ചിക്കന്‍ പാചകത്തില്‍ പുത്തന്‍ പരീക്ഷണവുമായി മോഹന്‍ലാല്‍

മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ പാചകത്തില്‍ പുത്തന്‍ പരീക്ഷണവുമായെത്തിയിരിക്കുകയാണ്. ഷെഫിന്റെ വേഷം അണിഞ്ഞെത്തിയ ലാലിന്റെ പാചകം പ്രേക്ഷകരും ഏറ്റെടുത്തുകഴിഞ്ഞു. സ്വന്തം വീട്ടില്‍ പ്രേക്ഷകര്‍ക്കായി ഒരു സ്‌പെഷ്യല്‍ ചിക്കന്‍ റെസിപ്പിയാണ് പാചകം ചെയ്തിരക്കുന്നത്. സാധാരണ കുക്കിങ്ങ് വീഡിയോ പോലെ തന്നെ മോഹന്‍ലാല്‍ ചേരുവകളും പാചകം ചെയ്യേണ്ടത് എങ്ങിനെയാണെന്നുമെല്ലാം പ്രേക്ഷകര്‍ക്കായി പറഞ്ഞു തരുന്നുണ്ട്. വീഡിയോയുടെ അവസാനം ഭാര്യ സുചിത്രയും മോഹന്‍ലാലിന്റെ സുഹൃത്തായ സമീര്‍ ഹംസയുമാണ് ചിക്കന്‍ രുചിച്ച് നോക്കുന്നത്.

അതേസമയം മോഹന്‍ലാല്‍ ബ്രോഡാഡിയുടെ ചിത്രീകരണത്തിനായി ഹൈദരാബാദിലാണ്. കേരളത്തില്‍ ഷൂട്ടിങ്ങ് അനുവദിക്കാത്ത സാഹചര്യത്തിലായിരുന്നു ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിലേക്ക് മാറ്റിയത്. എന്നാല്‍ സര്‍ക്കാര്‍ സംസ്ഥാനത്ത് സിനിമ ചിത്രീകരണത്തിന് അനുമതി നല്‍കിയതോടെ കേരളത്തിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ് ബ്രോഡാഡിയുടെ അണിയറ പ്രവര്‍ത്തകര്‍. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീജിത്ത്ബിബിന്‍ തിരിക്കഥ നിര്‍വ്വഹിച്ച ചിത്രം ഒരു ഫാമലി ഡ്രാമയാണ്. ‘നിങ്ങളെ ചിരിപ്പിക്കാനും, വീണ്ടും വീണ്ടും കാണാന്‍ പ്രേരിപ്പിക്കുന്ന രസകരമായൊരു സിനിമ അനുഭവമായിരിക്കും ഈ ചിത്രം. സന്തോഷം തരുന്ന ഒരു സിനിമ കാണേണ്ട സമയമാണിതെന്ന് എനിക്ക് തോന്നുന്നു’ എന്നാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപന സമയത്ത് പറഞ്ഞത്.

കഴിഞ്ഞ മാസമാണ് പൃഥ്വിരാജ് മോഹന്‍ലാലിനെ നായകനാക്കി ബ്രോ ഡാഡി ചെയ്യുന്നു എന്ന പ്രഖ്യാപനം നടത്തിയത്. ചിത്രത്തില്‍ പൃഥ്വിരാജും പ്രധാന വേഷം ചെയ്യുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, സൗബിന്‍ ഷാഹിര്‍, കനിഹ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. അഭിനന്ദ് രാമാനുജം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ അഖിലേഷ് മോഹനാണ്. ദീപക് ദേവാണ് സംഗീത സംവിധായകന്‍. ആര്‍ട്ട് ഡയറക്ടര്‍: ഗോകുല്‍ ദാസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: സിദ്ധു പനക്കല്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.