‘ഇന്നു നിങ്ങള്‍ എന്നെ വിഡ്ഡിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവന്‍ എന്നു മുദ്രകുത്തി എഴുതി തള്ളുമായിരിക്കും. പക്ഷേ ഒരിക്കല്‍ ഞാന്‍ ഉയരങ്ങളില്‍ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങള്‍ എന്നെയോര്‍ത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാര്‍ഷ്ട്യമല്ല, വിഡ്ഡിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.’.
8 വര്‍ഷം മുമ്പ് ടൊവീനോ തോമസ് എന്ന യുവാവ് തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ കുറിച്ച വാക്കുകളാണിത്. ഇന്ന് മലയാളം സിനിമയില്‍ ഈ ചെറുപ്പക്കാരനില്ലാത്ത സിനിമകള്‍ വളരെ കുറവാണ്. വൈറസ്, ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു, കല്‍ക്കി, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്, ലൂക്ക, മിന്നല്‍ മുരളി, ആരവം, എടക്കാട് ബറ്റാലിയണ്‍ എന്നിങ്ങനെ കൈ നിറയെ ചിത്രങ്ങളുമായി സിനിമാ ലോകത്തെ മുന്‍നിര അഭിനേതാക്കള്‍ക്കൊപ്പം ഏറെ തിരക്കിലാണ് ടൊവീനോ.
2012-ല്‍ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കള്‍’ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി സഹനടനായും വില്ലനായും ഒടുവില്‍ യുവാക്കള്‍ക്കിടയില്‍ ഒരു തരംഗം തന്നെയായി മാറിയിരിക്കുകയാണ് ഈ യുവ പ്രതിഭ. സ്റ്റാര്‍ഡത്തിന്റെ സെയ്ഫ്റ്റിയില്‍ ഒതുങ്ങി നില്‍ക്കാതെ പ്രളയ കാലത്ത് നാടിനു വേണ്ടി തെരുവിലേക്കിറങ്ങിയ ടൊവീനോ സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും തനിയ്ക്ക് നായകനാകാന്‍ കഴിയുമെന്ന് തെളിയിച്ചു. ആക്ഷന്‍ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വ്യത്യസ്ഥമായ കഥാപാത്രങ്ങള്‍കൊണ്ട് തന്നെ എപ്പോഴും പുതുക്കിപ്പണിയാനും ശ്രദ്ധിക്കാറുണ്ട്.
മാരി 2 വിന് ശേഷം തന്റെ പുതിയ ചിത്രം കല്‍ക്കിയുടെ ഷൂട്ടിങ്ങിനായ തമിഴ് നാട്ടിലെത്തിയ ടൊവീനോ പൊള്ളാച്ചിയിലെ തന്റെ ഷൂട്ടിങ്ങ് ഇടവേളയില്‍ വെച്ച് സെല്ലുലോയ്ഡിനോട് തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ്..
.എന്താണ് കല്‍ക്കിയുടെ വിശേഷങ്ങള്‍…?
കല്‍ക്കിയെന്നുള്ള സിനിമ ഞങ്ങള്‍ കുറേ നാളുകള്‍ക്ക് മുമ്പേ പ്ലാന്‍ ചെയ്ത ഒരു സിനിമയാണ്. ഇതിന്റെ സംവിധായകന്‍ പ്രവീണ്‍ പ്രഭരമും ഞാനും സ്റ്റാറിങ്ങ് പൗര്‍ണമി(2013) എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി പരിചയപ്പെടുന്നത്. ഇതിന്റെ ചീഫ് അസോസിയോറ്റായിട്ടുള്ള വിഷ്ണു തൊട്ട് ബാക്കിയെല്ലാവരെയും ഞാന്‍ ആ ചിത്രത്തിലൂടെയാണ് ആദ്യമായി പരിചയപ്പെടുന്നത്. പക്ഷെ ഈ ടീം ആദ്യം സെക്കന്റ് ഷോ എന്ന ചിത്രത്തില്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. അതിന് ശേഷം തീവണ്ടി എന്ന സിനിമ നമ്മള്‍ ചെയ്യുന്ന സമയത്തും അതിന് മുന്നേയും ഞാനും പ്രവീണ്‍ ചേട്ടനും തമ്മില്‍ ഈ സിനിമയെപ്പറ്റി ഡിസ്‌കഷന്‍സ് ഉണ്ടായിട്ടുണ്ട്. ഒരു മാസ്സ് പ്ലസ് എന്റര്‍റ്റെയ്‌നര്‍ തന്നെയാണ് നമ്മളെടുക്കുന്നത്, പക്ഷെ അതിനും ഒരു കണ്ടന്റ് ഉണ്ടാവണം എന്നുള്ള ഒരു നിര്‍ബന്ധം എനിക്കുണ്ടായിരുന്നു. കണ്ടന്റ് ഈസ് ദ കിങ്ങ് ആള്‍വേയ്‌സ്.. പക്ഷെ അത് സെര്‍വ് ചെയ്യുന്ന പ്ലാറ്റ് ഫോം എങ്ങനെ വേണമെന്നുള്ളതായിരുന്നു നമുക്ക് വേണ്ടിയിരുന്നത്. അപ്പോള്‍ അങ്ങനെയാണ് നമ്മള്‍ കല്‍ക്കിയെന്ന സിനിമയുടെയും അതിന്റെ പ്രിമൈസസിലേക്കും എത്തിച്ചേരുന്നത്. എനിക്ക് പേഴ്‌സണലി വളരെ പ്രതീക്ഷയുള്ള ഒരു സിനിമയാണിത്. എനിക്ക് വളരെക്കാലമായി പരിചയമുള്ള രണ്ട് ഫ്രണ്ട്‌സാണ് ഈ സിനിമ പ്രൊഡ്യൂസ് ചെയ്യുന്നത്. ഇതിന്റെ ക്യാമറാ മാന്‍ ഗൗതത്തിനൊപ്പം കൂതറ, അതിന് ശേഷം തീവണ്ടി എന്നീ ചിത്രങ്ങളില്‍ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്. ഗൗതം തീവണ്ടിയില്‍ സെക്കന്റ് യൂണിറ്റ് ക്യാമറാമാനായിരുന്നു. ഇതിന്റെ സംവിധായകന്‍ പ്രവീണ്‍ പ്രഭറാം തീവണ്ടിയുടെ ചീഫ് അസോസിയേറ്റായിരുന്നു. അതുകൊണ്ട് തന്നെ ഇത് ശരിക്കും പറഞ്ഞാല്‍ ഒരു റിപ്പീറ്റാണ്.
.കല്‍ക്കി കൃഷ്ണന്റെ പത്താമത്തെ അവതാരമാണ് ‘മാലിന്യങ്ങളില്ലാതാക്കുന്നവന്‍’ എന്നെല്ലാമാണ് ആ വാക്കിന്റെ അര്‍ത്ഥം. എങ്ങനെയാണ് ഈ ടൈറ്റില്‍ സിനിമയുമായി ചേര്‍ന്ന് നില്‍ക്കുന്നത്…?
ഈ സിനിമയില്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രവും ഒരു സിമിലര്‍ മിഷനുമായിട്ടുള്ള ഒരാളാണ്. നമ്മള്‍ മുന്നോട്ട് വെയ്ക്കുന്ന ഒരാശയവും ഇയാള്‍ കല്‍ക്കിയാണ് എന്നുള്ള രീതിയിലുള്ളതാണ്. ഈ കല്‍ക്കിയെന്താണോ ചെയ്യുക സംഹാരം എന്നുള്ള രീതിയിലൊക്കെ അങ്ങനെയാണ് ഈ ക്യാരക്ടറിന്റെ ബാക്ക് ഡ്രോപ് നമ്മള്‍ സെറ്റ് ചെയ്തിരിക്കുന്നത്. ഒരേ സമയം വളരെ ബ്രൂട്ടലായിട്ടുള്ള ഒരു ബ്രീഡിലുള്ള ഒരാള്‍, റൈറ്റ്‌സ്‌നെസ്സില്‍ വളര്‍ത്തപ്പെട്ടിട്ടുള്ള ഒരാള്‍. സൃഷ്ടി പോലെ പ്രധാനമാണ് സംഹാരവും എന്ന ആശയമാണ് ‘കല്‍ക്കി’ എന്ന പേര് ചൂസ് ചെയ്യാനുള്ള കാരണം. അത് തിരഞ്ഞെടുത്തത് തന്നെയാണ്. സിനിമ കാണുമ്പോഴായിരിക്കും ശരിക്ക് മനസ്സിലാവുക..
. കല്‍ക്കിക്കായി നടത്തിയ ഫിസിക്കല്‍ ആന്‍ഡ് മെന്റല്‍ തയ്യാറെടുപ്പകളേക്കുറിച്ച്…?
കല്‍ക്കിയില്‍ പോലീസ് യൂണിഫോമിലൊക്കെ വരുമ്പോള്‍ ഇയാളൊരു ബള്‍ക്കായിട്ടുള്ള ആളാണെന്ന് തോന്നിപ്പിക്കണമായിരുന്നു. അത് കാരണം ഒരഞ്ചെട്ട് കിലോ വെയ്റ്റ് കൂടിയിട്ടുണ്ട്. അത് ഈ പടം കഴിഞ്ഞാല്‍ വെയ്റ്റ് കുറക്കുകയും വേണം(ചിരിക്കുന്നു). അപ്പോള്‍ അങ്ങനെയുള്ള ചില വര്‍ക്കൗട്ടുകളൊക്കെ ചെയ്തിട്ടുണ്ട്. എന്നാല്‍ ഭയങ്കര ഒരു സിക്‌സ് പാക്ക് രൂപത്തിലും എനിക്ക് എത്താന്‍ പറ്റിയിട്ടില്ല. അത് ഈ ക്യാരക്ടര്‍ ഡിമാന്‍ഡും ചെയ്യുന്നില്ല. പക്ഷെ നല്ല ബില്‍ട്ടായ ഒരു ക്യാരക്ടറായിരിക്കണമെന്ന് നേരത്തേ നമുക്ക് താല്‍പ്പര്യമുണ്ടായിരുന്നു. അതിന് വേണ്ട കാര്യങ്ങളൊക്കെ ചെയ്യാറുണ്ട്. കാരണം ഈ യൂണിഫോം ഇട്ട് വരുമ്പോള്‍ ഇയാളൊരാളെ ഇടിച്ചിട്ടാലും അത് വിശ്വസിക്കാന്‍ പോകുന്ന ഒരു ശരീരം ഞങ്ങള്‍ക്ക് വേണമായിരുന്നു. പിന്നെ മെന്റലി സാധാരണ ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങളിലെ ഒരു വോയ്‌സൊന്നുമല്ല, കുറച്ച് ഒരു ബാച്ചുലര്‍ സംസാര രീതിയും നോട്ടവും നടപ്പുമൊക്കെയാണ് ഇതില്‍ ശ്രമിച്ചിരിക്കുന്നത്.
.നിറയെ ചിത്രങ്ങളാണ് ഇനി വരാനിരിക്കുന്നത്.. ടൊവീനോ ഇപ്പോള്‍ കഥ കേള്‍ക്കുന്നില്ല എന്നാണ് പൊതുവേ കേള്‍ക്കുന്നത്.? എന്താണ് ഈ ധൈര്യത്തിന് പിന്നിലുള്ള കാരണം…?
നല്ല കുറേ കഥകള്‍ കേട്ടിട്ട് ചെയ്യണം എന്ന് തോന്നിയ സിനിമകളുണ്ട്. അതാണിപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലാതെ ഒരു പാട് സിനിമകള്‍ കമ്മിറ്റ് ചെയ്യുന്നതില്‍ കാര്യമില്ലല്ലോ. ഇതൊക്കെ ചെയ്ത് തീര്‍ക്കാനും പറ്റേണ്ടേ.. ചില സിനിമകള്‍ കുറച്ച് കൂടുതല്‍ സമയം ആവശ്യപ്പെടുന്നുണ്ട്. മിന്നല്‍ മുരളിയൊക്കെ അത്തരത്തിലുള്ള ഒരു ചിത്രമാണ്. ഇത്ര നാള്‍ ഞാന്‍ വെറുതെ വീട്ടില്‍ ഇരുന്നതാണ്. ഇനി കുറച്ച് നാള്‍ ഓടി നടക്കാമെന്ന് കരുതിയതാണ്.
.ജീവിതത്തിലും സിനിമയിലും ഒരു ഹീറോയായി മാറിയ ഒരു സമയമായിരുന്നു തീവണ്ടിയുടേയും പ്രളയത്തിന്റേയും.. എങ്ങനെയുണ്ട് ആ കാലഘട്ടത്തിന് ശേഷമുള്ള ജീവിതം..?
ഭയങ്കര മാറ്റമല്ല. ഒരു ഗ്രാജ്യുവല്‍ ഗ്രോത്ത്.. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയ്ക്ക് ശേഷം പിന്നെ എനിക്കുണ്ടായിട്ടുള്ളത് ഭൂരിഭാഗവും സ്റ്റെപ്പ് അപ്പുകളാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മൊയ്തീന് ശേഷം ഗപ്പി വന്നു, തിയേറ്ററില്‍ അത് ഭയങ്കര വിജയമായില്ലെങ്കിലും ആളുകള്‍ക്ക് അത് വളരെ ഇഷ്ടപ്പെട്ടു, അത് കഴിഞ്ഞ് അടുത്ത ചിത്രം മെക്‌സിക്കന്‍ അപാരതക്കും ഹൈപ് വന്നിട്ടുണ്ട്. പിന്നെ വന്ന ഗോധ ഒരു സ്‌റ്റെപ്പ് അപ്പായിരുന്നു. അതിന് ശേഷം മായാനദി വന്നു, തീവണ്ടി വന്നു, ഓരോ സിനിമകളും കഴിയും തോറും ഇപ്പോള്‍ ഈയിടെ ചെയ്ത ലൂസിഫറും ഉയരെയടക്കമുള്ള സിനിമകളും കൂടുതല്‍ എത്തുമ്പോള്‍ കൂടുതല്‍ ആള്‍ക്കാര്‍ നമ്മളെ കാണുന്നു. കൂടുതല്‍ ആള്‍ക്കാര്‍ നമ്മളെ അറിയുന്നു. തീര്‍ച്ചയായും ഒരു സന്തോഷമുള്ള കാര്യമാണ്. ഇനിയും കുറച്ചധികം സിനിമകളുണ്ട്. ആളുകള്‍ക്ക് ബോറടിക്കാതിരിക്കാന്‍ തന്നെ എല്ലാ സിനിമകളിലും വേറെ രീതിയിലുള്ള രൂപത്തിലും വേറെ രീതിയിലുള്ള അഭിനയവും ഒക്കെയാക്കാനായി ഓരോ ക്യാരക്ടറിനനുസരിച്ച് മാറാന്‍ ശ്രമിക്കുന്നുണ്ട്.
.ഏകനായക കഥാപാത്രങ്ങള്‍ക്കപ്പുറത്തേക്ക് നല്ല കഥാപാത്രങ്ങളെ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുന്നതുകൊണ്ടാണോ ഉയരെയിലും ലൂസിഫറിലെയും പോലുള്ള കഥാപാത്രങ്ങള്‍..?
ഏകനായക കഥാപാത്രങ്ങളും, മള്‍ട്ടി സ്റ്റാറേര്‍ഴ്‌സും, നല്ല ക്യാരക്ടര്‍ റോള്‍സും ഞാന്‍ ചെയ്യുന്നുണ്ട്. ഞാനെന്നെ തന്നെ ലിമിറ്റ് ചെയ്യുന്നില്ല എന്നേയുള്ളു. ഞാനങ്ങനെ എന്തിനെയും പറ്റി ഇന്‍സെക്യൂര്‍ അല്ല. അതിപ്പോള്‍ നമ്മള്‍ നായകനായിട്ടുള്ള സിനിമകളാണെങ്കിലും അല്ലെങ്കിലും സന്തോഷം. ചെയ്യുമ്പോള്‍ നന്നായിട്ട് ചെയ്യുക, സ്വീകരിക്കപ്പെട്ടാല്‍ സന്തോഷം. നല്ല സിനിമയുടെ ഭാഗമാവുന്നവരാണല്ലോ എന്നും ഓര്‍മ്മിക്കപ്പെടുന്നത്. ഒരു പര്‍ട്ടിക്കുലര്‍ സെറ്റ് ഓഫ് ക്യാരക്ടേഴ്‌സായിട്ട് എന്നെത്തന്നെ കാണാന്‍ എനിക്ക് ആഗ്രഹമില്ല. അപ്പോള്‍ എന്തും ചെയ്യാന്‍ പറ്റണം എന്നുള്ളതാണ്.
.ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടുവിനെക്കുറിച്ച്…?
‘ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു’ എന്ന് പറയുന്ന സിനിമ ഒരു ഫിലിം മെയ്ക്കറുടെ സ്ട്രഗിളിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഒരു ഫിലിമെടുക്കാനുള്ള, എടുത്ത സിനിമ ഓസ്‌കാറിന് വിടാനുള്ള ശ്രമമാണ്. എനിക്ക് തോന്നുന്നത് കുറേയൊക്കെ സലീം അഹമ്മദ് എന്ന സംവിധായകന്റെ ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളും ആ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരു ഇമോഷണല്‍ രീതിയില്‍ ആള്‍ക്കാരെ സ്വാധീനിക്കാന്‍ കഴിവുള്ള ഒരാളായാണ് സലീംക്കയെ ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അപ്പോള്‍ അദ്ദേഹത്തിനോടൊപ്പം വര്‍ക്ക് ചെയ്യാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷം അതോടൊപ്പം തന്നെ മധു അമ്പാട്ട് സാറാണ് അതിന്റെ സിനിമാറ്റോഗ്രാഫി ചെയ്തത്.
.ലൂക്ക..?
ലൂക്കയെന്ന് പറയുന്നത് ഒരു ബ്ലെന്റാണ്. ഒരു ബ്യൂട്ടിഫുള്‍ പോയറ്റിക് ലവ് സ്‌റ്റോറി. അത് ബ്ലെന്റ് ചെയ്ത് വരുന്ന ഒരു ത്രില്ലറുമാണ്. അപ്പോള്‍ സ്ഥിരമായിട്ട് കണ്ടു വരുന്ന ഒരു പാറ്റേണല്ല. ഇത് രണ്ടും ഒരു നോണ്‍ലീനിയര്‍ പാറ്റേണില്‍ പറഞ്ഞ് പോവുകയും അവസാനം ഇന്ററസ്റ്റിങ്ങായി മാറുന്ന ഒരു സിനിമയാണ്. ഒരു ആര്‍ട്ടിസ്റ്റിന്റെ ലൈഫാണ് അതില്‍ പറയുന്നത്. അതുകൊണ്ട് തന്നെ ആ സിനിമയുടെ ഡയറക്ഷനിലാണെങ്കിലും ആര്‍ട്ട് വര്‍ക്കിലാണെങ്കിലും മ്യൂസിക്കിലാണെങ്കിലുമൊക്കെ അത്തരമൊരു പോയറ്റിക്ക് ഫീല്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആള്‍ക്കാര്‍ക്ക് വളരെ ഇഷ്ടപ്പെട്ടു. അപ്പോള്‍ ആ ഒരു ഫീല്‍ സ്വീകരിക്കപ്പെട്ടു എന്നാണ് വിശ്വസിക്കുന്നത്. ഒരു ഇന്റന്‍സ് റൊമാന്‍സുള്ള ഒരു ത്രില്ലിങ്ങ് ട്രാക്കുള്ള ഒരു സിനിമ. ഞാന്‍ ആ കഥ 2014ല്‍ കേട്ടപ്പോള്‍ തോന്നിയ ഒരു ത്രില്ല് ഇപ്പോഴും അത് കേള്‍ക്കുമ്പോള്‍ തോന്നുന്നുണ്ട് എന്നുള്ളത് കൊണ്ടാണ് ഞാന്‍ ആ സിനിമ ചെയ്യുന്നത്.
.ആഷിഖ് അബു ടീമിനൊപ്പമുള്ള എക്‌സ്പീരിയന്‍സ്..?
ആഷിഖ് അബു ടീം എന്നു വെച്ചാല്‍ ഭയങ്കര റിലാക്‌സ്ഡാണ് എല്ലാവരും എപ്പോഴും. ഇത്രയും ടെന്‍ഷന്‍ പിടിച്ച ഒരു കാലഘട്ടം, അല്ലെങ്കില്‍ ആ ഒരു സംഭവത്തിന്റെ ഒരു സിനിമാറ്റിക് വേര്‍ഷനാണ് ‘വൈറസ’്. ഒരു സിനിമയില്‍ വരുമ്പോള്‍ അതിന് വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. അപ്പോള്‍ അത് ഷൂട്ട് ചെയ്യുമ്പോഴും ആള്‍ക്കാര്‍ അത് കാണുമ്പോള്‍ അവര്‍ക്കതില്‍ നിന്നും ഒരു ത്രില്ല് വരണമെന്നുണ്ടായിരുന്നു. പക്ഷെ അതൊന്നും നമ്മുടെ ആര്‍ട്ടിസ്റ്റുകളുടെ തലയില്‍ അല്ല ഇട്ടിരുന്നത്. അതൊക്കെ റൈറ്റേഴ്‌സും ഡയറക്ടറും ഒക്കെ അതിന്റെ ടെന്‍ഷനെടുത്തിട്ട് നമ്മളെ പരമാവധി ആ ക്യാരക്ടേഴ്‌സായിട്ട് മാറാനായി വിട്ട് തരുകയായിരുന്നു. അത് തന്നെയായിരുന്നു മായാനദി എന്ന സിനിമയിലും ആഷിഖേട്ടന്‍ ചെയ്തിരുന്നത്. അത് ഒരു ആര്‍ട്ടിസ്റ്റിനെ സംബന്ധിച്ച് നമുക്ക് ഒരു പുതിയ സ്‌പെയ്‌സ് തരുന്നു. നമ്മള്‍ക്ക് പുതിയ കാര്യങ്ങള്‍ ചെയ്ത് നോക്കാനും ഒക്കെയായിട്ടുള്ള ഒരു സ്‌പെയ്‌സാണ്. അതിന്റെ റിസല്‍ട്ട് ആ സിനിമയിലുണ്ടാവും എന്നാണെനിക്ക് തോന്നുന്നത്.
.വളരെ യങ്‌സ്‌റ്റേഴ്‌സായ ടീമാണ് അധികവും കൂടെയുള്ളത്.. അങ്ങനെ നവാഗതര്‍ക്ക് അവസരങ്ങള്‍ നല്‍കുമ്പോള്‍ സ്വന്തം സെയ്ഫ്റ്റിയെപ്പറ്റി ചിന്തിക്കാറില്ലേ..?
ഞാന്‍ സെയ്ഫാണെന്ന് വിചാരിച്ച് തന്നെയാണ് എല്ലാ സിനിമയും ചെയ്യുന്നത്. ഞാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ചെയ്തിട്ടുള്ളത് പുതിയ ആള്‍ക്കാരുടെ കൂടെത്തന്നെയാണ്. എത്രയോ പേരുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ട്. നായകനായൊക്കെ അഭിനയിച്ച് തുടങ്ങുന്നതിന് മുന്‍പേ ഞാന്‍ കുറേ പുതിയ ആള്‍ക്കാരാടൊപ്പം വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഗപ്പി… ജോണ്‍ പോളിന്റെ ആദ്യത്തെ സിനിമയായിരുന്നു. മെക്‌സിക്കന്‍ അപാരത ആദ്യത്തെ സിനിമയായിരുന്നു. എസ്ര, എസ്രയില്‍ വലിയ പ്രാധാന്യമുള്ള റോളൊന്നുമല്ലായിരുന്നു. അത് പോലെ എന്റുമ്മാന്റെ പേര് ചെയ്തപ്പോള്‍ അതും ആദ്യത്തെ സിനിമയായിരുന്നു. പിന്നെ ഇപ്പോള്‍ ലൂക്ക, തീവണ്ടി. പിന്നെ മറഡോണ അത് വിഷ്ണുവേട്ടന്റെ ആദ്യത്തെ സിനിമയായിരുന്നു. പിന്നെ കല്‍ക്കി, ഇനി വരാനിരിക്കുന്ന എടക്കാട് ബറ്റാലിയന്‍, ആരവം ഇവയെല്ലാം അങ്ങനെയുള്ള പുതിയ ആര്‍ട്ടിസ്റ്റുകളാണ്. പക്ഷെ എന്റെയടുത്ത് കൂടുതലും വന്നിട്ടുള്ളതും അവരാണ്. എനിക്ക് പരിചയമുള്ളതും അവരാണ്. ഒരു പക്ഷെ ഞാന്‍ കൂടുതല്‍ അപ്രോച്ചബളായിട്ടുള്ളത് അവര്‍ക്കായിരിക്കാം. അല്ലെങ്കില്‍ എന്നെ അഭിനയിപ്പിക്കാനായിട്ട് ആദ്യം തോന്നിയത് അവര്‍ക്കായിരിക്കാം. ഞാനിത് വ്യക്തമായി പ്ലാന്‍ ചെയ്ത് സംഭവിക്കുന്നതൊന്നുമല്ല. ഇനിയിപ്പോള്‍ കുറേ സീനിയറായിട്ടുള്ളവരുടെ കൂടെ വര്‍ക്ക് ചെയ്യണമെന്നുള്ള ആഗ്രഹമുണ്ട്. പക്ഷെ നമുക്ക് കിട്ടുന്ന വേഷങ്ങളില്‍ നല്ലത് നോക്കി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഞാന്‍ കമല്‍ സാറിനൊപ്പം വര്‍ക്ക് ചെയ്തുകൊണ്ടിരുന്നപ്പോള്‍ അതിന്റെ ഒരു കംഫേര്‍ട്ട് അനുഭവിച്ചിരുന്നു. നമുക്ക് വളരെ ക്ലിയറായി പ്രിസൈസായിട്ട് പറഞ്ഞ് തരുമായിരുന്നു. പക്ഷെ പുതിയ ഡിറക്ടേഴിസിനൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ വേറൊരു ഫ്രഷ്‌നെസ് ഉണ്ട് അവര്‍ പറഞ്ഞ് തരുന്നതിന്. ഓരോ ഇന്‍ഡിവിജ്യുല്‍സിനനുസരിച്ചാണ്. സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യുമ്പോള്‍ ഒരു റിസല്‍റ്റും ഉണ്ടാവാറുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്.
.സോഷ്യല്‍ മീഡിയയിലൂടെ പലപ്പോഴും തന്നെ പല കാര്യങ്ങളിലും നിലപാട് തുറന്നു പറയാറുണ്ട്. ഉദാഹരണത്തിന് സെബാസ്റ്റ്യന്‍പോളിന്റെ വിഷയം?
ഞാനങ്ങനെ ഭയങ്കരമായിട്ട് ഇപ്പോള്‍ ആക്ടീവല്ല. അതിനുള്ള സമയം കിട്ടുന്നില്ല. എങ്കിലും ചില കാര്യങ്ങളില്‍ ക്ലാരിഫിക്കേഷന്‍സ് വേണം എന്ന് തോന്നിയിട്ട് മാത്രം ചെയ്യുന്നതാണ്. അല്ലാതെ നമുക്ക് ആരോടും പേഴ്‌സണലി ഒരു ഗ്രഡ്ജുമില്ല, ഞാനെല്ലാവരുടേയും സുഹൃത്താണ്. ആരോടും സ്‌നേഹക്കൂടുതലോ കുറവോ ഇല്ല. എല്ലാവരോടും സ്‌നേഹം തന്നെയാണ്.
.പൊളിറ്റിക്കലിയും എല്ലാ കാര്യത്തിലും അങ്ങനെയൊരു ശ്രദ്ധ വേണോ…?
ശ്രദ്ധിക്കണം. എല്ലാവരും പൊളിറ്റിക്കലി ശ്രദ്ധിക്കേണ്ടതാണ് എല്ലാ കാര്യങ്ങളിലും. നമ്മളൊരു ഡെമോക്രാറ്റിക്കായ രാജ്യത്ത് ജീവിക്കുന്ന സമയത്ത് ആ ഡെമോക്രസി നമ്മളിലൂടെയാണ് നടപ്പിലാകേണ്ടത്. ആ രീതിയില്‍ നോക്കുമ്പോള്‍ അപ്പോള്‍ നമ്മള്‍ വളരെ പവര്‍ഫുളായ ആള്‍ക്കാരാണ്. അപ്പോള്‍ എല്ലാവര്‍ക്കും വ്യക്തമായ രാഷ്ട്രീയവും രാഷ്ട്ര ബോധവും ഉണ്ടായിരിക്കണം. അത് ഒരു പ്രത്യേക പാര്‍ട്ടിയോടോ ഒരു പ്രത്യേക വിഭാഗത്തിനോടോ വേണമെന്നല്ല. ഇന്ത്യയിലെ ഓരോരുത്തരും ഇതിന്റെ ഒരു കണ്‍സെപ്റ്റ് അറിഞ്ഞിരിക്കുകയും നമ്മള്‍ക്കിതില്‍ എത്രത്തോളം പവറുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യണം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍.
. ഒരുപാട് സിനിമകള്‍ മുന്നിലുണ്ട്.. കുറേ എത്രകാലത്തേക്കുണ്ടോ ?
സിനിമകളിങ്ങനെ കുറച്ചെണ്ണമുണ്ട്. അത് ടെംപ്‌റ്റേറ്റ് ചെയ്യുന്നതായിട്ടുള്ള രീതിയിലേ ഡെയ്റ്റുകള്‍ പറയാന്‍ പറ്റൂ. എന്തായാലും കുറച്ച് കാലത്തേക്കുണ്ട്. ഓരോന്ന് കഴിയുമ്പോള്‍ ഓരോന്ന് പുതിയത് ഇങ്ങനെ വന്നുകൊണ്ടിരിക്കുകയാണ്.
.കഥകള്‍ കേള്‍ക്കുന്നുണ്ട്… ?
കഥകേട്ടിട്ടും എനിക്ക് ഇഷ്ടപ്പെട്ട് അങ്ങനെ കമ്മിറ്റ് ചെയ്യാന്‍ പറ്റാത്ത ഒരു സാഹചര്യമുണ്ട്. നമ്മള്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്ന സിനിമകളില്‍ കാര്യമായിട്ട് കോണ്‍സന്റ്രേറ്റ് ചെയ്യണം. ചില സിനിമകള്‍ അത് ആവശ്യപ്പെടുന്നുണ്ട്. അപ്പോള്‍ അതിനൊക്കെ ശേഷം ഗ്യാപ്പുകളില്‍ കഥകള്‍ കേള്‍ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. പക്ഷെ ‘നമ്പര്‍ ഓഫ് കഥ കേള്‍ക്കലുകള്‍’ ഇപ്പോള്‍ ഇത്തിരി കുറഞ്ഞിട്ടുണ്ട്. വെറുതെ ആളുകള്‍ക്ക് പ്രതീക്ഷ കൊടുക്കാന്‍ പാടില്ലല്ലോ. എന്തായാലും ഇഷ്ടപ്പെട്ടു ചെയ്യാം എന്ന് വാക്കു കൊടുക്കുമ്പോള്‍ പിന്നെ അതില്‍ നിന്ന് പുറകോട്ട് പോകാന്‍ പറ്റില്ല ഒരിക്കലും. അത് ഇതുവരെ പോയിട്ടില്ല.
.തമിഴ് എക്‌സ്പീരിയന്‍സ്… ?
മാരിയിലെ എക്‌സ്പീരിയന്‍സ് ഭയങ്കരമായിരുന്നു. ഞാനിപ്പോള്‍ വീണ്ടും തമിഴ് നാട്ടിലെത്തിയപ്പോഴാണ് എനിക്ക് സത്യത്തില്‍ അത് മനസ്സിലാവുന്നത്. നമ്മള്‍ തമിഴ് നാട്ടിലെ ഒരു സൂപ്പര്‍സ്റ്റാറിനൊക്കെയൊപ്പം അഭിനയിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന റീച്ച് എന്നൊക്കെ പറയാം. അവര്‍ എന്റെ സിനിമകളും കണ്ട് തുടങ്ങിയിരിക്കുന്നു. ആഫ്റ്റര്‍ ‘മാരി 2’. പിന്നെ അതിന്റെ ഒരു സെറ്റപ്പും എക്‌സ്ട്രാവഗാന്‍സയൊക്കെ വെച്ചുനോക്കുമ്പോള്‍ നമ്മുടെ മലയാളം സിനിമയെക്കാള്‍ എത്രയോ വലുതാണ്. പ്രോസസ് ആള്‍മോസ്റ്റ് സെയിം തന്നെയാണ്. പിന്നെ വര്‍ക്കിങ്ങ് ടൈമിലൊക്കെ കുറച്ച് കുറവുണ്ട്. ഇവിടെ നമ്മള്‍ രാവിലെ മുതല്‍ രാത്രി വരെ പണിയെടുക്കുമ്പോള്‍ അവര്‍ നയന്‍ ടു സിക്‌സ്. അങ്ങനെ ഒരു ഓഫീസ് ജോബിന്റെ ടൈം പോലെയാണ് അവിടുത്തെ ജോലിയൊക്കെ.
.തമിഴില്‍ പുതിയ സിനിമകളെന്തെങ്കിലും വന്നിട്ടുണ്ടോ…?
മലയാളത്തില്‍ നല്ല സിനിമകള്‍ കുറച്ചുണ്ട്. എനിക്കേറ്റവും ഇഷ്ടം മലയാളത്തില്‍ സിനിമകള്‍ ചെയ്യാന്‍ തന്നെയാണ്. മലയാളത്തില്‍ റൂട്ടഡായി നിന്നുകൊണ്ട് മറ്റ് ഇന്‍ഡസ്ട്രികളില്‍ സിനിമ ചെയ്യണമെന്നുണ്ട്. ഒരു പാന്‍ ഇന്‍ഡ്യന്‍ ആക്ടര്‍ ആവണമെന്നാണ് എന്റെ സ്വപ്നം. ശരിക്കും ഒരു പാന്‍ ഇന്ത്യന്‍ സിനിമ എടുത്താല്‍ ഒരു മലയാളി ആക്ടറായി എന്നെയും കണ്‍സിഡര്‍ ചെയ്യണമെന്നുണ്ട്. അല്ലാതെ തമിഴ് സിനിമയില്‍ പോയി തമിഴ് പറഞ്ഞഭിനയിക്കാനും നോര്‍ത്ത് ഇന്ത്യയില്‍ പോയി ഹിന്ദി പറഞ്ഞഭിനയിക്കാനും എനിക്ക് ആ ഭാഷയോട് അത്രക്ക് കമ്പം ഇല്ലാത്തതുകൊണ്ട് തന്നെ എനിക്ക് മലയാളമാണ് കൂടുതല്‍ കംഫര്‍ട്ടബിള്‍. ഒന്ന് രണ്ട് സിനിമകള്‍ ചെയ്തതുകൊണ്ട് തമിഴ് കുറച്ചുകൂടി ഇംപ്രൂവായിട്ടുണ്ട്. പിന്നെ ഞാന്‍ കോയമ്പത്തൂരില്‍ പഠിച്ചതുകൊണ്ട് തമിഴ് ഭാഷ എനിക്കത്രക്ക് കുഴപ്പമില്ല. ഒരു പാന്‍ ഇന്ത്യന്‍ ആക്ടറായി അറിയപ്പെടണമെങ്കില്‍ പക്ഷെ ബാക്കിയുള്ള ഭാഷകള്‍ കൂടി ഞാന്‍ മാസ്റ്റര്‍ ചെയ്യേണ്ടിയിരിക്കുന്നു.
.കുടുംബത്തിന്റെ വിശേഷങ്ങള്‍…? ഷൂട്ടിനൊക്കെ അവരും വരാറുണ്ടോ…?
എന്റെ ഭാര്യയും കുട്ടിയും ഞാന്‍ ഷൂട്ടിന് പോവുമ്പോഴൊക്കെ എന്റെ കൂടെ തന്നെ വരാറുണ്ട്. മകള്‍ സ്‌കൂളില്‍ പോകുന്നത് വരെ അങ്ങനെ ചെയ്യണം. അത് കഴിഞ്ഞിട്ട് എന്ത് ചെയ്യണമെന്ന് ഫിഗറൗട്ട് ചെയ്യേണ്ട കാര്യമാണ് (ചിരിക്കുന്നു). നമ്മുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ നമ്മുടെ കുടുംബവും നമ്മുടെ ചുറ്റുപാടുമൊക്കെയായി ബന്ധപ്പെട്ട് നില്‍ക്കുന്നത് തന്നെയാണ്. ഒര് രണ്ട് ദിവസം മൂന്ന് ദിവസം ഗ്യാപ്പ് കിട്ടിയാല്‍ ഞങ്ങള്‍ വീട്ടിലേക്ക് തന്നെയാണ് പോകാറ്. പിന്നെ കൂട്ടുകാരുണ്ടാവും. കൂട്ടുകാരെയൊക്കെ കണ്ടിട്ട് കുറേയായി. ഗള്‍ഫിലുള്ളവര്‍ വരെ ഇടക്ക് വന്ന് പോകാറുണ്ട്. എനിക്കാണ് ഇപ്പോള്‍ സമയം കിട്ടാത്തത് (ചിരിക്കുന്നു).
.എന്താണ് ഫിറ്റ്‌നസിന്റെ രഹസ്യം…?
ഞാനൊരു അഞ്ചാറ് മാസം വര്‍ക്ക് ഔട്ട് ചെയ്തിട്ടുണ്ടായിരുന്നു. ആരോഗ്യം ഉണ്ട് ഇപ്പോള്‍ എന്ന് എനിക്ക് ഉറപ്പുണ്ട്. അതുകൊണ്ട് എക്‌സ്ട്രീമായ ഡയറ്റിലേക്കോ, എക്‌സട്രീമായിട്ടുള്ള വര്‍ക്കൗട്ടിലേക്കോ ഞാന്‍ ഇപ്പോള്‍ പോകാറില്ല. കാര്യം നമ്മള്‍ ഒരു സിനിമക്കുവേണ്ടി പ്രിപ്പെയര്‍ ചെയ്യുമ്പോള്‍ ബ്രെയ്‌ക്കെടുത്തിട്ടല്ല അത് ചെയ്യുന്നത്. ഒരു സിനിമ ചെയ്തുകൊണ്ടാണ് വര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ട് ഒരു സിനിമയെയും ബാധിക്കാത്ത രീതിയില്‍ ഒരു ന്യൂട്രല്‍ ബോഡിയും ഈ സിനിമയുടെ സമയത്ത് ഇതിന് വേണ്ടി കുറച്ച് ബള്‍ക്കപ്പ് ചെയ്യുകയും ചെയ്തു എന്നുള്ളതാണ്.