാക്കിയിരുന്നു.