
ബോളിവുഡ് നടി ജാൻവി കപൂറുമായി ബന്ധപ്പെട്ട അശ്ലീലവും അപകീർത്തികരവുമായ ഉള്ളടക്കങ്ങൾ ഇന്റർനെറ്റിൽ നിന്ന് ഉടനടി നീക്കം ചെയ്യാൻ ഉത്തരവിട്ട് ഡൽഹി ഹൈക്കോടതി. അതേസമയം, തന്റെ പേരിലുള്ള എല്ലാ ഫാൻ പേജുകളും നിരോധിക്കണമെന്ന നടിയുടെ ആവശ്യം കോടതി നിരസിച്ചു. വ്യക്തിഗത അവകാശങ്ങൾ ചൂണ്ടിക്കാട്ടി പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് തടയിടാനാകില്ലെന്ന് ജസ്റ്റിസ് അനൂപ് ജയറാം ഭംഭാനി അധ്യക്ഷനായ ബെഞ്ച് വ്യക്തമായി നിർവ്വചിച്ചു.
പൊതുമണ്ഡലത്തിലുള്ള വ്യക്തികൾ പ്രശംസയും വിമർശനങ്ങളും ഒരുപോലെ നേരിടേണ്ടി വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഫാൻ പേജുകളിൽ വരുന്ന പരിഹാസങ്ങളും വിമർശനങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇത്തരത്തിലുള്ള പേജുകൾ പൂർണ്ണമായി അടച്ചുപൂട്ടാൻ ഉത്തരവിട്ടാൽ അത് പ്രശ്നത്തേക്കാൾ വഷളായ പരിഹാരമായി മാറും. അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിത്തറയെത്തന്നെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.
തന്റെ ചിത്രങ്ങളും പേരും വാണിജ്യ ആവശ്യങ്ങൾക്കായി അനധികൃതമായി ഉപയോഗിക്കുന്നത് തടയണമെന്നും, വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ജാൻവി കപൂർ കോടതിയെ സമീപിച്ചത്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്ന അയ്യായിരത്തിലധികം ലിങ്കുകൾക്കെതിരെ നടപടി വേണമെന്നായിരുന്നു നടിയുടെ ഹർജി. ജാൻവിക്ക് അപകീർത്തികരമായ ഉള്ളടക്കങ്ങളിൽ നിന്ന് നിയമപരമായ സംരക്ഷണം ലഭിക്കാൻ അർഹതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, തടയേണ്ട അശ്ലീല-അപകീർത്തികരമായ ലിങ്കുകളുടെ കൃത്യമായ പട്ടിക തയാറാക്കി നൽകാൻ നടിയുടെ അഭിഭാഷകരോട് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘മെറ്റ’ കോടതിയിൽ നിലപാട് വ്യക്തമാക്കി. കൃത്യമായ നിർവ്വചനമില്ലാതെ ആയിരക്കണക്കിന് വരുന്ന ലിങ്കുകൾ പരിശോധിക്കുന്നത് എളുപ്പമല്ലെന്ന് മെറ്റയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വരുൺ പഥക് ചൂണ്ടിക്കാട്ടി. വിഷയത്തിൽ തുടർവാദം കേൾക്കുന്നതിനായി കേസ് ഓഗസ്റ്റ് 17-ലേക്ക് മാറ്റി.