പുതിയ സിനിമയായ ‘കേസരി ചാപ്റ്റര്‍ 2’ ബ്രിട്ടീഷ് ചക്രവർത്തിയായ ചാള്‍സ് രാജാവും ബ്രിട്ടീഷ് സര്‍ക്കാരും കാണണമെന്നും അതിലൂടെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടന്‍ മാപ്പ് പറയുമെന്നും ബോളിവുഡ് താരമായ അക്ഷയ് കുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു അക്ഷയ് കുമാറിന്റെ പ്രസ്താവന.
“അവര്‍ മാപ്പ് പറയണമെന്ന് ഞാൻ യാചിക്കുകയല്ല. പക്ഷേ, അവര്‍ ഈ സിനിമ കണ്ടശേഷം അവരുടെ തെറ്റുകൾ മനസ്സിലാക്കണം. ശേഷം അവര്‍ പറയേണ്ടതെല്ലാം സ്വാഭാവികമായി ഉണ്ടാകും. ക്ഷമാപണം തീർച്ചയായും സംഭവിക്കും,” അക്ഷയ് കുമാര്‍ വ്യക്തമാക്കി.”എന്റെ മുത്തച്ഛന്‍ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ ദൃക്‌സാക്ഷിയാണ്. അദ്ദേഹത്തിലൂടെ എന്റെ അച്ഛന്‍ കേട്ട കഥകളാണ് ഞാന്‍ ബാല്യകാലത്ത് നിന്നും അറിയുന്നത്. അതിനാല്‍ ഈ സിനിമ എനിക്ക് ഏറെ പ്രത്യേകതയുള്ളതാണ്,” അക്ഷയ് പറയുന്നു
ഏപ്രില്‍ 18നാണ് ‘കേസരി ചാപ്റ്റര്‍ 2’ തിയേറ്ററുകളിലെത്തുന്നത്. 1919-ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. കൂട്ടക്കൊലയ്ക്ക് പിന്നിലുള്ള സത്യം കണ്ടെത്താനായി കോൺഗ്രസ് നേതാവായ ബാരിസ്റ്റര്‍ സി. ശങ്കരന്‍ നായർ നടത്തിയ പോരാട്ടമാണ് ചിത്രത്തിന്റെ ആധികാരിക പ്രമേയം.
സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ യഥാര്‍ഥ സംഭവങ്ങള്‍ക്കൊപ്പം രഘു പാലാട്ട്, പുഷ്പ പാലാട്ട് എന്നിവര്‍ ചേര്‍ന്നെഴുതിയ ‘ദി കേസ് ദാറ്റ് ഷൂക്ക് ദി എംപയര്‍’ എന്ന പുസ്തകത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഒരുക്കുന്നത്. ചിത്രത്തില്‍ ശങ്കരന്‍ നായരുടെ വേഷം അക്ഷയ് കുമാറാണ് അവതരിപ്പിക്കുന്നത്.