
കന്നഡ ഇതിഹാസ നടൻ അനന്ത് നാഗിന് 2024-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്രസംഭാവന മുൻനിർത്തിയാണ് പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ പ്രഖ്യാപനം നടത്തിയത്. ഗുജറാത്തിലെ കെവാഡിയയിൽ സെപ്റ്റംബർ 22-ന് നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും.
നൂറിലധികം സിനിമകളിലൂടെ ഇന്ത്യൻ സിനിമയിൽ സവിശേഷമായ ഇടം നേടിയ അനന്ത് നാഗ്, ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ‘സ്വാതി തിരുനാൾ’ എന്ന ചിത്രത്തിലൂടെ മലയാളത്തിലും ശ്രദ്ധേയമായ സാന്നിധ്യമറിയിച്ചിരുന്നു. ചിത്രത്തിൽ സ്വാതി തിരുനാൾ രാമവർമയായി ജീവിച്ച അദ്ദേഹത്തിന്റെ പ്രകടനം ഏറെ പ്രശംസ നേടിയിരുന്നു.
പുരസ്കാരനേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ അഭിനന്ദിച്ചു. പതിറ്റാണ്ടുകളായുള്ള സ്വാഭാവിക അഭിനയവും വൈവിധ്യമാർന്ന കഥാപാത്രങ്ങളും ഇന്ത്യൻ സിനിമയിൽ മായാത്ത മുദ്ര പതിപ്പിച്ചതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
1948 സെപ്റ്റംബർ നാലിന് ജനിച്ച അനന്ത് നാഗർകട്ടെ എന്ന അനന്ത് നാഗ്, മുന്നൂറിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചിട്ടുള്ളത്. ഇതിൽ ഇരുനൂറ്റമ്പതിലേറെയും കന്നഡ സിനിമകളാണ്. ഹിന്ദി, തെലുങ്ക്, തമിഴ്, മറാത്തി, മലയാളം, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം തന്റെ അഭിനയമികവ് തെളിയിച്ചു. സിനിമയ്ക്ക് പുറമേ, ദൂരദർശന്റെ പ്രശസ്തമായ ‘മാൽഗുഡി ഡേയ്സ്’ പരമ്പരയിലൂടെ ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരനാകാനും അദ്ദേഹത്തിന് കഴിഞ്ഞു. അഞ്ച് തവണ കർണാടക സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ അദ്ദേഹത്തെ, രാജ്യത്തിന്റെ മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ നൽകി കഴിഞ്ഞ വർഷം കേന്ദ്ര സർക്കാർ ആദരിച്ചിരുന്നു.