“വിവാഹശേഷം പതിവ്രത ചമയാൻ നോക്കുകയാണോ”; രശ്മികയ്ക്കെതിരെ സൈബർ ആക്രമണം

','

' ); } ?>

രശ്മിക മന്ദാന, ഷാഹിദ് കപൂർ, കൃതി സനോൺ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ബോളിവുഡ് ചിത്രം ‘കോക്ടെയിൽ 2’ റിലീസിന് തയ്യാറെടുക്കവെ, ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെയുണ്ടായ സംഭവങ്ങളെച്ചൊല്ലി നടി രശ്മിക മന്ദാനയ്ക്ക് നേരെ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷമായ സൈബർ ആക്രമണം. നടൻ ഷാഹിദ് കപൂറോട് പ്രൊമോഷൻ വേദികളിൽ രശ്മിക അകലം പാലിക്കുന്നുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം ആളുകൾ നടിക്കെതിരെ വിമർശനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. അടുത്തിടെ കഴിഞ്ഞ വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹത്തെക്കൂടി ചേർത്തുവെച്ചാണ് ഈ പ്രചാരണം.

മുംബൈയിൽ വ്യാഴാഴ്ച നടന്ന പ്രൊമോഷൻ പരിപാടിക്കിടെയുള്ള ഒരു ദൃശ്യമാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. വേദിയിൽ ഷാഹിദ് കപൂർ സംസാരിക്കുന്നതിനിടെ, പാർട്ടി പോപ്പറിൽനിന്നുള്ള കടലാസുതുണ്ടുകൾ അദ്ദേഹത്തിന്റെ തലയിൽ കുടുങ്ങിക്കിടക്കുന്നത് രശ്മികയുടെ ശ്രദ്ധയിൽപ്പെട്ടു. തലകുടഞ്ഞ് ഇത് കളയാൻ രശ്മിക ആവശ്യപ്പെട്ടെങ്കിലും ഷാഹിദിന് കാര്യം മനസ്സിലായില്ല. ഇതേത്തുടർന്ന് സഹനടി കൃതി സനോൺ ഇടപെട്ട് ഷാഹിദിന്റെ തലയിൽനിന്ന് കടലാസുതുണ്ടുകൾ എടുത്തുമാറ്റുകയായിരുന്നു. ഈ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് എക്സ് (ട്വിറ്റർ) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ രശ്മികയ്‌ക്കെതിരെ വിദ്വേഷ പ്രചാരണം നടക്കുന്നത്. സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ ചെയ്യാൻ മടിയില്ലാത്ത നടി, വിവാഹശേഷം പതിവ്രത ചമയാൻ വേണ്ടിയാണ് സഹപ്രവർത്തകനോട് വേദിയിൽ വെച്ച് അകലം പാലിക്കുന്നതെന്നും, സൽപ്പേരിനായി തെക്കേ ഇന്ത്യക്കാർ ഏതറ്റം വരെയും പോകുമെന്നുമാണ് വിദ്വേഷം നിറഞ്ഞ ഒരു കുറിപ്പിൽ ആരോപിക്കുന്നത്.

എന്നാൽ, ഈ സൈബർ ആക്രമണങ്ങൾക്കെതിരെ രശ്മികയ്ക്ക് പിന്തുണയുമായും വലിയൊരു വിഭാഗം പ്രേക്ഷകർ രംഗത്തെത്തിയിട്ടുണ്ട്. ഓൺലൈൻ മാധ്യമങ്ങൾ എന്തിനെയും വളച്ചൊടിക്കുന്ന കാലമായതിനാലാണ് രശ്മിക ജാഗ്രത പുലർത്തുന്നതെന്നും, സഹപ്രവർത്തകന്റെ ഹെയർസ്റ്റൈൽ നശിപ്പിക്കേണ്ടെന്ന് കരുതിയാവാം നടി സ്വയം മാറിനിന്നതെന്നും ആരാധകർ ചൂണ്ടിക്കാണിക്കുന്നു. സിനിമയിലെ കഥാപാത്രങ്ങളെയും യഥാർത്ഥ ജീവിതത്തെയും വേർതിരിച്ചു കാണാൻ സൈബർ ഇടങ്ങളിലുള്ളവർ പഠിക്കണമെന്നും, ‘കോക്ടെയിൽ 2’ എന്ന ചിത്രം രശ്മികയുടെ വിവാഹത്തിന് മുൻപ് പൂർത്തിയായതാണെന്നും പ്രതികരണങ്ങളുണ്ട്.

നേരത്തെ ഇതേ ചിത്രത്തിന്റെ മറ്റൊരു പ്രൊമോഷൻ പരിപാടിക്കിടെ ഷാഹിദ് കപൂർ തോളിൽ കൈവെക്കാൻ ശ്രമിച്ചപ്പോൾ രശ്മിക പെട്ടെന്ന് മാറിനിന്നതും വലിയ ചർച്ചയായിരുന്നു. അതേസമയം സംവിധായകൻ ഹോമി അദജാനിയോട് താരം സൗഹൃദത്തോടെ പെരുമാറുകയും ചെയ്തിരുന്നു. അന്ന് ഈ സംഭവത്തെ തമാശരൂപേണ പരിഹസിച്ചുകൊണ്ട് ഷാഹിദ് കപൂർ തന്നെ രംഗത്തെത്തിയ വീഡിയോയും വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വിവാദവും ഉടലെടുത്തിരിക്കുന്നത്.

സെയ്ഫ് അലി ഖാൻ, ദീപിക പദുകോൺ, ഡയാന പെന്റി എന്നിവർ തകർത്തഭിനയിച്ച് 2012-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം ‘കോക്ടെയിലിന്റെ’ സ്പിരിച്വൽ സീക്വലാണ് ഈ മാസം 19-ന് തിയേറ്ററുകളിലെത്തുന്ന ‘കോക്ടെയിൽ 2’. അതീവ ഗ്ലാമറസ് ലുക്കിൽ രശ്മികയും കൃതിയും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ട്രെയിലർ ഇതിനോടകം തന്നെ പ്രേക്ഷകർക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനിടയിലാണ് താരങ്ങളുടെ പെരുമാറ്റത്തെച്ചൊല്ലിയുള്ള ചർച്ചകളും വിവാദങ്ങളും കൊഴുക്കുന്നത്..