ഫൈറ്റ് എങ്ങനെ വേണം, നിങ്ങളുടെ അഭിപ്രായം പറയൂ

പവര്‍സ്റ്റാര്‍ സിനിമ കോവിഡ് മൂന്നാംതരംഗം കഴിഞ്ഞ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങാന്‍ പറ്റും എന്ന് വിചാരിക്കുന്നതായി സംവിധായകന്‍ ഒമര്‍ലുലു. 2 ഗണ്‍ ഫൈറ്റ് അടക്കം ആറ് ഫൈറ്റാണ് പവര്‍സ്റ്റാറില്‍ ഉള്ളത്. വല്ല്യ പറക്കലും ഓവര്‍ സ്ലോ മോഷനും ഗ്രാവിറ്റി മറന്നുള്ള ഫൈറ്റും വേണ്ടാ എന്നാണ് തന്റെയും ബാബു ആന്റണി ചേട്ടന്റെയും തീരുമാനമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. പ്രേക്ഷകര്‍ക്കും അഭിപ്രായം പ്രകടിപ്പിക്കാന്‍ അവസരം നല്‍കുന്നുവെന്ന് പറഞ്ഞാണ് ഫേസ്ബുക്ക് പോസ്റ്റ്.

രതീഷ്‌ ആനേടത്താണ് പവർസ്റ്റാർ സിനിമയുടെ നിർമാതാവ്. ക്ഷുഭിത യൗവനത്തിൻ്റെയും ക്യാംപസുകളുടെയും കഥകള്‍ പറഞ്ഞ് തഴക്കം വന്ന സംവിധായകൻ ഒമർ ലുലു ഒരുക്കുന്ന ആദ്യ ആക്ഷന്‍ ചിത്രമായതിനാൽ തന്നെ സിനിമാ പ്രേമികൾ വളരെ ആവേശത്തോടെയാണ് സിനിമയെ ഉറ്റു നോക്കുന്നത്.

ബാബു ആന്റണിക്കൊപ്പം റിയാസ് ഖാന്‍, അബു സലിം തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടും. ഒമര്‍ ലുലുവിന്റെ മുന്‍ സിനിമകള്‍ കോമഡിച്ചേരുവകള്‍ ഉള്ളതായിരുന്നു. കൊക്കെയ്!ന്‍ വിപണിയാണ് പവര്‍ സ്റ്റാര്‍ സിനിമയുടെ പ്രമേയമായി വരുന്നത്. മംഗലാപുരവും കാസര്‍ഗോഡും കൊച്ചിയുമാണ് ലൊക്കേഷനുകള്‍ എന്നും ഒമര്‍ ലുലു പറഞ്ഞിരുന്നു. അമേരിക്കന്‍ ബോക്‌സിങ് ഇതിഹാസമായ റോബര്‍ട് പര്‍ഹാമും ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്. കിക്ക് ബോക്‌സിങില്‍ അഞ്ചു തവണ ലോകചാമ്പ്യനും, നാല് തവണ സപോര്‍ട്കരാട്ടെ ചാമ്പ്യനുമായ റോബര്‍ട്ട് പര്‍ഹാം അമേരിക്കയിലെ തിരക്കേറിയ നടനും സംവിധായകനും എഴുത്തുകാരനും നിര്‍മ്മാതാവും കൂടിയാണ്. റോബര്‍ട് പര്‍ഹാം ജോയിന്‍ ചെയ്യുമ്പോള്‍ നല്ലൊരു ഇന്റര്‍നാഷണല്‍ അപ്പീല്‍ തന്നെ പവര്‍ സ്റ്റാറിന് നല്‍കുവാന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഏറെക്കാലത്തിനു ശേഷം ഡെന്നിസ് ജോസഫ് തിരക്കഥയൊരുക്കുന്നു എന്ന പ്രത്യേകതയുണ്ട്. നായികയോ പാട്ടുകളോ ചിത്രത്തിലില്ല. ആക്ഷന് പ്രാധാന്യമുള്ളത് തന്നെയാകും പവര്‍ സ്റ്റാര്‍.