ഡബ്ല്യുസിസിപോലുള്ള സംഘടനകള്‍ ആണിനെതിരെ പെണ്ണ് എന്ന നിലയ്ക്കാകരുത്-ദീപിക

ഡബ്ല്യുസിസി പോലെയുള്ള സംഘടകള്‍ ബോളിവുഡിലും ആവാമെന്ന് ബോളിവുഡ് താരം ദീപിക പദുക്കോണ്‍. എന്നാല്‍ ഫെമിനിസം എന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി പ്രാവര്‍ത്തികമാക്കേണ്ടതാണെന്നും അവരെ മാറ്റിനിര്‍ത്തിയാകരുതെന്നും ദീപിക പറയുന്നു. ഇന്‍ഡസ്ട്രിയില്‍ നല്ല പുരുഷന്മാരും ഉണ്ടെന്ന് ദീപിക പറഞ്ഞു. കൊച്ചിയില്‍ നടന്ന രാജ്യാന്തര അഡ്വര്‍ട്ടൈസിങ്ങ് അസോസിയേഷന്റെ ലോകസമ്മേളനത്തിലാണ് ദീപിക ഇക്കാര്യം പറഞ്ഞത്.

‘ഫെമിനിസം എന്നത് പുരുഷനെയും ഒപ്പം നിര്‍ത്തി പ്രാവര്‍ത്തികമാക്കേണ്ടതാണ്. അവരെ മാറ്റിനിര്‍ത്തിയാകരുത് ഈ വിഷയത്തില്‍ ചര്‍ച്ച നടക്കേണ്ടത്. ലിംഗസമത്വ നീക്കങ്ങള്‍ ആഗ്രഹിച്ച രീതിയിലായിട്ടില്ല. ഇനിയും ഏറെ പോകാനുണ്ട്. മീടു മൂവ്‌മെന്റ് പെട്ടെന്ന് ശക്തമായി വന്നു. പക്ഷേ, സമൂഹത്തില്‍ ഉണ്ടായിരിക്കുന്ന ചില കാര്യങ്ങള്‍ പെട്ടെന്ന് മാറ്റിയെടുക്കാനാകില്ലെന്ന് ദീപിക വ്യക്തമാക്കി. കൂടാതെ ബോളിവുഡില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടിയാണ് താനെന്ന് ദീപിക തുറന്ന് പറയുന്നു. പക്ഷേ, ആ നിലയിലേക്ക് എത്തിയത് പോരാട്ടങ്ങളിലൂടെയാണെന്നും താരം വെളിപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഒരു സിനിമയും ചെയ്തില്ല. ഇഷ്ടപ്പെട്ട കഥകള്‍ കിട്ടാഞ്ഞതാണ് കാരണം. ആസിഡ് ആക്രമണത്തില്‍ അതിജീവിച്ച ഒരാളെക്കുറിച്ച് പറയുന്ന സിനിമയാണ് ഇനി ചെയ്യുന്നത്. ആദ്യമായി സിനിമ നിര്‍മിക്കുകയും ചെയ്യുന്നു. പരസ്യത്തിന് മോഡലാകുമ്പോഴും പണത്തിന് രണ്ടാം സ്ഥാനമേയുള്ളൂ. ബ്രാന്‍ഡ് മൂല്യത്തിനാണ് മുഖ്യപരിഗണനയെന്നും താരം പറയുന്നു.