“മമ്മൂക്കയുടെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം സുൽഫത്താത്തയാണ്”; കുറിപ്പ് പങ്കുവെച്ച് കൊച്ചിൻ ഹനീഫയുടെ ഭാര്യാ സഹോദരൻ

','

' ); } ?>

മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിന്റെയും ലാളിത്യവും പരസ്പരസ്നേഹവും നേരിട്ടറിഞ്ഞതിന്റെ വൈകാരികാനുഭവം പങ്കുവെച്ച് അന്തരിച്ച നടൻ കൊച്ചിൻ ഹനീഫയുടെ ഭാര്യാസഹോദരൻ ഫിറോസ്. കൊച്ചിൻ ഹനീഫയുടെ കുടുംബത്തിന്റെ പുതിയ വീടിന്റെ പാലുകാച്ചൽ ചടങ്ങിൽ വിശിഷ്ടാതിഥികളായെത്തിയ മമ്മൂട്ടിയും സുൽഫത്തും കാണിച്ച എളിമയും പെരുമാറ്റവുമാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലൂടെ ഫിറോസ് ഓർത്തെടുക്കുന്നത്.

ചടങ്ങിലുടനീളം സുൽഫത്ത് പുലർത്തിയ ലളിതമായ പെരുമാറ്റവും എല്ലാവരോടുമുള്ള കരുതലും തങ്ങളെ ഏറെ സ്പർശിച്ചുവെന്ന് ഫിറോസ് പറയുന്നു. മുൻപ് ഒരു അഭിമുഖത്തിൽ ഭാര്യമാരോടുള്ള ബഹുമാനത്തെക്കുറിച്ച് മമ്മൂട്ടി സംസാരിച്ചത് ഫിറോസ് ഈ അവസരത്തിൽ അനുസ്മരിച്ചു. “അമ്മയെപ്പോലെ തന്നെ നമ്മൾ ഭാര്യയെയും സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. കാരണം, പിന്നീട് അമ്മയാകുന്നത് ഭാര്യയാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സുന്ദരിയായ സ്ത്രീ എന്റെ ഭാര്യയാണ്” എന്നായിരുന്നു മമ്മൂട്ടി അന്ന് പറഞ്ഞത്.

സുൽഫത്തിന്റെ സ്നേഹവും ലാളിത്യവും നേരിട്ട് കണ്ടപ്പോൾ മമ്മൂക്ക അന്ന് പറഞ്ഞ വാക്കുകളുടെ ആഴം തനിക്ക് മനസ്സിലായെന്നും, അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം സുൽഫത്താത്ത തന്നെയാണെന്ന് ബോധ്യപ്പെട്ടതായും ഫിറോസ് കൂട്ടിച്ചേർത്തു. മാതൃകാദമ്പതികളായ ഇരുവരുടെയും ദീർഘായുസ്സിനായി പ്രാർത്ഥിച്ചുകൊണ്ടാണ് ഫിറോസ് തന്റെ വാക്കുകൾ അവസാനിപ്പിക്കുന്നത്.

ഫിറോസിന്റെ വാക്കുകൾ:

മമ്മൂക്കയും കുടുംബവും കൊച്ചിൻ ഹനീഫയുടെ വീട് സന്ദർശിച്ചപ്പോൾ എല്ലാവരും മമ്മൂക്കയെ ശ്രദ്ധിച്ചപ്പോൾ എന്റെ ശ്രദ്ധ പോയത് മറ്റൊരു വ്യക്തിയിലാണ്. ഇന്ത്യയിലെ തന്നെ ഏറ്റവും സുന്ദരനായ നടന്റെ ഭാര്യ നിഴൽ പോലെ മമ്മൂക്കയുടെ കൂടെ നടക്കുന്നതും, അവരുടെ എളിമ , അവരുടെ വസ്ത്രധാരണം, അവരുടെ സംസാരം , അവരുടെ കെയർ, ഒന്നും പറയാൻ വാക്കുകളില്ല.

എന്നെ കണ്ട ഉടൻ തന്നെ പെങ്ങളെ ചേർത്ത് പിടിക്കണം എന്ന് പറഞ്ഞു.  മമ്മൂക്ക കുട്ടികളുമായി ഫോട്ടോ എടുക്കുന്ന സമയത്ത് ഞാൻ അറിയാതെ എന്റെ ക്യാമറ അവരിലേക്ക് പോയി. കാരണം അവർ പറയുന്നുണ്ടായിരുന്നു മക്കളെ ഒന്നുകൂടി ചേർത്ത് പിടിക്കൂ എന്ന്.  മമ്മൂക്ക സെൽഫി എടുക്കുന്ന സമയത്ത് ഓടി വന്നു മക്കളെ ചേർത്ത് പിടിച്ചു കൂടെ നിന്നു.

എന്റെ പെങ്ങളോട് പറഞ്ഞു കൂടെയുണ്ടാകും,  ഞാനും മമ്മൂക്കയും.  വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ ആന്റോ എന്ന വ്യക്തി ഭാഭി എന്ന് വിളിച്ചപ്പോൾ എന്റെ ഉള്ളും വിളിച്ചുപോയി ഭാഭി ശ്രദ്ധിച്ച് ഇറങ്ങണം എന്ന്.

മമ്മൂക്ക ഒരു ഇന്റർവ്യൂവിൽ പറഞ്ഞിരുന്നു, ‘‘അമ്മയെപ്പോലെ തന്നെ നമ്മുടെ ഭാര്യയെയും നമ്മൾ റെസ്‌പെക്ട് ചെയ്യണം, സ്നേഹിക്കണം.  ഭാര്യയാണ് പിന്നീട് അമ്മയാകുന്നത്. എനിക്ക് ഏറ്റവും ഇഷ്ടപെട്ട സുന്ദരിയായ സ്ത്രീ എന്റെ ഭാര്യയാണ്.’’ എന്ന്.  അവരുടെ സ്നേഹവും കെയറും കണ്ടപ്പോൾ എനിക്കും തോന്നി മമ്മൂക്കയുടെ ഭാഗ്യം അവർ തന്നെയാണ് എന്ന്. രണ്ടുപേർക്കും ദീർഘായുസ് നേരുന്നു.’’