വിനീത് ശ്രീനിവാസന്റെ ‘ഹൃദയ’ത്തിന് ഇനി ഇസ്താംബൂള്‍ താളം

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഹൃദയം’ എന്ന സിനിമയ്ക്ക് ഇസ്താംബൂള്‍ കലാകാരന്‍മാരുടെ ശബ്ദം അകമ്പടിയാകും. ഇസ്താംബൂളിലെ മികവുറ്റ സംഗീതജ്ഞര്‍ വിവിധ സംഗീതോപകരണങ്ങളുടെ ശബ്ദം റെക്കോര്‍ഡ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ പങ്കു വെച്ചു.കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ വളരെ നല്ല അനുഭവങ്ങള്‍ സമ്മാനിച്ചുവെന്നും ഹൃദയത്തിലെ ഗാനങ്ങള്‍ ഉടന്‍ ആസ്വാദകരിലേക്ക് എത്തുമെന്നും വിനീത് പറയുന്നു.

‘ഹൃദയ’ത്തിനു വേണ്ടി സംഗീതസംവിധാനം നിര്‍വഹിക്കുന്നത് ഹിഷാം അബ്ദുള്‍ വഹാബാണ്. റിയാലിറ്റി ഷോയിലൂടെ വന്ന് മലയാളികള്‍ക്ക് സുപരിചിതനായ ഗായകനാണ് ഹിഷാം. പിന്നീട് സംഗീതസംവിധായകനായും തിളങ്ങിയ ഹിഷാം, വിനീത് ശ്രീനിവാസന്റെ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ എഴുതിയത് വൈറലായിരുന്നു.