ഡിയര്‍ കൊമ്രേഡിന് വേണ്ടി പാട്ട് പാടി ദുല്‍ഖറും വിജയ് സേതുപതിയും- ടീസര്‍ കാണാം..

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഡിയര്‍ കോമ്രേഡിന് വേണ്ടി ഗാനമാലപിച്ച് ദുല്‍ഖര്‍ സല്‍മാന്‍. മൂന്ന് ഭാഷകളിലുള്ള കോമ്രേഡ് ആന്തത്തിലെ മലയാള ഭാഗത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ ഗാനമാലപിക്കുന്നത്. ‘സഖാവേ..’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. തമിഴില്‍ നിന്നും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനത്തിന് ശബ്ദം പകരുന്നത്.

നേരത്തെ ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറക്കിയപ്പോള്‍ ദുല്‍ഖറും താനും ചേര്‍ന്ന് ഒരു വലിയ സര്‍പ്രൈസ് പ്രേക്ഷകര്‍ക്കായി ഒരുക്കുന്നുണ്ട് എന്ന് വിജയ് ദേവരകൊണ്ട സൂചന നല്‍കിയിരുന്നു. അതാണ് ഗാനത്തിലൂടെ പ്രേക്ഷകരിലേക്കെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനായിരുന്നു ഡിയര്‍ കോമ്രേഡിന്റെ ട്രെയിലര്‍ ഔദ്യോഗികമായി പുറത്ത് വിട്ടത്.

മൈത്രി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ.രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ നിര്‍മ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. വിജയ് ദേവരകൊണ്ടയും, രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലായി ജൂലൈ 26ന് പുറത്തിറങ്ങും.