എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം

സിനിമയെന്ന തൊഴിലിടത്തില്‍ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കോ, ലിംഗ വിവേചനങ്ങള്‍ക്കോ ഇടയില്ലാത്ത, എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്ന് ഡബ്ല്യൂ സി സി.

സിനിമയെന്ന മാധ്യമത്തെ ഹൃദയത്തോട് ചേര്‍ത്തുകൊണ്ട് ഞങ്ങള്‍ ഇവിടെത്തന്നെ ഉണ്ടാകും. ആക്ഷനും കട്ടിനും ഇടയില്‍ സംഭവിക്കുന്ന ജീവന്‍ തുടിക്കുന്ന നിമിഷങ്ങള്‍ ഞങ്ങള്‍ക്ക് ഒരുപാട് പ്രിയപ്പെട്ടതാണ്.അമൂല്യമാണ്! ചിരിയുടെയും കണ്ണീരിന്റെയും പല ഭാവങ്ങളിലൂടെ പ്രേക്ഷകരെ യാത്ര ചെയ്യിപ്പിക്കുന്ന ഈ സ്വപ്നതുല്യമായ മാധ്യമത്തോട് ഞങ്ങള്‍ക്ക് ഒടുങ്ങാത്ത സ്‌നേഹമാണ് പ്രതിബദ്ധതയാണ്. ‘മലയാള സിനിമ’ കണ്ടു വളര്‍ന്ന പ്രേക്ഷകരെന്ന നിലയിലും, വ്യത്യസ്ത രീതികളില്‍ അതിന്റെ ഭാഗമാകുന്നവര്‍ എന്ന നിലയിലും, ഈ ഒരു മാധ്യമത്തോടൊപ്പം ഇനിയും ഏറെ ദൂരം സഞ്ചരിക്കണം എന്ന് തന്നെയാണ് സിനിമയെ സ്‌നേഹിക്കുന്ന എല്ലാവരെയും പോലെ തന്നെ ഞങ്ങള്‍ക്കും ആഗ്രഹിക്കുന്നത്. അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നത്.

സിനിമയെന്ന തൊഴിലിടത്തില്‍ യാതൊരു തരത്തിലുള്ള ലൈംഗിക അതിക്രമങ്ങള്‍ക്കോ, ലിംഗ വിവേചനങ്ങള്‍ക്കോ ഇടയില്ലാത്ത, എല്ലാവര്‍ക്കും സുരക്ഷയും തുല്യതയും ഉറപ്പുവരുത്തുന്ന അനുയോജ്യമായ ഒരന്തരീക്ഷം ഉണ്ടാകണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടെ തൊഴിലിടങ്ങള്‍ വൃത്തിഹീനവും, പ്രൊഫെഷനലും അല്ലാതാകുന്ന സാഹചര്യങ്ങളില്‍, പ്രായോഗികമായ തീരുമാനങ്ങളിലൂടെ അതു പരിഹരിച്ചുകൊണ്ട് ഒരുമിച്ച് മുന്നോട്ടേക്ക് തന്നെ നടക്കാന്‍ ആണ് ഈ മാധ്യമത്തിന്റെ പല കണ്ണികളായ ഓരോരുത്തരും ശ്രമിക്കുന്നത് എന്ന് ഡബ്ല്യൂ സി സിയുടെ ഫേസ് ബുക്ക് പേജില്‍ കുറിച്ചു.

മലയാള സിനിമയിലെ ലൈംഗിക ചൂഷണം മുന്‍കാലങ്ങളെ അപേക്ഷിച്ച് കൂടുതലെന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി അംഗവും പഴയകാല സിനിമ നടിയുമായ ശാരദയുടെ റിപ്പോര്‍ട്ടിന്റെ വാര്‍ത്ത് പങ്കുവെച്ചുകൊണ്ട് ഡബ്ല്യൂ സി സി ഈ കുറിപ്പ് പങ്കു വച്ചിരിക്കുന്നത്.

ശാരദയുടെ വാക്കുകള്‍:

റിപ്പോര്‍ട്ട് പുറത്തുവിടരുത് എന്നൊരു നിര്‍ദേശം കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഗവണ്‍മെന്റ് എല്ലാ കാര്യങ്ങളും നന്നായി നോക്കുന്നുണ്ട്. റിപ്പോര്‍ട്ട് പുറത്തുവിടേണ്ട സമയത്ത് പുറത്തുവിടും. വളരെ വലിയൊരു സബ്ജക്ട് ആണിത്. ഇപ്പോള്‍ തിരക്ക് പിടിക്കുന്നതില്‍ കാര്യമില്ല. അത് ചെറിയ കാര്യമല്ല. കാര്യങ്ങളെ വളരെ സീരിയസ് ആയി എടുത്താണ് ഈ കമ്മിറ്റി ഉണ്ടാക്കിയത്. സിനിമ മേഖലയിലെ സ്ത്രീകളുടെ അവസ്ഥയില്‍ ഈ കമ്മിറ്റി റിപ്പോര്‍ട്ട് വലിയ മാറ്റം ഉണ്ടാക്കണം. ഉണ്ടാക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

ഞാനൊരു കാര്യം പറയട്ടെ, സെക്ഷ്വല്‍ ഹരാസ്മെന്റ് സിനിമയില്‍ മാത്രമല്ല. ഓഫീസുകളില്‍ ഇല്ലേ? എത്ര ബോറായിട്ടാണ് ഓഫീസുകളില്‍ ആളുകള്‍ പെരുമാറുന്നത്. സിനിമയിലെ പ്രശ്നങ്ങളെ മാത്രം ഹൈലൈറ്റ് ചെയ്യുന്നതില്‍ കാര്യമില്ല. എല്ലായിടത്തും ഈ പ്രശ്നം ഉണ്ട്. ഗവണ്‍മെന്റ് സമയമാകുമ്പോള്‍ നല്ല രീതിയില്‍ തന്നെ ഈ റിപ്പോര്‍ട്ട് റിലീസ് ചെയ്യും.

ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലം തൊട്ട് ഉള്ളതാണ് ഈ ലൈംഗിക ചൂഷണം. പക്ഷെ ഞങ്ങള്‍ പുറത്ത് പറയില്ലായിരുന്നു, ഇവര്‍ പറയുന്നുണ്ട്. എന്നാലും അന്ന് ഇത്ര മോശമായിരുന്നില്ല അവസ്ഥ. പക്ഷെ ഞങ്ങള്‍ പറയില്ലായിരുന്നു. സിനിമയില്‍ മാത്രമല്ല, എല്ലായിടത്തും ഇതുണ്ട്. ഇനി നിങ്ങള്‍ക്ക് സിനിമ ഇഷ്ടമല്ലെങ്കില്‍ അതുപേക്ഷിച്ച് വേറെ ജോലിക്ക് പോകുക. എന്തിനാണ് ഈ ചീത്ത സ്ഥലത്ത് സിനിമ സിനിമ എന്ന് പറഞ്ഞ് നില്‍ക്കുന്നത്?

ഞാന്‍ കൂടുതല്‍ ഇതേപ്പറ്റി പറയില്ല. പഠനം ഭംഗിയായി നടത്തിയിട്ടുണ്ട്. ഗവണ്‍മെന്റ് വേണ്ട കാര്യങ്ങള്‍ വേണ്ടതു പോലെ ചെയ്യും.