പൈറസിയും റിവ്യൂ ബോംബിങ്ങും തടയും; നിർമാതാക്കളുടെ പരാതികളിൽ അടിയന്തര നടപടിക്ക് സുരേഷ് ഗോപി

','

' ); } ?>

സിനിമാ വ്യവസായം നേരിടുന്ന പൈറസി, റിവ്യൂ ബോംബിങ്, ഒടിടി പ്ലാറ്റ്‌ഫോമുകൾ ഉയർത്തുന്ന വെല്ലുവിളികൾ തുടങ്ങിയ ഗുരുതരമായ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉറപ്പാക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. പൈറസി മാഫിയയുടെ പ്രവർത്തനങ്ങൾ അതീവ സങ്കീർണ്ണമാണെന്നും സാധാരണക്കാർ ചിന്തിക്കാത്ത തലങ്ങളിലേക്ക് അവ വ്യാപിച്ചിട്ടുണ്ടെന്നും നിരീക്ഷിച്ച മന്ത്രി, ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അറിയിച്ചു. കൊച്ചിയിൽ ദക്ഷിണേന്ത്യൻ സിനിമാ നിർമാതാക്കളുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സിനിമ പുറത്തിറങ്ങുന്നതിന് മുൻപ് തന്നെ വ്യാജ പതിപ്പുകൾ പ്രചരിക്കുന്നത് തടയാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടുള്ള ഇടപെടൽ അത്യാവശ്യമാണ്. ഇതിനൊപ്പം തന്നെ സിനിമകളെ തകർക്കുന്ന രീതിയിലുള്ള റിവ്യൂ ബോംബിങ്ങും യൂട്യൂബ് പ്ലാറ്റ്‌ഫോമുകളുമായി ബന്ധപ്പെട്ട നിയമപ്രശ്നങ്ങളും സർക്കാർ ഗൗരവമായി കാണുന്നുണ്ട്. സിനിമാ നിർമാതാക്കൾ നേരിടുന്ന ഇത്തരം വെല്ലുവിളികൾ വിശദമായി പ്രതിപാദിക്കുന്ന ഒരു റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി നിർദ്ദേശിച്ചു. ഈ റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കൈമാറുകയും തുടർനടപടികൾ സ്വീകരിക്കുകയും ചെയ്യും.”

“സിനിമയുടെ സെൻസറിംഗുമായി ബന്ധപ്പെട്ട പ്രായോഗിക ബുദ്ധിമുട്ടുകളും ചർച്ചയിൽ ഉയർന്നു വന്നു. സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ച ശേഷം മാത്രമേ റിലീസ് തീയതി പരസ്യപ്പെടുത്താവൂ എന്ന നിബന്ധന വൻതുക കടമെടുത്ത് സിനിമ ചെയ്യുന്ന നിർമാതാക്കളെ കടുത്ത പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ വിഷയം ന്യായമാണെന്നും ഇതിൽ മാറ്റങ്ങൾ വരുത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്തിന് ശേഷം ഒടിടി പ്ലാറ്റ്‌ഫോമുകളുടെ കടന്നുകയറ്റം പരമ്പരാഗത സിനിമാ ബിസിനസ് രീതികളെ തകിടം മറിച്ചതും ബൗദ്ധിക സ്വത്തവകാശ ലംഘനങ്ങളും മന്ത്രാലയം പരിശോധിക്കും.

ദക്ഷിണേന്ത്യയിലുടനീളമുള്ള നിർമാതാക്കൾ, വിതരണക്കാർ, തിയേറ്റർ ഉടമകൾ എന്നിവരെ ഉൾപ്പെടുത്തി കേന്ദ്ര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഒരു വിപുലമായ യോഗം വിളിച്ചുചേർക്കാൻ ശുപാർശ ചെയ്യും. താരസംഘടനയായ ‘അമ്മ’യിലുണ്ടായ ആഭ്യന്തര പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, ഏതൊരു സംഘടനയിലുമുണ്ടാകുന്ന സ്വാഭാവികമായ പ്രതിഭാസം മാത്രമാണിതെന്നും പ്രശ്നങ്ങൾ കാലക്രമേണ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം മറുപടി നൽകി. പ്രകൃതിക്ക് അതിന്റേതായ സന്തുലിതാവസ്ഥ വീണ്ടെടുക്കാൻ കഴിയുന്നതുപോലെ സിനിമാ മേഖലയും ഈ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് പോകുമെന്നും സുരേഷ് ഗോപി പ്രത്യാശ പ്രകടിപ്പിച്ചു.