ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ചുരുളി’ എന്ന സിനിമയുടെ പ്രദര്‍ശനത്തിലൂടെ ഏതെങ്കിലും തരത്തിലുള്ള നിയമ ലംഘനം നടന്നിട്ടുണ്ടോ എന്നറിയിക്കാന്‍ ഹൈക്കോടതി ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി.
ചുരുളി പൊതു ധാര്‍മ്മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടി പ്ലാറ്റ്‌ഫോമായ സോണി ലിവ്വില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂര്‍ സ്വദേശിനിയായ അഭിഭാഷകയാണ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നുത്. സിനിമ സമൂഹത്തെ സ്വാധീനിക്കുന്ന കലാരൂപമാണെന്നും ചിത്രത്തിലെ സംഭാഷണങ്ങള്‍ സ്ത്രീകളുടേയും കുട്ടികളുടേയും അന്തസ്സ് കളങ്കപ്പെടുത്തുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഈ ഹര്‍ജി പരിഗണിക്കവെ സിനിമ പ്രഥമദൃഷ്ട്യാ നിയമലംഘനം നടത്തുന്നതായി തോന്നുന്നില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സിനിമ എന്നത് സംവിധായകന്റെ ആവിഷ്‌കാര സ്വാതന്ത്ര്യമാണ്. അതില്‍ കോടതിക്ക് കൈകടത്താന്‍ സാധിക്കില്ല. സിനിമ സംവിധായകന്റെ സൃഷ്ടിയാണ്. സംവിധായകന് കലാപരമായ സ്വാതന്ത്ര്യമുണ്ട്. ആവിഷ്‌കാരസ്വാതന്ത്ര്യം ഭരണഘടനാ അവകാശമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
ചിത്രത്തിലെ വിവാദമായ ഭാഷാ പ്രയോഗത്തെ കുറിച്ചും ഹൈക്കോടതി പരമാര്‍ശം നടത്തി ഇങ്ങനെയായിരുന്നു. വള്ളുവനാടന്‍ ഭാഷയോ, കണ്ണൂര്‍ ഭാഷയോ സിനിമയില്‍ ഉപയോഗിക്കാന്‍ കോടതി എങ്ങിനെയാണ് ആവശ്യപ്പെടുക? ഗ്രാമത്തിലെ ജനങ്ങള്‍ ആ ഭാഷയായിരിക്കാം ഉപയോഗിക്കുന്നത്. സിനിമയില്‍ നിയമം ലഘനം നടന്നിട്ടുണ്ടോ എന്ന് മാത്രമേ ഹൈക്കോടതിക്ക് പരിശോധിക്കാന്‍ സാധിക്കുകയുള്ളു. നിലവില്‍ അത്തരം കണ്ടെത്തലുകള്‍ ഉണ്ടായിട്ടില്ലെന്നും ഹൈക്കോടതി വിലയിരുത്തി.
സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നത് വഴി സെന്‍സര്‍ ബോര്‍ഡ് ക്രിമിനല്‍ നടപടിക്രമം ലംഘിക്കുകയായിരുന്നുവെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്. എന്നാല്‍ സിനിമ തിയേറ്ററുകളില്ല ഒടിടിയിലാണ് റിലീസ് ചെയ്തത്. അതിനാല്‍ ആരെയും നിര്‍ബന്ധിച്ച് സിനിമ കാണിക്കുന്നില്ലെന്നും കോടതി പറഞ്ഞു.
ചെമ്പന്‍ വിനോദ് ജോസ്, വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ചുരുളി. വിനോയ് തോമസിന്റെ കഥയ്ക്ക് അവലംബിത തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് എസ് ഹരീഷ് ആണ്.’ജല്ലിക്കട്ടി’നുശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.