എന്തുകൊണ്ട് നമ്മള്‍ ചിത്രയെ ഇത്രമേല്‍ സ്‌നേഹിക്കുന്നു?

സംഗീത വിസ്മയം ചിത്രയുടെ പിറന്നാളാണ് ഇന്ന്. നാദവിസ്മയത്തിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് കൊണ്ടുള്ള സന്ദേശങ്ങളാല്‍ സജീവമാണ് സോഷ്യല്‍മീഡിയ. ‘എന്തുകൊണ്ട് നമ്മള്‍ ചിത്രയെ ഇത്രമേല്‍ സ്‌നേഹിക്കുന്നു?’ എന്ന രവിമേനോന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് വൈറലാവുകയാണ്. രണ്ടു കാലഘട്ടങ്ങള്‍. രണ്ടു തലമുറകള്‍. രണ്ടു ആസ്വാദക സമൂഹങ്ങള്‍. ഈ വ്യത്യസ്തതകള്‍ക്കിടയിലും മുഹമ്മദ് റഫിയെയും കെ എസ് ചിത്രയേയും ഒരുപോലെ മലയാളിമനസ്സുകള്‍ക്ക് പ്രിയങ്കരരാക്കുന്ന ചില പൊതു ഘടകങ്ങളുണ്ടെന്ന് വിലയിരുത്തുകയാണ് സംഗീതനിരൂപകന്‍ കൂടെയായ രവിമേനോന്‍. ‘പൂര്‍ണേന്ദുമുഖി ‘എന്ന പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്…കുറിപ്പ് താഴെ വായിക്കാം…

എന്തുകൊണ്ട് നമ്മൾ ചിത്രയെ ഇത്രമേൽ സ്നേഹിക്കുന്നു?
———————————–
രണ്ടു കാലഘട്ടങ്ങൾ. രണ്ടു തലമുറകൾ. രണ്ടു ആസ്വാദക സമൂഹങ്ങൾ. ഈ വ്യത്യസ്തതകൾക്കിടയിലും മുഹമ്മദ് റഫിയെയും കെ എസ് ചിത്രയേയും ഒരുപോലെ മലയാളിമനസ്സുകൾക്ക് പ്രിയങ്കരരാക്കുന്ന ചില പൊതു ഘടകങ്ങളുണ്ട്: ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് ഒഴുകിയെത്തുന്ന പ്രസാദാത്മകമായ ചിരി, വിനയാന്വിതമായ പെരുമാറ്റം, പകരം വെക്കാനില്ലാത്ത അർപ്പണബോധം, പാട്ടിലാണെങ്കിൽ ഏതു ഈണത്തെയും അനായാസം പാട്ടിലാക്കാനുള്ള കഴിവ്, മാന്ത്രികമായ ഭാവം പകർന്നുനൽകി സാധാരണ ഗാനങ്ങൾക്ക് പോലും അസാധാരണത്വം കൈവരുത്താനുള്ള കഴിവ്…….

ചിത്രയുടെ പിറന്നാളിൽ, പഴയൊരു കുറിപ്പ് വീണ്ടും പങ്കുവെക്കുന്നു. എന്റെ ഹൃദയത്തെ തൊട്ട ഈ അനുഭവത്തിൽ അദൃശ്യ സാന്നിധ്യമായി ചിത്രയുണ്ട്. ചിത്രയോടുള്ള മലയാളിയുടെ സ്നേഹമുണ്ട്.
———————————–
എന്തുകൊണ്ട് മലയാളികൾ ചിത്രയെ ഇത്രയേറെ സ്നേഹിക്കുന്നു എന്ന് ഓർത്തുനോക്കിയിട്ടുണ്ട് . പ്രതിഭാശാലിയായ പാട്ടുകാരിയായത് കൊണ്ട് മാത്രമാവില്ല അത് . ശബ്ദ മാധുര്യത്തിനും ആലാപന ചാതുരിക്കും എല്ലാം അപ്പുറത്ത്, നമ്മളറിയാതെ നമ്മുടെ ഹൃദയത്തെ വന്നു തൊടുന്ന എന്തോ ഉണ്ട് ചിത്രയുടെ വ്യക്തിത്വത്തിൽ . “ആഹ്ലാദവും ദുഖവും ദേഷ്യവും ഒന്നും മറച്ചുവെക്കാനാവില്ല എനിക്ക് . എല്ലാ വികാരങ്ങളും സ്വാഭാവികമായി മുഖത്ത് തെളിഞ്ഞുകൊണ്ടിരിക്കും .” പെരുമാറ്റത്തിലെ ഈ സുതാര്യത തന്നെയാവാം ചിത്രയെ മലയാളികളുടെ ,മാത്രമല്ല തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയാക്കിയതും.
ദുബായിൽ വെച്ച് കണ്ടുമുട്ടിയ മലപ്പുറംകാരനായ ഷാജി എന്ന കാർ ഡ്രൈവർ പറഞ്ഞുകേട്ട ഒരു കഥയുണ്ട് ; ചിത്രയുടെ ശബ്ദം അയാളെ മരണത്തിൽ നിന്ന് രക്ഷിച്ച കഥ . ഷാർജയിലേക്കുള്ള യാത്രയിൽ ഉടനീളം ഷാജിയുടെ കാർ സ്റ്റീരിയോയിൽ മുഴങ്ങിക്കേട്ടത് ചിത്രയുടെ പാട്ടുകൾ മാത്രം . കൗതുകം തോന്നി എനിക്ക് . ചോദിക്കാതിരിക്കാനായില്ല : “മറ്റാരുടെയും പാട്ടുകൾ കേൾക്കാറില്ലേ നിങ്ങൾ ?” മറുപടിയായി ഷാജി ഒരു അനുഭവകഥ പറഞ്ഞു . അത്യന്തം ഹൃദയസ്പർശിയായ ഒന്ന് .

അഞ്ചാറു വർഷം മുൻപാണ് . നാട്ടിലെ ഒരു വിഗ്രഹമോഷണക്കേസുമായി ബന്ധപ്പെട്ട് പോലീസ് ഷാജിയെ അറസ്റ്റ് ചെയ്യുന്നു . “സത്യത്തിൽ എനിക്ക് ആ കേസിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല . അതിൽ പെട്ട ചിലർ സംഭവം നടന്ന ദിവസം എന്റെ ടാക്സിയിൽ സഞ്ചരിച്ചതാണ് എനിക്ക് വിനയായത് . പറഞ്ഞിട്ടെന്തു കാര്യം . ദിവസങ്ങളോളം പോലീസ് സ്റ്റേഷൻ കയറിയിറങ്ങേണ്ടി വന്നു . എല്ലാ കാര്യങ്ങൾക്കും മുന്നിട്ടിറങ്ങുന്ന ആളായതുകൊണ്ട് നാട്ടിൽ ഇതൊരു വലിയ ചർച്ചാവിഷയമായി . ഏറ്റവും വേദനിച്ചത്‌ അമ്മയും അച്ഛനും മൂന്നു പെങ്ങമ്മാരുമാണ് . മാനക്കേടു സഹിക്കാനാകാതെ ഒരു ദിവസം അമ്മ വിഷം കഴിക്കുക വരെ ചെയ്തു . ഭാഗ്യം കൊണ്ടാണ് അന്ന് അവർ രക്ഷപ്പെട്ടത് . കേസിൽ നിന്ന് ഒഴിവായെങ്കിലും വിഗ്രഹ മോഷ്ടാവ് എന്ന പേര് എനിക്ക് വീണു കഴിഞ്ഞിരുന്നു …”

ഷാജിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പരീക്ഷണ ഘട്ടം . പതുക്കെ താൻ പോലുമറിയാതെ വിഷാദ രോഗിയായി മാറുകയായിരുന്നു ഷാജി . “വീട്ടുകാർക്ക് അപമാനമായി ജീവിക്കുന്നതിൽ അർത്ഥമില്ലെന്ന് എനിക്ക് തോന്നി . അങ്ങനെയാണ് ജീവനൊടുക്കാൻ നിശ്ചയിക്കുന്നത് . ഒരു ഗ്യാസ് കുറ്റി സംഘടിപ്പിച്ചു കാറിൽ കൊണ്ടുവെച്ചു . കാറിന്റെ ഡോറും വിൻഡോയുമൊക്കെ ഭദ്രമായി അടച്ചശേഷം ഗ്യാസ് തുറന്നു വിട്ടു തീ കൊളുത്താനായിരുന്നു പദ്ധതി . ആയിടയ്ക്ക് അങ്ങനെയൊരാൾ ആത്മഹത്യ ചെയ്ത വാർത്ത പത്രത്തിൽ വായിച്ചിരുന്നു . ചിത്രയുടെ പാട്ടുകളോട് വലിയ ഇഷ്ടമായിരുന്നതിനാൽ വണ്ടിയിലെ സ്റ്റീരിയോയിൽ `മഞ്ഞൾ പ്രസാദം’ എന്ന കാസറ്റും വെച്ചു. ആ ശബ്ദം കേട്ടുകൊണ്ട് മരിക്കണം എന്നായിരുന്നു മോഹം . എനിക്കിഷ്ടമുള്ള പാട്ടുകൾ അങ്ങനെ പാടുകയാണ് ചിത്ര — ഇന്ദുപുഷ്പം , വാർമുകിലേ , പാലപ്പൂവേ , രാജഹംസമേ ….ഓരോ പാട്ടും തീരുമ്പോ അടുത്ത പാട്ട് കേൾക്കാൻ തോന്നും . ഓരോ പാട്ടും കേൾക്കുമ്പോ അതിനോട് അനുബന്ധിച്ച നല്ല കാര്യങ്ങൾ പലതും ഓർമ്മയിൽ വരും . മരിക്കാനുള്ള സമയം നീണ്ടു നീണ്ടു പോകുകയായിരുന്നു . എന്ത് പറയാൻ — കാസറ്റ് രാജഹംസമേ പാടിത്തീരുമ്പോഴേക്കും മരണമോഹം കെട്ടടങ്ങിക്കഴിഞ്ഞിരുന്നു. ഇന്നും ജീവിതത്തിൽ ദുഖങ്ങളും പ്രതിസന്ധികളും ഉണ്ടാകുമ്പോൾ ഞാൻ ആ ഗാനം കേൾക്കും. എല്ലാ വേദനകളും അലിയിച്ചു കളയാനുള്ള എന്തോ മാന്ത്രിക ശക്തിയുണ്ട് ആ പാട്ടിന് …”

ആത്മഹത്യാ മുനമ്പിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു ഷാജി. ദുബായിൽ ടാക്സി ഓടിച്ചും മറ്റും ഉണ്ടാക്കിയ വരുമാനം കൊണ്ട് രണ്ടു പെങ്ങമ്മാരുടെ വിവാഹം നടത്തി . നാട്ടിലുണ്ടാക്കിയ ചീത്തപ്പേര് കുടഞ്ഞുകളയാൻ ജീവിതത്തിൽ വന്ന ഈ മാറ്റം ധാരാളമായിരുന്നു . ഷാജി കഥ പറഞ്ഞു തീർന്നപ്പോൾ ഉടനടി ചെന്നൈയിലേക്ക് വിളിച്ചു ചിത്രയോട് കാര്യം പറയാനാണ് എനിക്ക് തോന്നിയത് . പ്രിയ ഗായികയോട് സംസാരിക്കാൻ ഷാജിക്കും ഉണ്ടാവുമല്ലോ മോഹം . എന്നാൽ തികച്ചും അപ്രതീക്ഷിതമായിരുന്നു ഷാജിയുടെ പ്രതികരണം : “വേണ്ട സാർ , അവരോട് സംസാരിക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല . ദിവസവും ഞാൻ അവരുടെ പാട്ടുകൾ കേൾക്കുന്നു . എനിക്കത് മതി .” സിനിമയിലെ ഏതെങ്കിലും കഥാ സന്ദർഭത്തെ പൊലിപ്പിക്കാൻ വേണ്ടി മാത്രം രചിക്കപ്പെടുന്ന ഒരു പാവം ഗാനത്തിന് വിലപ്പെട്ട മനുഷ്യ ജീവൻ രക്ഷിക്കാൻ കഴിയുന്നു എന്നത് ചെറിയ കാര്യമാണോ ?

(`പൂർണേന്ദുമുഖി ‘എന്ന പുസ്തകത്തിൽ നിന്ന്)