
മുൻനിരയിലേക്ക് വരാൻ മാത്രം കഴിവുള്ള നടി ആയിട്ടാണ് താൻ മമിതയെ കാണുന്നതെന്ന് പ്രശംസിച്ച് നടൻ ധനുഷ്. ധനുഷും മമിതയും പ്രധാനവേഷത്തിലെത്തുന്ന കര എന്ന ചിത്രത്തിന്റെ പ്രമോഷൻ ചടങ്ങിൽ വെച്ചായിരുന്നു ധനുഷിന്റെ പരാമർശം. ഇതിന് മുൻപ് ഇത്രയും കഴിവുള്ള മറ്റൊരു നടിയെ കണ്ടത് നിത്യ മേനോൻ ആണെന്നും, നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും മമിതക്കുണ്ടെന്നും ധനുഷ് പറഞ്ഞു.
‘മുൻനിരയിലേക്ക് വരാൻ മാത്രം കഴിവുള്ള നടി ആയിട്ടാണ് ഞാൻ നിങ്ങളെ കാണുന്നത്. ഞാൻ ഇതിന് മുൻപ് ഇത്രയും കഴിവുള്ള മറ്റൊരു നടിയെ കണ്ടത് നിത്യ മേനോൻ ആണ്. നിത്യ മേനോനുള്ള കഴിവും ക്വാളിറ്റിയും നിങ്ങൾക്കുണ്ട്. അത് കളയാതെ നല്ല രീതിയിൽ ഉപയോഗിച്ച് നിറയെ അവാർഡുകൾ വാങ്ങണം. നിങ്ങൾ നന്നായി അഭിനയിച്ചിട്ടുണ്ട് കര യിൽ,’ ധനുഷ് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നത്. വൻ സ്വീകാര്യതയാണ് ട്രെയ്‌ലറിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. കുറ്റകൃത്യങ്ങൾ, പിന്തുടർച്ചകൾ, സസ്‌പെൻസ് എന്നിവ നിറഞ്ഞ ഒരു തീവ്രമായ ക്രൈം ഡ്രാമയായാണ് ചിത്രമെത്തുന്നത്. വേൽസ് ഫിലിം ഇന്റർനാഷണൽ നിർമിക്കുന്ന ചിത്രത്തിന്റ നിർമാതാക്കൾ ഡോ. ഇഷാരി കെ. ഗണേഷാണ്. സഹനിർമാണം കുഷ്മിത ഗണേഷ് നിർവഹിക്കുന്നു. സെൻസറിങ് കഴിഞ്ഞ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. ഏപ്രിൽ 30-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും.
പോർ തൊഴിൽ എന്ന ചിത്രത്തിന്റെ സംവിധായകനാണ് വിഘ്നേഷ് രാജ. ധനുഷിനോടപ്പം മലയാളത്തിൽനിന്ന് മമിതയെ കൂടാതെ, ജയറാം, സുരാജ് വെഞ്ഞാറമൂട്, ശ്രീജാ രവി എന്നിവർ ചിത്രത്തിലെ പ്രധാനവേഷങ്ങളിൽ എത്തുന്നു. കെ.എസ്. രവികുമാർ, കരുണാസ്, പൃഥ്വി പണ്ഡ്യരാജൻ, എം.എസ്. ഭാസ്‌കർ തുടങ്ങി മറ്റുനിരവധി താരങ്ങൾ ചിത്രത്തിലുണ്ട്.