“പാവം മോഹൻലാൽ ഇതൊന്നും അറിഞ്ഞിട്ട് പോലും ഉണ്ടാകില്ല, ഇതെല്ലാം സൗഹൃദത്തിൻ്റെ പുറത്തുള്ളതാണ്”; കോൺഫിഡന്റ് ഗ്രൂപ്പ് എംഡി

','

' ); } ?>

ഒരു സിനിമാക്കാരും പുറത്തുനിന്ന് കോൺഫിഡന്റ് ഗ്രൂപ്പിൽ ഇൻവെസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി കോൺഫിഡന്റ് ഗ്രൂപ്പ് എംഡി ടി.എ. ജോസഫ്. മോഹൻലാലും ആൻ്റണി പെരുമ്പാവൂരും കുടുംബ സുഹൃത്തുക്കളാണെന്നും, ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹങ്ങളൊന്നും മോഹൻലാൽ പോലും അറിഞ്ഞിട്ടുണ്ടാകില്ലെന്നും ടി.എ. ജോസഫ് പറഞ്ഞു. മോഹൻലാലിന് കമ്പനിയിൽ ഇൻവെസ്റ്റ്മെന്റുണ്ടോ എന്ന ചോദ്യത്തി പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാധ്യമങ്ങൾക്ക് നൽകിയ വാർത്താ സമ്മേളനത്തിലാണ് ടി.എ. ജോസഫ് കാര്യങ്ങൾ വ്യക്തമാക്കിയത്.

“ഒരു സിനിമാക്കാരും പുറത്തുനിന്ന് കമ്പനിയിൽ ഇൻവെസ്‌റ്റ് ചെയ്തിട്ടില്ല. മോഹൻലാലിനും ആൻ്റണി പെരുമ്പാവൂരിനും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയായിരുന്ന സി.ജെ റോയിയുമായുള്ള ബന്ധം ‘കാസിനോവ’ സിനിമ വഴിയാണ്. നമ്മുടെ കുടുംബ സുഹൃത്തുക്കളാണ് ഇരുവരും. അത്ര ബോണ്ടിങ്ങാണ് അവരുമായിട്ട്. ആന്റണി പെരുമ്പാവൂരിൻ്റെ ഓരോ സിനിമ റിലീസാവുമ്പോഴും അതിലെല്ലാം ബാനറിൽ കാർഡ് ഇടുന്നുണ്ട്. ഡോ. റോയ് എന്നൊക്കെ പറഞ്ഞുള്ള കാർഡുകളാണ് അവ. ഇതെല്ലാം സൗഹൃദത്തിൻ്റെ പുറത്ത് പണം വാങ്ങാതെ ചെയ്യുന്നതാണ്. അല്ലാതെ ഇവരാരും നമ്മളിൽ ഇൻവെസ്‌റ്റ് ചെയ്യാൻ വന്നിട്ടുമില്ല, പറഞ്ഞിട്ടുമില്ല, ചെയ്‌തിട്ടുമില്ല. ഒരാളെയും ഇൻവെസ്റ്റ്മെന്റിന് കമ്പനിയിലെടുക്കില്ല. ഇതെല്ലാം കള്ള പ്രചാരണങ്ങളാണ്. പാവം മോഹൻലാൽ ഇതൊന്നും അറിഞ്ഞ് പോലും കാണില്ല.” ടി.എ. ജോസഫ് വ്യക്തമാക്കി.

കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയും മലയാളി വ്യവസായിയും സിനിമാ നിർമാതാവുമായ സി ജെ റോയ് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ജീവനൊടുക്കിയത്. അശോക് നഗറിലുള്ള കമ്പനി ആസ്‌ഥാനത്ത് ആദായ നികുതി റെയ്‌ഡിനിടെയാണ് അദ്ദേഹം മരിച്ചത്. കൈവശമുണ്ടായിരുന്ന സ്വന്തം തോക്ക് ഉപയോഗിച്ച് റോയ് വെടിയുതിർക്കുകയായിരുന്നു.