രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’യുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. നിരവധി അഭ്യൂഹങ്ങൾക്ക് ശേഷമാണ് കന്നഡ താരം ഉപേന്ദ്ര ആമിര്‍ ഖാനും നാഗാര്‍ജുനയും സിനിമയിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
തന്റെ പുതിയ ചിത്രം ’45’ന്റെ പ്രമോഷൻ പരിപാടിക്കിടെയായിരുന്നു ഉപേന്ദ്രയുടെ വെളിപ്പെടുത്തൽ. “കൂലിയിൽ നാഗാർജുന, ആമിർ ഖാൻ തുടങ്ങിയവർ ഉണ്ടല്ലോ?” എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് “അതേ, അവർക്കൊപ്പം എനിക്ക് കോംബിനേഷൻ സീനുകളുണ്ട്” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഉപേന്ദ്രയുടെ ഈ പ്രതികരണം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
‘കൂലി’ ആഗസ്റ്റ് 14ന് ലോകമാകെയുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം നാഗാർജുന അക്കിനേനി, ഉപേന്ദ്ര, സത്യരാജ്, മലയാളി താരം സൗബിൻ ഷാഹിർ, ശ്രുതി ഹാസൻ, റീബ മോണിക്ക ജോൺ തുടങ്ങിയവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.