‘യാതൊരു ഗ്രേ ഷേഡുകളുമില്ലാത്ത പൂർണ്ണ സൈക്കോ വില്ലൻ’: പ്രിയദർശൻ ചിത്രത്തെ കുറിച്ച് അക്ഷയ് കുമാർ

','

' ); } ?>

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രം ‘ഹൈവാനി’ൽ ഇതുവരെ കാണാത്ത ക്രൂരനായ വില്ലൻ കഥാപാത്രമായി അക്ഷയ് കുമാർ. ചിത്രത്തിൽ തന്റേത് പൂർണമായും ഒരു സൈക്കോ വില്ലൻ വേഷമാണെന്ന് താരം വ്യക്തമാക്കി. സെപ്റ്റംബർ 11-ന് തീയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ ആകാംക്ഷ വർധിപ്പിക്കുന്ന ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

കോമഡി, ആക്ഷൻ, ഡ്രാമ, ഹൊറർ തുടങ്ങി വ്യത്യസ്ത മേഖലകളിൽ തിളങ്ങിയ ശേഷം ആദ്യമായാണ് താൻ പൂർണ അർഥത്തിൽ ഒരു വില്ലൻ വേഷം ചെയ്യുന്നതെന്ന് അക്ഷയ് കുമാർ പറഞ്ഞു. യാതൊരുവിധ ഗ്രേ ഷേഡുകളുമില്ലാത്ത, സ്‌ക്രീനിൽ ഭയം നിറയ്ക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെന്നത് തന്റെ ഏറെക്കാലത്തെ ആഗ്രഹമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

അക്ഷയ് ഈ വേഷം ചെയ്യുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് സംവിധായകൻ പ്രിയദർശന്റെ പ്രതികരണം. ‘ഭൂത് ബംഗ്ലാ’യുടെ സെറ്റിൽ അക്ഷയ് ധരിച്ചെത്തിയ ബീനി ലുക്കിൽ നിന്നാണ് ഹൈവാനിലെ വേഷത്തിലേക്ക് പ്രചോദനം ഉൾക്കൊണ്ടത്. കഥ കേട്ടയുടൻ താൻ തന്നെ ഈ റോൾ ചെയ്യാമെന്ന് അക്ഷയ് മുന്നോട്ടുവന്നത് അത്ഭുതപ്പെടുത്തിയെന്നും, ഒരു നടൻ എന്ന നിലയിൽ അക്ഷയ് കുമാറിന്റെ പൂർണശേഷി പുറത്തെടുക്കാൻ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും പ്രിയദർശൻ വ്യക്തമാക്കി.

അക്ഷയ കുമാറിനൊപ്പം സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം, മോഹൻലാൽ നായകനായ സൂപ്പർഹിറ്റ് മലയാള സിനിമ ‘ഒപ്പത്തിന്റെ’ റീമേക്കാണെന്നാണ് സൂചനകൾ. ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിൽ എത്തുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. കെ.വി.എൻ. പ്രൊഡക്ഷൻസ്, തെസ്പിയൻ ഫിലിംസ് എന്നിവയുടെ ബാനറിൽ വെങ്കട് കെ. നാരായണ, ശൈലജ ദേശായി ഫെൻ എന്നിവർ ചേർന്ന് നിർമിച്ച ഈ ചിത്രം കൊച്ചി, വാഗമൺ, ഊട്ടി, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.