
‘അമ്മ’യിൽ നൽകിയ പരാതിയിൽ നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് നടി അൻസിബ ഹസ്സൻ. ടിനി ടോമിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും, തൃപ്പൂണിത്തുറ സ്റ്റേഷനിലെ വനിതാ എസ്ഐ തന്നെ മണിക്കൂറുകളോളം മാനസികമായി പീഡിപ്പിക്കുകയും മൊഴിയിൽ കൃത്രിമം കാണിക്കുകയും ചെയ്തുവെന്നും അൻസിബ പറഞ്ഞു. കൂടാതെ ഈ വനിതാ എസ്.ഐക്കെതിരെയും പരാതി നൽകുമെന്നും, യാതൊരുവിധ ഒത്തുതീർപ്പിനുമില്ലെന്നും അൻസിബ കൂട്ടിച്ചേർത്തു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു താരം.
“ടിനി ടോമിനെതിരെ നിയമ നടപടിയും കൂടെ സ്വീകരിക്കണം എന്ന് തന്നെയാണ് ഞാനിപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കാരണം അമ്മയിൽ നിന്ന്, ഈ കമ്മിറ്റിയിൽ നിന്ന് എന്തായാലും ഒരു നീതി ലഭിക്കും എന്ന് എനിക്കൊരു വിശ്വാസമില്ല. തൃപ്പൂണിത്തുറ വനിതാ പോലീസ് സ്റ്റേഷനിൽ വെച്ച് മൂന്നു മണിക്കൂറാണ് അവർ അധിക്ഷേപിച്ചത്. നമുക്ക് കംഫർട്ട് ആയിട്ട് പോയി നമ്മുടെ കാര്യം പറഞ്ഞിട്ട് വരാമെന്നോർത്താണ് അവിടെ പോയത്. പക്ഷേ അവിടെ ചെന്നത് മുതൽ മുൻവിധിയോടെയുള്ള പെരുമാറ്റമായിരുന്നു. പരാതിക്കാരി അവിടെയുള്ള എസ്ഐയോടും മറ്റ് ഉദ്യോഗസ്ഥരോടുമൊക്കെ വളരെ സൗഹൃദത്തിൽ സംസാരിക്കുന്നു, വീട്ടുകാര്യങ്ങൾ അന്വേഷിക്കുന്നു. പരാതിക്കാരിയുടെ മകൾ എസ്ഐയുടെ ടേബിളിന്റെ സൈഡ് ടേബിളിൽ കയറിയിരുന്നു കളിക്കുന്നു.
വസ്തുതകൾ പറയുമ്പോൾ കേൾക്കാൻ തയ്യാറല്ലാത്ത ഒരു എസ്ഐ ആയിരുന്നു അവർ. രേഷ്മ എന്നാണ് അവരുടെ പേര്. എസ്ഐ ടെസ്റ്റ് എഴുതിയിട്ടുതന്നെയല്ലേ ഇവർ ഈ പദവിയിലെത്തിയത് എന്ന് തോന്നിപ്പോയി. അവിടെ ചിലപ്പോൾ പുരുഷന്മാർ ഉണ്ടായിരുന്നെങ്കിൽ എനിക്ക് ഇത്രയും ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്നാണ് എനിക്കിപ്പോൾ തോന്നുന്നത്. ഈ പരാതിക്കാരി അവിടെയുണ്ടായിരുന്ന എസ്ഐയുടെ മുന്നിൽ ഇരുന്നിട്ടാണ് എന്നെ ശാപവാക്കുകളും തെറിവിളി തെറി അഭിഷേകവും ഒക്കെ ചെയ്തത്. അതൊന്നും കേട്ടിട്ട് മിണ്ടാതിരിക്കുന്ന എസ്ഐയെ ഞാൻ എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് കാണുന്നത്. സിനിമയിൽ പോലും അങ്ങനെ ഒരഎസ്ഐയെ ഞാൻ കണ്ടിട്ടില്ല.
ആഭ്യന്തര മന്ത്രിക്ക് എന്തായാലും ഞാൻ പരാതി കൊടുക്കും. എന്നെക്കൊണ്ട് മാപ്പ് നിർബന്ധിച്ച് എഴുതി ഒപ്പിടുവിക്കുകയും, അതിനുശേഷം രണ്ടുവരി കൂടി എഴുതിച്ചേർക്കുകയും ചെയ്ത ആളാണ് ഈ എസ്ഐ രേഷ്മ. ഞാൻ ഒപ്പിട്ടു കൊടുത്തപ്പോൾ ഉണ്ടായിരുന്നതിനേക്കാളും രണ്ടു വരി അവർ എഴുതിച്ചേർത്തിട്ടുണ്ടായിരുന്നു. അതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്നുവരെയാണ് ഞാൻ എഴുതിയത്. എന്നിട്ടാണ് ഒപ്പിട്ടത്. എന്നിട്ട് അത് പരാതിക്കാരിക്ക് അത് ഫോട്ടോ എടുക്കാൻ അനുവദിച്ചു. എന്നെ ഫോട്ടോ എടുക്കാൻ അനുവദിച്ചില്ല. അപ്പോഴേ എസ്ഐ ചോദിക്കുന്നുണ്ട് ഇനി നിങ്ങളുടെ കുടുംബം അൻസിബ തകർക്കില്ല എന്ന് കൂടെ എഴുതി ചേർക്കട്ടേ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു എനിക്കും കൂടെ അതിന്റെ ഫോട്ടോ എടുക്കണമെന്ന്. എനിക്ക് പേടിയായി. ഇനി എന്തൊക്കെയാണ് അവരതിൽ എഴുതിച്ചേർക്കാൻ പോകുന്നതെന്ന് അറിയില്ലല്ലോ. ഭാവിയിൽ അതുപയോഗിച്ച് എൻ്റെ വായ അടപ്പിക്കാൻ വേണ്ടിയിട്ടായിരിക്കുമല്ലോ അങ്ങനെ ഒരു മാപ്പ് എഴുതി ഒപ്പിടുവിക്കുന്നത്.
ടിനി ടോമിനെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ നീന കുറുപ്പ് ശരിവെച്ചിട്ടും ഒരാളല്ലേ കേട്ടിട്ടുള്ളൂ എന്നാണ് പ്രസിഡൻ്റ് ചോദിക്കുന്നത്. അക്കാര്യത്തിലും നിയമപരമായിട്ട് മുന്നോട്ട് പോകുക എന്ന് തന്നെയാണ് വിചാരിക്കുന്നത്. അമ്മ സംഘടനയിലുള്ള ആരൊക്കെയോ എന്നെ വിളിക്കുന്നുണ്ട്. എനിക്കങ്ങനെ ഒരു സംസാരത്തിന് താല്പര്യമില്ല. കാരണം ഞാൻ ഈ വിഷയങ്ങളെല്ലാം നേരത്തെതന്നെ അസോസിയേഷനിൽ പറഞ്ഞതാണ്. ഇതെല്ലാം ഭാരവാഹികൾക്കിടയിൽ അറിയാവുന്ന കാര്യമാണ്. അന്നൊന്നും ഇതിനുവേണ്ടി ഒന്നും ചെയ്യാതിരുന്നവർ മാധ്യമങ്ങൾ ഇത്രയും പറയുന്നതുകൊണ്ടും സമ്മർദം ഉള്ളതുകൊണ്ടും ആയിരിക്കുമല്ലോ അത് കേൾക്കാൻ തയ്യാറായത്. സംഭവത്തിൽ ഒത്തുതീർപ്പിനായി എന്നെ സംഘടനയിൽനിന്ന് വിളിച്ചിട്ടില്ല.” അൻസിബ പറഞ്ഞു.