
ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചുവെന്നും അത് തടയുന്നതില്‍ പ്രതിപക്ഷമെന്ന നിലയില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടുവെന്നും തുറന്നടിച്ച് നടൻ ചന്തു സലിം കുമാർ. ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിക്കുന്നതോടെ പൗരന്മാരെപ്പോലെ ചിന്തിക്കുന്നത് അവസാനിക്കുകയും അവരെ പ്രതിരോധിക്കാന്‍ തുടങ്ങുകയും ചെയ്യുമെന്നും, ഭരിക്കുന്ന പാര്‍ട്ടി പരാജയപ്പെട്ടാല്‍ അവരെ നമ്മള്‍ ചോദ്യം ചെയ്യണമെന്നും ചന്തു പറഞ്ഞു. ഡല്‍ഹിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണയുമായി പങ്കുവെച്ച കുറിപ്പിലാണ് ചന്തു തന്റെ നിലപാട് വ്യക്തമാക്കിയത്.
ചന്തുവിന്റെ വാക്കുകൾ;
ഞാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നു. പക്ഷെ അതിനര്‍ത്ഥം ഞാന്‍ ആ പാര്‍ട്ടിയുടെ അടിമ ആകണം എന്നാണോ? കോണ്‍ഗ്രസ് തെറ്റ് ചെയ്യുമ്പോള്‍ ഞാന്‍ നിശബ്ദമായിരിക്കണമെന്നാണോ? ഒരിക്കലുമല്ല. നമ്മള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ അന്ധമായി വിശ്വസിക്കുന്നതോടെ നമ്മള്‍ പൗരന്മാരെപ്പോലെ ചിന്തിക്കുന്നത് അവസാനിക്കുകയും അവരെ പ്രതിരോധിക്കാന്‍ തുടങ്ങുകയും ചെയ്യും. എല്ലാ തെറ്റും ന്യായീകരിക്കും. എല്ലാ തെറ്റായ തീരുമാനത്തേയും പ്രതിരോധിക്കും. പതിയെ നമ്മള്‍ അന്ധരാകും.
ഇന്ത്യക്കാര്‍ എന്ന നിലയില്‍ വളരെ ലളിതമായൊരു കാര്യം നമ്മള്‍ മറന്നു. നമ്മളാണ് രാഷ്ട്രീയനേതാക്കളെ നിയോഗിച്ചത്. അവര്‍ നമ്മളെയല്ല. അവര്‍ പൊതുജനങ്ങളുടെ സേവകരാണ്. അവര്‍ നമുക്ക് വേണ്ടിയാണ് ജോലിയെടുക്കേണ്ടത്. നമ്മള്‍ അവര്‍ക്ക് വേണ്ടിയല്ല പണിയെടുക്കേണ്ടത്. അവര്‍ തങ്ങളുടെ ജോലി ചെയ്യുന്നുവെങ്കില്‍ ബഹുമാനിക്കാം. അവരത് ചെയ്യുന്നില്ലെങ്കില്‍ ചോദ്യം ചെയ്യൂ. തള്ളിക്കളയൂ. വോട്ട് ചെയ്ത് പുറത്താക്കൂ.
ജനങ്ങളെ ഭിന്നിപ്പിക്കുന്നതില്‍ ബിജെപി വിജയിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതേസമയം തന്നെ പ്രതിപക്ഷമെന്ന നിലയില്‍ അതിനെ തടയുന്നതില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടി പരാജയപ്പെട്ടാല്‍ അവരെ നമ്മള്‍ ചോദ്യം ചെയ്യണം. പ്രതിപക്ഷം പരാജയപ്പെട്ടാല്‍ അവരേയും നമ്മള്‍ ചോദ്യം ചെയ്യണം.
ഇന്ത്യ ഹിന്ദുക്കളുടേതല്ല. ഇന്ത്യ മുസ്ലീങ്ങളുടേതല്ല. ഇന്ത്യ ജനങ്ങളുടേതാണ്. ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ല രാജ്യം. ജനങ്ങളെ സേവിക്കാന്‍ ജനങ്ങള്‍ സൃഷ്ടിച്ചെടുത്ത ടൂള്‍ മാത്രമാണത്. ചിലരിതിനെ അരാഷ്ട്രീയതയെന്ന് വിളിച്ചേക്കാം. എന്നാല്‍ തങ്ങളുടെ പാര്‍ട്ടിയെ പ്രതിരോധിക്കുന്നത് മാത്രമാണ് രാഷ്ട്രീയമെന്നാണെങ്കില്‍, എന്ത് തന്നെയാണെങ്കിലും അത് രാഷ്ട്രീയമല്ല. അത് അന്ധമായ വിദേയത്വമാണ്.
മലയാളം സിനിമയായ അറബിക്കഥയില്‍ ഇക്കാര്യം വ്യക്തമായി പറയുന്നൊരു ഡയലോഗുണ്ട്. ‘മറ്റെന്തിനേക്കാളും വലുത് ജനങ്ങളാണ്. ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയുണ്ടാക്കിയതാണ് പാര്‍ട്ടി’. ജനങ്ങള്‍ ഒരുമിച്ച് വന്ന് നീതിയ്ക്ക് വേണ്ടി പ്രതിഷേധിക്കുമ്പോള്‍, ഒരാശയത്തെ നിങ്ങള്‍ക്ക് എന്നെന്നും തടയാനാകില്ല. ജനങ്ങളെ അറസ്റ്റ് ചെയ്യാം. അവരെ നിശബ്ദരാക്കാന്‍ ശ്രമിക്കാം. മൂവ്‌മെന്റിനെ ഞെരിച്ചില്ലാതാക്കാന്‍ ശ്രമിക്കാം. പക്ഷെ ജനങ്ങളുടെ ശബ്ദത്തെ അവഗണിക്കുന്നത് തുടര്‍ന്നാല്‍ ഇതിവിടെ അവസാനിക്കില്ല. അതൊരു വിപ്ലവമായി മാറും. വിപ്ലവം ശക്തമാകുമ്പോള്‍ സര്‍ക്കാരുകള്‍ വീഴുമെന്നാണ് ചരിത്രം കാണിച്ചു തരുന്നത്. ജനങ്ങളുടെ താല്‍പര്യത്തേക്കാള്‍ വലുതായി ഒരു സര്‍ക്കാരുമില്ലിവിടെ.
തത്വശാസ്ത്രങ്ങളെ പിന്തുണയ്ക്കുക. രാഷ്ട്രീയക്കാരെയല്ല. നീതിയെ പിന്തുണയ്ക്കുക. പാര്‍ട്ടികളെയല്ല. പാര്‍ട്ടികള്‍ക്ക് മുന്നില്‍ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുക. സര്‍ക്കാരുകള്‍ വരും പോകും. രാഷ്ട്രീയ പാര്‍ട്ടികള്‍ ഉയിര്‍ക്കുകയും വീഴുകയും ചെയ്യും. പക്ഷെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളേക്കാളും വലുത് ജനങ്ങളാണ്.