
ചോട്ടാ മുംബൈയ്യുടെ കേരളത്തിലെ പത്ത് ദിവസത്തെ കളക്ഷൻ റിപ്പോർട്ടുകൾ പുറത്ത്. 3.40 കോടിയാണ് ചിത്രം ഇതുവരെ നേടിയത്. ചിത്രത്തിന് ലഭിക്കുന്ന സ്വീകാര്യത കണക്കിലെടുക്കുമ്പോൾ മലയാളത്തിൽ റീ റിലീസ് റെക്കോർഡുകളിൽ ചോട്ടാ മുംബൈയും ഇടം പിടിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ നിഗമനം. ലിമിറ്റഡ് റിലീസിലും വമ്പൻ കളക്ഷനാണ് ചിത്രം നേടുന്നത്.
മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്ക് ശേഷം തിയേറ്ററിലെത്തിയ ചിത്രം മലയാളികൾ ആഘോഷമാക്കുകയായിരുന്നു. 4 കെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ റീ റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച വരവേൽപ്പാണ് മലയാളികൾ നൽകുന്നത്. ചിത്രത്തിന്റെ കേരളത്തിലെ സ്വീകാര്യത കണ്ട് ബെംഗളൂരുവിലും ഹൈദരാബാദിലും റീ റിലീസ് ചെയ്തിരുന്നു.
ബെന്നി പി നായരമ്പലമായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. ഛോട്ടാ മുംബൈയിലെ സീനുകൾക്കും തമാശകൾക്കും പാട്ടുകൾക്കുമെല്ലാം ഇന്നും ആരാധകരേറെയാണ്. ഭാവന, കലാഭവൻ മണി, സിദ്ദിഖ്, ജഗതി ശ്രീകുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, മണിക്കുട്ടൻ, ബിജുക്കുട്ടൻ, സായ് കുമാർ, രാജൻ പി ദേവ്, വിനായകൻ, മണിയൻപിള്ള രാജു, മല്ലിക സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, കൊച്ചിൻ ഹനീഫ, ഭീമൻ രഘു, വിജയരാഘവൻ തുടങ്ങിയൊരു വലിയ താരനിര തന്നെ സിനിമയുടെ ഭാഗമായിരുന്നു. രാഹുൽ രാജായിരുന്നു സംഗീത സംവിധാനം.