“സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് ശ്വേതാ മേനോൻ, വാദം കമ്മിറ്റിയിൽ അവതരിപ്പിക്കും”; കുക്കു പരമേശ്വരൻ

','

' ); } ?>

താരസംഘടനയായ ‘അമ്മ’യുടെ കുടുംബ സംഗമത്തിന് സ്‌പോൺസർഷിപ്പ് സ്വീകരിച്ചതുമായി ബന്ധപ്പെട്ട തർക്കങ്ങൾ സംഘടനയ്ക്കുള്ളിൽ രൂക്ഷമാകുന്നു. സ്‌പോൺസർഷിപ്പ് വാങ്ങാൻ നിർബന്ധിച്ചത് പ്രസിഡൻ്റ് ശ്വേത മേനോനാണെന്നാണ് ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ്റെ വാദം. വിയോജിപ്പുകളും ആക്ഷേപങ്ങളും ശക്തമായ സാഹചര്യത്തിൽ വിഷയം വരാനിരിക്കുന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഉന്നയിക്കാനാണ് കുക്കു പരമേശ്വരന്റെ നീക്കം. എക്സിക്യൂട്ടീവ് കമ്മിറ്റി ഉടൻ തന്നെ ചേരുമെന്നാണ് വിവരം.

അതേസമയം, സംഘടനയ്ക്കുള്ളിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യമായതോടെ ‘അമ്മ’യിൽ മാധ്യമ പ്രതികരണങ്ങൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. എക്‌സിക്യൂട്ടിവ് അംഗങ്ങൾ ആരും തന്നെ മാധ്യമങ്ങളോട് സംസാരിക്കരുതെന്ന് പ്രസിഡൻ്റ് ശ്വേത മേനോൻ കർശന നിർദേശം നൽകി.

ദല്ലാൾ നന്ദകുമാറിൻ്റെ സഹായത്തോടെയാണ് ‘അമ്മ’യുടെ കുടുംബ സം​ഗമം സംഘടിപ്പിച്ചതെന്ന വിവരങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നന്ദകുമാറിന്റെ വെണ്ണലയിലുള്ള ക്ഷേത്രമായിരുന്നു പരിപാടിയുടെ മുഖ്യ സ്പോൺസർ. കുക്കു പരമേശ്വരനും ദല്ലാൾ നന്ദകുമാറുമാണ് ഈ സ്പോൺസർഷിപ്പ് കരാറിൽ ഒപ്പുവച്ചിട്ടുള്ളത്. ‘അമ്മ’യുടെ ബൈ ലോ പ്രകാരം സംഘടനയ്ക്ക് പുറത്തുള്ളവരിൽ നിന്ന് ഇത്തരത്തിൽ സ്പോൺസർഷിപ്പ് വാങ്ങാൻ അനുവാദമില്ലെന്നിരിക്കെയാണ് ഈ കരാർ ഒപ്പിട്ടത്. ആകെയുള്ള 75 ലക്ഷം രൂപയുടെ വാഗ്ദാനത്തിൽ 30 ലക്ഷം രൂപ മാത്രമാണ് നിലവിൽ ലഭിച്ചിട്ടുള്ളതെന്നും ബാക്കി 40 ലക്ഷം രൂപ കൂടി ലഭിക്കാനുണ്ടെന്നുമാണ് ഒരംഗം വ്യക്തമാക്കിയത്. പ്രസിഡൻ്റ് ശ്വേതാ മേനോൻ മുൻകൈ എടുത്ത കരാറിലാണ് ജനറൽ സെക്രട്ടറി ഒപ്പുവെച്ചിരിക്കുന്നത്.

കമ്മിറ്റിയിൽ കൃത്യമായ കൂടിയാലോചനകൾ നടത്താതെ ഏകപക്ഷീയമായാണ് സ്പോൺസർഷിപ്പ് സ്വീകരിച്ചതെന്നാണ് ഒരു വിഭാഗം അംഗങ്ങളുടെ പ്രധാന വിമർശനം. കുടുംബമേളയ്ക്ക് പിന്നാലെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളും ശക്തമായിട്ടുണ്ട്. പരിപാടിയുടെ സൗണ്ട് സിസ്റ്റം വാടകയ്ക്ക് എടുത്തതിലും, സംഗീത പരിപാടിയുടെ പേരിലും വൻ തുക വെട്ടിപ്പ് നടത്തിയെന്നാണ് ഉയരുന്ന ആക്ഷേപം. കൂടാതെ കാറ്ററിങ്ങിൻ്റെ മറവിൽ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തതായും ഭരണസമിതിയിലെ ഒരു വിഭാഗം ആരോപിക്കുന്നു. വരും ദിവസങ്ങളിൽ സംഘടനയ്ക്കുള്ളിൽ ഈ വിഷയം വലിയ രാഷ്ട്രീയ-സംഘടനാ ചർച്ചകൾക്ക് വഴിവെക്കുമെന്നാണ് സൂചന.