‘ചെമ്പിന്റെ ചേലുള്ള’….മരക്കാറിലെ ഗാനം എത്തി

','

' ); } ?>

മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ മരക്കാര്‍ അറബികടലിന്റെ സിംഹത്തിലെ പുതിയ ഗാനം പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍. ചെമ്പിന്റെ ചേലുള്ള മോറാണ് എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിഷ്ണു രാജ് ആണ്.പ്രിയദര്‍ശന്റെ വരികള്‍ക്ക് റോണി റാഫേല്‍ ആണ് സംഗീതം നല്‍കിയത്.

മരക്കാറിലെ മുന്‍പ് റിലീസ് ചെയ്ത ഗാനങ്ങളില്‍ നിന്നും വളരെ വ്യത്യസ്തമായൊന്നാണിത്. നാടന്‍ പാട്ടിന്റെ ഈണത്തിലാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഈ വര്‍ഷത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ മരക്കാര്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

മെയ് 13 പെരുന്നാള്‍ ദിനത്തില്‍ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് കാരണം മാറ്റിവെക്കുകയായിരുന്നു. നിലവില്‍ ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രം മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. തന്റെ സിനിമ ജീവിതത്തിലെ ഏറ്റവും ചിലവേറിയ സിനിമയാണിതെന്നും ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നു.

മഞ്ജു വാര്യര്‍, സുനില്‍ ഷെട്ടി, പ്രഭു, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ പ്രധാന കഥാപാത്രങ്ങള്‍. അനില്‍ ശശിയും പ്രിയദര്‍ശനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. തമിഴ് സിനിമ ഛായാഗ്രാഹകനായ തിരുനാവകാരസുവാണ് ചിത്രത്തിന്റെ ക്യാമറ ചെയ്തിരിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ് ടി കുരുവിള, റോയ് സി ജെ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ കുഞ്ഞുകുഞ്ഞാലി എന്ന് തുടങ്ങുന്ന ഗാനം ആദ്യം പുറിത്തു വിട്ടിരുന്നു.ബി കെ ഹരിനാരായണന്റെ വരികള്‍ക്ക് റോണി രാഫേല്‍ സംഗീതം പകര്‍ന്ന കെ എസ് ചിത്ര പാടിയ ഗാനമായിരുന്നു കുഞ്ഞുകുഞ്ഞാലി.