
സിനിമ നിർമിച്ച് ചതിക്കുഴിയിൽ വീണെന്ന് താൻ പറഞ്ഞ കാര്യങ്ങൾക്ക് തെളിവുണ്ടെന്ന് നിർമ്മാതാവ് മുരളി കുന്നുംപുറത്ത്. താൻ പുറത്തുവിട്ട വിഡിയോയിലെ കാര്യങ്ങൾ നൂറു ശതമാനം സത്യമാണെന്നും, തന്നെ വഞ്ചിച്ചവർക്കെതിരെയുള്ള കൃത്യമായ ബാങ്ക് രേഖകളും തെളിവുകളും തന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
“ഇന്നലെ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ വിഡിയോ ഞാൻ കഴിഞ്ഞ ആഴ്‌ച പോസ്‌റ്റ് ചെയ്‌തതാണ്. വിഡിയോ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷേ അത് ആരോ എടുത്ത് ഇന്നലെ വീണ്ടും പങ്കുവച്ചു, അതാണ് എല്ലാവരും കണ്ടത്. നാലഞ്ച് ദിവസമായി കടുത്ത മാനസികമായി വിഷമത്തിലായിരുന്നു, ഹോസ്‌പിറ്റലിൽ അഡ്‌മിറ്റ് ആയിരുന്നു, രണ്ട് ദിവസം മുമ്പാണ് ആണ് ഡിസ്‌ചാർജ് ആയി വന്നത്. ഞാൻ വിഡിയോയിൽ പറഞ്ഞ കാര്യങ്ങളെല്ലാം നൂറു ശതമാനം സത്യമാണ്. വെറുതെ പറയുന്നതല്ല, എന്റെ പക്കൽ എല്ലാത്തിനും കൃത്യമായ തെളിവുകളുണ്ട്. പണമിടപാടുകളെല്ലാം ബാങ്ക് വഴി നടത്തിയതിന് വ്യക്‌തമായ രേഖകളുണ്ട്. സിനിമ ചെയ്യാമെന്ന് പറഞ്ഞ് കള്ളം പറഞ്ഞ് എന്നെ പറ്റിച്ചവർ കാരണമാണ് ഇന്ന് ഞാൻ ഈ അവസ്ഥയിലായത്.
ആദ്യം ‘നദികളിൽ സുന്ദരി യമുന’ എന്ന സിനിമയുടെ കാര്യം പറയാം. ഉണ്ണി വെള്ളോറ, വിജേഷ് പാണത്തൂർ എന്നിവർ തങ്ങൾ അസിസ്‌റ്റന്റ് ഡയറക്ടർമാരാണെന്ന് കള്ളം പറഞ്ഞാണ് എന്നെ സമീപിച്ചത്. അവർക്ക് സിനിമയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. വിജേഷ് പിന്നീട് ‘പ്രകമ്പനം’ ഒക്കെ എടുത്ത് ഹിറ്റാക്കിയെങ്കിലും എൻ്റെ അടുത്ത് വന്നപ്പോൾ കള്ളം പറഞ്ഞാണ് തുടങ്ങിയത്. ആ സിനിമ ചെയ്‌തതിൽ മാത്രം എനിക്ക് രണ്ടു കോടി രൂപയുടെ നഷ്‌ടം വന്നു. അതിൽ അമേരിക്കയിൽ ഉള്ള വിലാസ് കുമാർ എന്ന നിർമാതാവ് കൂടി ഉണ്ടായിരുന്നു. ആ പടത്തിൽ എൻ്റെ നഷ്‌ടം ഒരു കോടി ആണ്.” മുരളി പറഞ്ഞു.
“പിന്നീട് ‘സുമതി വളവ്’. ആ സിനിമ വലിയ വിജയമാണെന്നാണ് എല്ലാവരുടെയും വിചാരം. എന്നാൽ സത്യം അതല്ല. ഈ ഒരൊറ്റ സിനിമ കാരണം ഏഴ് കോടിയോളം രൂപയുടെ നഷ്ട്ടമാണ് ഉണ്ടായത്. അവർ പറഞ്ഞ ബജറ്റിൽ ഒന്നും പടം തീർന്നില്ല. ഒടുവിൽ ഗോകുലം മൂവീസിലെ കൃഷ്ണമൂർത്തി സാറാണ് എന്നെ സിനിമ റിലീസ് ചെയ്യാൻ സഹായിച്ചത്. അവരുടെ വിതരണക്കാരായ ഡ്രീം ബിഗ് സുജിത് നായരുടെ പിന്തുണയും ഉണ്ടായിരുന്നു. അവർ അന്ന് സഹായിച്ചില്ലായിരുന്നെങ്കിൽ ആ പടം വെളിച്ചം പോലും കാണില്ലായിരുന്നു. അതൊന്നും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല.
‘മാളികപ്പുറം’ വലിയ ഹിറ്റായ ചിത്രമാണല്ലോ, ആ വിശ്വാസത്തിലാണ് അഭിലാഷ് പിള്ളയും വിഷ്ണുവുമൊക്കെ വന്നപ്പോൾ സിനിമ ചെയ്യാൻ ഞാൻ തയാറായത്. പക്ഷേ വിഷ്‌ണുവിന് സംവിധാനം ഒന്നും അറിയില്ലായിരുന്നു. ‘മാളികപ്പുറം’ സിനിമ തന്നെ സംവിധാനം ചെയ്‌തത് ഉണ്ണി മുകുന്ദനാണെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. ‘സുമതി വളവ്’ ഏഴ് കോടി നഷ്ടത്തിലാണെന്ന് അറിഞ്ഞിട്ടും ഇവരൊന്നും അന്ന് എന്നെ ഒന്ന് വിളിച്ചുപോലുമില്ല. എന്നാൽ സൈജു കുറുപ്പ് വിളിച്ചിരുന്നു, ‘ചേട്ടാ വിഷമിക്കണ്ട’എന്ന് പറഞ്ഞ്, തന്റെ പ്രതിഫലം ഇപ്പോൾ വേണ്ടെന്ന് വച്ചു. അതുപോലെ ശിവദയും വിളിച്ചു. അവർക്കൊക്കെ ഞാൻ ഇനിയും പ്രതിഫലം നൽകാനുണ്ട്. അതൊക്കെ എന്നെങ്കിലും കൊടുത്തു തീർക്കണമെന്നാണ് എന്റെ ആഗ്രഹം.
ബിസിനസ്സിൽ എന്നെ ഒരുപാട് പേർ പറ്റിച്ചിട്ടുണ്ട്. ഒരു നിവർത്തിയുമില്ലാതെ ഹൃദയം തകർന്നിട്ടാണ് ആ വിഡിയോ ചെയ്‌തത്. വിഡിയോ കണ്ടിട്ട് സിനിമയിൽ നിന്ന് ഒരുപാട് പേർ എന്നെ വിളിച്ച് പിന്തുണ അറിയിച്ചു. ജയസൂര്യ, ഉണ്ണി മുകുന്ദൻ, വേണു കുന്നപ്പള്ളി, സിദ്ദീഖ് ഇക്ക, സോഹൻ സീനുലാൽ, പ്രൊഡ്യൂസർ അസോസിയേഷനിലെ ബി. രാഗേഷ് തുടങ്ങി പലരും കൂടെയുണ്ടെന്ന് പറഞ്ഞു. അഭിലാഷിൻ്റെ സ്ക്രിപ്റ്റിൽ ‘ആനന്ദ് ശ്രീബാല’ ചെയ്തിട്ട് വലിയ നഷ്‌ടമായിരുന്നുവെന്ന് വേണു കുന്നപ്പള്ളി എന്നോട് പറഞ്ഞു. ജയസൂര്യ വിളിച്ച് ആശ്വസിപ്പിച്ചു. അടുത്ത പടത്തിന്റെ ഡേറ്റ് തരാമെന്ന് ഉണ്ണി മുകുന്ദൻ വാഗ്ദാനം നൽകി. വേണു കുന്നപ്പള്ളിയും പറഞ്ഞു ‘മുരളി വിഷമിക്കരുത്, അടുത്ത പടം നമുക്ക് ചെയ്യാം, എന്ത് സഹായത്തിനും കൂടെയുണ്ട്’ എന്ന്.
ജൂഡ് ആന്തണി വിളിച്ചിട്ട് ‘ചേട്ടാ, ചേട്ടൻ ഒന്നുകൊണ്ടും വിഷമിക്കണ്ട, ചേട്ടനുവേണ്ടി ഞാൻ സിനിമ ചെയ്‌തു തരാം’ എന്ന് പറഞ്ഞു. സൈജു കുറുപ്പ് മെസ്സേജ് അയച്ചു. എല്ലാവരുടെയും നല്ല വാക്കുകൾക്ക് വലിയ നന്ദി. എങ്കിലും ഇനി ഞാൻ എൻ്റെ ബിസിനസ്സിൽ ശ്രദ്ധിക്കാൻ പോവുകയാണ്. ഇവിടം വിട്ടു പോകാൻ ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഗൾഫിൽ ഇപ്പോൾ യുദ്ധസാഹചര്യമായതുകൊണ്ട് ബിസിനസിന് വലിയ സ്കോപ്പില്ല. അമേരിക്ക കാനഡ എന്നിവിടങ്ങളിൽ ബിസിനസ്സ് ചെയ്യാനാണ് ആലോചിക്കുന്നത്. വീണ്ടും ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ച് നഷ്‌ടപ്പെട്ടതെല്ലാം എനിക്ക് തിരിച്ചുപിടിക്കണം. എൻ്റെ വിഡിയോയ്ക്ക് പോസിറ്റീവ് ആയും നെഗറ്റീവ് ആയും കമന്റുകൾ വരുന്നുണ്ട്. ഞാൻ പറഞ്ഞത് കള്ളമാണെന്ന് ചിലർ പറഞ്ഞേക്കാം. പക്ഷേ ഇതാണ് വാസ്‌തവം. ഞാൻ വീണ്ടും പറയുന്നു, എന്റെ കയ്യിൽ എല്ലാത്തിനും തെളിവുണ്ട്.” മുരളി കുന്നുംപുറത്ത് കൂട്ടിച്ചേർത്തു.