‘വണി’ന്റെ വ്യാജ പ്രിന്റ് വ്യാപകം; കടുത്ത നടപടികളുമായി അണിയറ പ്രവര്‍ത്തകര്‍

മമ്മൂട്ടി നായകനായ വണ്‍ എന്ന ചിത്രത്തിന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിക്കുന്നതിനെതിരെ കടുത്ത നടപടികളുമായി അണിയറപ്രവര്‍ത്തകര്‍.മെഗസ്റ്റാര്‍ മമ്മൂട്ടി കേരള മുഖ്യമന്ത്രി കടക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായി എത്തുന്ന വണ്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത് . സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.ഇതിനെയാണ് ചിത്രത്തിന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിക്കുന്നത്.

അണിയറ പ്രവര്‍ത്തകര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പ്

വണിന്റെ വ്യാജ പ്രിന്റ് വ്യാപകമായി പ്രചരിപ്പിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നിരവധി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും അനധികൃതമായ വെബ്‌സൈറ്റുകളിലും ചിത്രത്തിന്റെ വ്യാജ പ്രിന്റ് പ്രചരിപ്പിക്കുന്നുണ്ട്.ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അഡ്മിന്‍മാരുടെ വിവരങ്ങളും ചാനല്‍ വെബ്‌സൈറ്റ് വിവരങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. അവ ബ്ലോക്ക് ചെയ്തുകൊണ്ടിരിക്കുകയാണ്. അതിന്റെ ഫലമായി 188000 ഫോളോവേര്‍സുള്ള തമിഴ് റോക്കേര്‍സ് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ടെലിഗ്രാം ചാനല്‍ ഉള്‍പ്പടെ പല ചാനലുകളും മുഴുവനായും ബാന്‍ ചെയ്തിരുന്നു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ഈ ചാനലിലെ അഡ്മിന്‍ വിവരങ്ങളും പ്രൊഫൈലും ഇതിലൂടെ പുറത്ത് വിടുന്നു.സിനിമ വ്യവസായത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പേരുടെയും മനോവീര്യം കെടുത്തുന്ന ഇതുപോലുള്ള യാതൊരു വിധ പ്രവൃത്തികളും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല.ഇതുപോലെ ഉള്ള ഓരോരുത്തരുടെയും വിവരങ്ങള്‍ കണ്ടുപിടിക്കുകയും നിയമപരമായി കൈക്കൊള്ളാവുന്ന പരമാവധി ശക്തമായ നടപടികള്‍ തന്നെ കൈക്കൊള്ളുകയും ചെയ്യും.സിനിമയെ സ്‌നേഹിക്കുന്നവര്‍ സിനിമ കൊട്ടകകളില്‍ നിന്ന് തന്നെ ഓരോ സിനിമയും ആസ്വദിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

ബോബി സഞ്ജയ് കൂട്ടുകെട്ടിന്റെ രചനയില്‍ സന്തോഷ് വിശ്വനാഥാണ് വണ്‍ സംവിധാനം ചെയ്തിരിക്കുന്നത് .ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. വൈദി സോമസുന്ദരം ക്യാമറയും, ഗോപിസുന്ദര്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു.