ചിത്രയുടെ സ്വരത്തില്‍ മാലിക്കിലെ ആദ്യഗാനമെത്തി

പ്രേക്ഷകര്‍ ആകാംക്ഷയോടെ ഫഹദ് ഫാസില്‍ നായകനാവുന്ന ബിഗ് ബജറ്റ് ചിത്രം മാലിക്കിലെ ആദ്യഗാനമെത്തി. ജൂലൈ 15ന് ചിത്രം ആമസോണ്‍ െ്രെപമിലൂടെ റിലീസ് ചെയ്യും. തീരമേ തീരമേ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ഫഹദ് ഫാസില്‍, നിര്‍മ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. സുഷിന്‍ ശ്യാമാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. കെ എസ് ചിത്രയും സൂരജ് സന്തോഷും ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത് അന്‍വര്‍ അലിയാണ്. കൊവിഡ് സാഹചര്യം മൂലം ചിത്രം ആമസോണ്‍ െ്രെപമിലാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഒടിടി റിലീസിനായി നിര്‍മ്മാതാവ് ആന്റോ ജോസഫ് ഫിലിം ചേമ്പറിനെ സമീപിക്കുകയായിരുന്നു. നേരത്തെ ചിത്രം ഒടിടി റിലീസ് ആയിരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഏത് ഒടിടി പ്ലാറ്റ്‌ഫോമിലാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

കഴിഞ്ഞ മാസമായിരുന്നു മാലിക്കിന്റെ തിയറ്റര്‍ റിലീസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് രണ്ടാം തരംഗം മൂലം തിയേറ്ററുകള്‍ അടച്ചത് കാരണം ചിത്രത്തിന്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു. മഹേഷ് നാരായാണന്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ 2019 സെപ്റ്റംബറിലാണ് ആരംഭിച്ചത്. സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ തിരക്കഥയും, എഡിറ്റിങ്ങും നിര്‍വ്വഹിക്കുന്നത് മഹേഷ് തന്നെയാണ്. തീരദേശ ജനതയുടെ നായകനായ സുലൈമാന്റെയും, അയാളുടെ തുറയുടെയും കഥയാണ് ചിത്രം പറയുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് സുലൈമാന്‍ എന്ന ഫഹദ് ഫാസിലിന്റെ കഥാപാത്രം കടന്ന് പോകുന്നത്. 20 വയസ് മുതല്‍ 57 വയസ്സ് വരെയുള്ള സുലൈമാനെയാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ജോജു, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍ തുടങ്ങിയവരും ശക്തമായ കഥാപാത്രങ്ങളായി തന്നെ ഉണ്ട്.  പീരീയഡിക്കല്‍ മൂവിയായാണ് മാലിക്ക് എത്തുന്നത്‌.
https://youtu.be/jMhB464Oo_w