
മൂന്ന് സംസ്ഥാനങ്ങളിലായി നാല് വോട്ടർ ഐഡികൾ കൈവശം വച്ചെന്ന കേസിൽ നടൻ പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ച് ബെംഗളൂരു മജിസ്ട്രേറ്റ് കോടതി. കോടതി മൂന്ന് തവണ സമൻസ് അയച്ചിട്ടും അത് കൈപ്പറ്റാനോ ഹാജരാകാനോ തയ്യാറാകാത്തതിനെ തുടർന്നാണ് കോടതിയുടെ ഈ ശക്തമായ നടപടി.
ബെംഗളൂരുവിലെ ശാന്തിനഗർ, തെലങ്കാനയിലെ സെരിലിംഗംപള്ളി, തമിഴ്നാട്ടിലെ വേളാച്ചേരി എന്നിവിടങ്ങളിലെ വിലാസങ്ങളിൽ പ്രകാശ് രാജിന് വോട്ടർ ഐഡികളുണ്ടെന്നാണ് കേസ്. ഇതിൽ തമിഴ്നാട്ടിലെ വേളാച്ചേരിയിൽ മാത്രം അദ്ദേഹത്തിന് രണ്ട് വോട്ടുകളുണ്ടെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്. ശേഷാദ്രിപുരം സ്വദേശിയായ കെ. ദിലീപ് കുമാറാണ് നടനെതിരെ പരാതിയുമായി കോടതിയെ സമീപിച്ചത്.
കേസിൽ നേരത്തെ കോടതി പ്രകാശ് രാജിന് രണ്ട് തവണ സമൻസ് അയച്ചിരുന്നു. എന്നാൽ സമൻസുകൾ കൈപ്പറ്റിയിട്ടും അദ്ദേഹം കോടതിയിൽ ഹാജരാകാൻ തയ്യാറായില്ല. ഇന്ത്യൻ തെരഞ്ഞെടുപ്പ് നിയമപ്രകാരം ഒരു പൗരന് രാജ്യത്ത് ഒരിടത്ത് മാത്രമേ വോട്ടർ പട്ടികയിൽ പേര് ചേർക്കാനും ഐഡി കാർഡ് കൈവശം വെക്കാനും അനുവാദമുള്ളൂ. എന്നാൽ പ്രകാശ് രാജ് നിയമങ്ങൾ ലംഘിച്ച് കർണാടക, തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലായി നാല് തിരിച്ചറിയൽ കാർഡുകൾ സ്വന്തമാക്കിയെന്നാണ് കേസ്. ദിലീപ് നേരത്തെ ഹലാസൂരു ഗേറ്റ് പൊലീസ് സ്റ്റേഷനിലും സിറ്റി പൊലീസ് കമ്മീഷണർക്കും പരാതി നൽകിയിരുന്നു. നടപടി ഉണ്ടാകാത്തതിനെ തുടർന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
കോടതി ഉത്തരവുകൾ തുടർച്ചയായി അവഗണിച്ചതിനെ തുടർന്നാണ് ജഡ്ജി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്. അതേസമയം, ധർമസ്ഥല വിവാദത്തിൽ പ്രകാശ് രാജ് 18നു ബെംഗളൂരുവിൽ വാർത്താസമ്മേളനം നടത്തിയപ്പോൾ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. അന്നു സമൻസ് നൽകാത്തതിൽ പൊലീസിനെതിരെ ആക്ഷേപം ഉയരുന്നുണ്ട്.