‘പച്ചത്തെറി’ മാത്രമാണോ ചുരുളി?

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി ഒ.ടിടിയിലൂടെ റിലീസായിരിക്കുന്നു. നായകന്‍, അങ്കമാലി ഡയറീസ്, ആമേന്‍, ഈ മ യൗ, ജല്ലിക്കെട്ട്, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചുരുളിയിലേക്കെത്തുമ്പോള്‍ പരീക്ഷണത്തിന്റെ പാതയില്‍ തന്നെയാണ് സംവിധായകനെന്ന് കാണാം. സാധാരണ പ്രേക്ഷകര്‍ക്ക് എളുപ്പം ദഹിക്കാത്ത, ഒട്ടും അംഗീകരിക്കാനാകാത്ത ചിത്രമാണ് ചുരുളി. അതേ സമയം സിനിമയെ ഗൗരവത്തോടെ സമീപിക്കുന്നവര്‍ക്കും, വെള്ളിത്തിരയിലെ പുതു പരീക്ഷണങ്ങള്‍ക്ക് കാത്തിരിക്കുന്നവര്‍ക്കുമുള്ള ചിത്രമാണ് ചുരുളി. ജല്ലിക്കെട്ടില്‍ കാഴ്ച്ചകളുടെ വിസ്മയലോകം തീര്‍ത്ത ലിജോ സിനിമയുടെ നിയമതമായ ചട്ടക്കൂടുകളെ ചുരുളിയിലൂടെ പൊട്ടിച്ചെറിയുന്നുണ്ട് ചുരുളിയിലൂടെ. നടപ്പുശീലങ്ങള്‍ക്കും കാഴ്ച്ചകള്‍ക്കുമപ്പുറമുള്ള ഒരു ലോകം തീര്‍ക്കാന്‍ ഇത്തവണ പക്ഷേ പ്രേക്ഷകന്റെ കേള്‍വിയെ പച്ചത്തെറികളാല്‍ മൂടുകയായിരുന്നു ലിജോ. വിനോയ് തോമസിന്റെ കഥയില്‍ എഴുത്തുകാരന്‍ എസ് ഹരീഷാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

നമ്മള്‍ ഒരു യാത്ര പോകുന്നു ആ യാത്രയില്‍ ദുരൂഹമായ എന്തൊക്കെയോ വന്നു ചേരുന്നു. ഇത്തരം ജോണറിലുള്ള നിരവധി സിനിമകളുണ്ടായിട്ടുണ്ട്. എന്നാല്‍ ചുരുളിയിലേക്കെത്തുമ്പോള്‍ തീര്‍ത്തും അപരിചിതമായ ലോകമായിരിക്കണമെന്ന സംവിധായകന്റെ കാഴ്ച്ചപ്പാട് തന്നെയാണ് ഇത്തരമൊരു തെറിയുടെ ഭൂമിക തെരഞ്ഞെടുക്കാന്‍ കാരണമെന്ന് തോന്നുന്നു. വന്യത, ഫാന്റസി, വയലന്‍സ്, അങ്ങിനെ ഒരിയ്ക്കല്‍ പെട്ടുപോയാല്‍ ഒരിയ്ക്കലും പുറത്ത് കടക്കാനാവാത്ത ‘ചുരുളി’ പല അടരുകളായി തന്നെയാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നത്. ജല്ലിക്കെട്ട് പോലെ തന്നെ ഡ്രാമയുടെ സാധ്യതകളെയാണ് സംവിധായകന്‍ ചിത്രത്തിനായി ഉപയോഗിച്ചിട്ടുള്ളത്. ഒന്നിനുമൊരു വ്യവസ്ഥയും വെള്ളിയാഴ്ച്ചയുമില്ലാത്ത ചുരുളിയില്‍ ആണും പെണ്ണുമെല്ലാം ഒരുപോലെ തെറി പറയും. ആര്‍ക്കും എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിച്ചേക്കാവുന്ന ചുരുളിയില്‍ ഒരാളുടേയും ഐഡന്റിറ്റി പോലുമില്ല എന്നതും ശ്രദ്ധേയമാണ്. കുറ്റവാളികളുടെ സഹായത്തോടെ തങ്ങള്‍ക്ക് ആവശ്യമുള്ള കുറ്റവാളിയെ മാത്രം പിടിയ്ക്കുന്ന നായമപാലകരാണ് ചുരുളിയിലെത്തുന്നു. നിയമം നടപ്പാക്കേണ്ടവര്‍ തന്നെ അവരറിയാതെ ചുരുളിയിലമര്‍ന്ന് നട്ടം തിരിയുന്ന കാഴ്ച്ചകളിലൂടെയുള്ള വഴിയില്ലെല്ലാം ദുരൂഹതയുടെ കമ്പളം പുതയ്ക്കാന്‍ സംവിധായകനായിട്ടുണ്ട്. ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ എടുത്ത് പറയേണ്ടുന്ന ഒന്നാണ്. മധു നീലകണ്ഠന്റെ ഛായാഗ്രഹണം, ശ്രീരാഗ് സജിയുടെ സംഗീതം, ദീപു ജോസഫിന്റെ ചിത്രസംയോജനം എന്നിവയെല്ലാം നന്നായിട്ടുണ്ട്.

റിയലിസ്റ്റിക് കാഴ്ച്ചകള്‍ക്കും പച്ചതെറിവിളികള്‍ക്കുമൊപ്പം ഫാന്റസിയും ഡ്രാമയും സമാസമം ചേര്‍ത്ത് വെച്ച് വേറൊരു ലോകമെന്ന് ഒറ്റനോട്ടത്തില്‍ പറയിപ്പിക്കാന്‍ കഴിഞ്ഞതില്‍ സംവിധായകന്‍ വിജയിച്ചിട്ടുണ്ട്. അതേസമയം സംവിധായകന്റെ സ്വ്ാതന്ത്ര്യത്തിന്റെ അതിര്‍ത്തി സംബന്ധിച്ച ചര്‍ച്ചകളും ഒരുവശത്ത് നടക്കുന്നുണ്ട്. കലയില്‍ സഭ്യതയുടെ സീമ ഏത് വരെയാകാം എന്നതുള്‍പ്പെടെ പലവിധ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഒ ടി ടി ആയല്ല തിയേറ്ററില്‍ സെന്‍സറിംഗിന് ശേഷമാണ് ചിത്രമെത്തിയതെങ്കില്‍ ചിത്രം ബീപ്പ് ശബ്ദം മാത്രമായി അവസാനിക്കുമായിരുന്നു. അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലുള്‍പ്പെടെ പ്രദര്‍ശിപ്പിച്ച ചിത്രം അത്തരം കാഴ്ച്ചക്കാരെ തന്നെയാണ് ലക്ഷ്യമിടുന്നത്. വെറും ഒരു തെറിവിളിയുടെ ലോകം എന്ന് വിളിച്ച് ആക്ഷേപിക്കാവുന്നതിനുമപ്പുറം അഴിച്ചിട്ടും അഴിച്ചിട്ടും അഴിയാത്ത ചുരുളി പോലെ പ്രേക്ഷകനേയും ചുരുളിയില്‍പെടുത്താന്‍ കഴിഞ്ഞുവെന്ന് സംവിധായകന് തീര്‍ച്ചയായും അഭിമാനിക്കാം. ഫെസ്റ്റിവല്‍ മൂവിയക്കും വാണിജ്യസാധ്യതയുണ്ടെന്ന് തെളിയിച്ച സംവിധായകന്‍ എന്നതിലും ലിജോ തീര്‍ച്ചയായും കയ്യടി അര്‍ഹിക്കുന്നു.കുറ്റവാളികളുടെ ലോകത്ത് നിന്ന് സ്വാതന്ത്ര്യം സാധ്യമാകില്ലെന്ന ഓര്‍മ്മപ്പെടുത്തലോടെ നമ്മള ചുരുളിയിലെ ചര്‍ച്ചകളില്‍ തളച്ചിട്ട് സംവിധായകന്‍ പുതിയ സിനിമയുടെ പണിപ്പുരയിലേക്ക് നീങ്ങി കഴിഞ്ഞു. മമ്മൂട്ടിയുമൊത്തുള്ള ആ ചിത്രത്തിനായി കാത്തിരിക്കാം.