ശ്രീലക്ഷ്മി ഇവിടെയുണ്ട്..

','

' ); } ?>

ലോഹിതദാസ് എന്ന പ്രതിഭയുടെ നവാഗത സംവിധാനചിത്രം ഭൂതക്കണ്ണാടിയിലൂടെയാണ് ശ്രീലക്ഷ്മി എന്ന നടിയെ പ്രേക്ഷകര്‍ അടുത്തറിയുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ‘സരോജിനി’ എന്ന കഥാപാത്രത്തെ പക്വതയുള്ള നടിയുടെ അതേ തികവോടെ ശ്രീലക്ഷ്മി വെള്ളിത്തിരയിലവതരിപ്പിക്കുമ്പോള്‍ പ്രായം നന്നേ ചെറുത്. ‘പൊരുത്തം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചതെങ്കിലും കരിയറിലെ മികവുള്ള ശ്രീലക്ഷ്മിയുടെ കഥാപാത്രവും ഭൂതക്കണ്ണാടിയിലേത് തന്നെ. ഗുരു, ദി കാര്‍, താലോലം, മാട്ടുപ്പെട്ടി മച്ചാന്‍ തുടങ്ങീ ചിത്രങ്ങളില്‍ വേഷമിട്ട ശ്രീലക്ഷ്മി പിന്നീട് വിവാഹ ശേഷം ദുബായിലായിരുന്നു. പതിനേഴ് വര്‍ഷത്തോളമുള്ള ഇടവേളയ്ക്ക് ശേഷം 2015-ല്‍ ഒരു വടക്കന്‍ സെല്‍ഫിയിലൂടെ ബിഗ് സ്‌ക്രീനിലേക്ക് തിരിച്ചെത്തിയ താരം വീണ്ടും സിനിമകളില്‍ സജീവമാവുകയാണ്. സഖാവ്, തൊബാമ, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളില്‍ ശ്രീലക്ഷ്മി അഭിനയിച്ച് കഴിഞ്ഞു. പുറത്തിറങ്ങാനുള്ള തന്റെ പുതിയ ചിത്രങ്ങളെക്കുറിച്ച് ശ്രീലക്ഷ്മി സെല്ലുലോയ്ഡിനോട് മനസ്സു തുറക്കുന്നു.

. ഒരു ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ മലയാളം ഇന്‍ഡസ്ട്രി എത്രത്തോളം മാറിയിരിക്കുന്നു?

ഇപ്പോള്‍ ശരിക്കും ചെറുപ്പക്കാരുടെ കാലമാണ്. മാത്രമല്ല ടെക്‌നിക്കലി ഒരുപാട് മാറിയിട്ടുണ്ട്. പണ്ടത്തെക്കാളും കൂടുതല്‍ ഫ്രണ്ട്‌ലിയാണ് ഇപ്പോള്‍. അതിനാല്‍ തന്നെ നമുക്കൊരുപാട് ഫ്രീയാവാന്‍ പറ്റുന്നുണ്ട്. അന്ന് ഞാന്‍ ജൂനിയറായിരുന്നു. പക്ഷെ ഇന്ന് ഞാന്‍ സീനിയറായത് കൊണ്ട് ജൂനിയേര്‍സിന്റെ കൂടെ അഭിനയിക്കുമ്പോള്‍ എനിക്കൊരു സ്‌പേസ് കിട്ടുന്നുണ്ട്. ഇത് ഞാന്‍ ആസ്വദിക്കുന്നുമുണ്ട്.

. ആദ്യ കാലങ്ങളില്‍ വളരെ പക്വതയാര്‍ന്ന കഥാപാത്രങ്ങളാണ് ചെയ്തത്. ഈ കാലത്തേയ്ക്ക് വരുമ്പോള്‍ സ്ത്രീ കഥാപാത്രങ്ങളില്‍ സംഭവിച്ചിട്ടുള്ള മാറ്റങ്ങള്‍ എന്തൊക്കെയാണ്?

അന്ന് സ്ത്രീകഥാപാത്രങ്ങള്‍ക്ക് നല്‍കിയിട്ടുള്ള പ്രാധാന്യം ഇന്നുള്ള സിനിമകളില്‍ ഇല്ല എന്നാണ് എനിക്ക് തോന്നുന്നത്. അന്ന് നായകന്‍മാര്‍ക്കുള്ളത്‌പോലെ നായികമാര്‍ക്കും സിനിമകളുണ്ടായിരുന്നു. ഇന്ന് അങ്ങനെയുള്ള സിനിമ വളരെ കുറവായിട്ട് തോന്നി. എല്ലാ സിനിമയിലും നായികമാര്‍ ഉണ്ട്, അവര്‍ക്ക് പ്രാധാന്യം നല്‍കുന്നില്ല എന്നല്ല. പക്ഷെ ഹീറോയിന്‍ ഓറിയന്റഡായിട്ടുള്ള സിനിമ അന്നത്തെക്കാലത്ത് കുറേകൂടെ ഉണ്ടായിരുന്നു എന്ന് എനിക്ക് തോന്നുന്നു.

.ഏറെ നാളത്തെ ഗള്‍ഫ് ജീവിതത്തിന് ശേഷം തിരിച്ചെത്താന്‍ തീരുമാനിച്ചത് എങ്ങനെയാണ്?

കല്ല്യാണം കഴിഞ്ഞതിന് ശേഷം ദുബായിലേയ്ക്ക് പോയി. മക്കള്‍ക്ക് ഒരു വയസ്സാവുന്നത് വരെ എനിക്ക് തിരിച്ച് സിനിമയിലേക്ക് വരാന്‍ ബുദ്ധിമുട്ടാണ്. നാട്ടിലാണെങ്കില്‍ ചിലപ്പോള്‍ സാധിച്ചേനെ. ദുബായും കേരളവുമാവുമ്പോഴേക്കും അതും ബുദ്ധിമുട്ടാണ്. മൂത്തമകന്‍ ഒന്‍പതാം ക്ലാസിലെത്തിയതിന് ശേഷമാണ് ഞാന്‍ വീണ്ടും അഭിനയത്തിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയത്. അഭിനയവും നൃത്തവും എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അപ്പോള്‍ അതെനിക്ക് ഒരിക്കലും മറക്കാന്‍ പറ്റില്ല.

.നൃത്തപരിപാടികളൊക്കെ എങ്ങനെപോകുന്നു..

നന്നായിട്ട് പോകുന്നു. ഡാന്‍സ് പ്രോഗ്രാംസെല്ലാം ഉണ്ട്. പിന്നെ തിരുവനന്തപുരത്ത് 6 വര്‍ഷത്തോളമായി ടെംപിള്‍ ഓഫ് ആര്‍ട്‌സ് എന്ന പേരില്‍ ഒരു ഡാന്‍സ് സ്‌ക്കൂള്‍ ഞാന്‍ നടത്തുന്നുണ്ട്. ആ കൂട്ടത്തില്‍ ഡാന്‍സിനൊപ്പം ഞാന്‍ സിനിമയും ചെയ്യുന്നു.

. ഇനി വരാനിരിക്കുന്ന ചിത്രങ്ങള്‍..

നാല് ചിത്രങ്ങള്‍ ഞാനിപ്പോള്‍ ചെയ്തിട്ടുണ്ട്. അടി കപ്യാരെ കൂട്ടമണി ഒരുക്കിയ ജോണ്‍ വര്‍ഗീസിന്റെ രണ്ടാമത്തെ സിനിമയായ ഉറിയടി, പിന്നെ ഒരു വടക്കന്‍ സെല്‍ഫി ഒരുക്കിയ പ്രജിത്തിന്റെ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രം, കൂടാതെ മനോഹരവും മറ്റൊരു സിനിമയും കൂടെ ചെയ്യുന്നുണ്ട്.

. ചെയ്ത നാല് സിനിമയില്‍ എന്തെങ്കിലും പ്രത്യേകത തോന്നിയ കഥാപാത്രം.

ഉറിയടിയില്‍ സിദ്ദിഖ് ഇക്കയുടെ ഭാര്യയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. പക്ഷെ അതില്‍ അല്‍പ്പം കോമഡി കലര്‍ന്നിട്ടുള്ള കഥാപാത്രമാണ് ചെയ്യുന്നത്. ആദ്യമായിട്ടാണ് ഞാന്‍ അങ്ങനെയൊരു കഥാപാത്രം ചെയ്യുന്നത്. സംവിധായകന്‍ വര്‍ഗ്ഗീസ് പറയാറുണ്ട് അഭിനയിക്കുമ്പോള്‍ ചേച്ചിക്ക് കോമഡി നന്നായിട്ട് വഴങ്ങുന്നുണ്ട് എന്ന്. എനിക്കൊരു ആഗ്രഹമുണ്ടായിരുന്നു സാധാരണ ചെയ്യുന്ന ക്യാരക്ടറുകളില്‍ നിന്ന് മാറി വ്യത്യസ്ഥമായിട്ടുള്ള കാര്യക്ടര്‍ ചെയ്യണമെന്ന്. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന സിനിമയില്‍ പഞ്ചായത്ത് മെമ്പറായിട്ടാണ് അഭിനയിക്കുന്നത്. ഒരു സ്‌ട്രോംഗായിട്ടുള്ള കഥാപാത്രമാണത്. എല്ലാം ഒരു വ്യത്യസ്ഥ കഥാപാത്രങ്ങളാണ്.

.എന്തൊക്കെയാണ് മനോഹരത്തിന്റെ വിശേഷങ്ങള്‍?

വളരെ നല്ലൊരു സിനിമയാണ് മനോഹരം. വിനീതിന്റെ സിനിമയെന്നു പറയുമ്പോള്‍ അതില്‍ എന്തെങ്കിലും ഒരു പ്രത്യേകത കാണും. വിനീതിന്റെ കൂടെ ഞാന്‍ അഭിനയിക്കുന്നത് ആദ്യമായിട്ടാണ്. വിനീതിന്റെ ചിത്രമായ ഒരു വടക്കന്‍ സെല്‍ഫിയില്‍ നിവിന്റെ അമ്മയായിട്ട് അഭിനയിച്ചിരുന്നു. അന്നു മുതലേ ഞങ്ങള്‍ക്കിടയില്‍ വളരെ നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. ഇപ്പോള്‍ വിനീതിന്റെ അമ്മയായിട്ട് മനോഹരത്തില്‍ അഭിനയിക്കുന്നു. മനോഹരന്‍ എന്ന കഥാപാത്രത്തെയാണ് വിനീത് അവതരിപ്പിക്കുന്നത്. നിഷ്‌ക്കളങ്കയായിട്ടുള്ള ഒരു പാവം വീട്ടമ്മയായിട്ട് തന്നെയാണ് ഞാന്‍ ഇതിലും അഭിനയിക്കുന്നത്.

.മാട്ടുപെട്ടി മച്ചാന്‍ ഒരു കോമഡി ചിത്രമായിരുന്നല്ലോ..ആ കാലഘട്ടത്തില്‍ നിന്നും പുതിയ കാലത്തെ കോമഡിയെ എങ്ങനെ നോക്കിക്കാണുന്നു?

മാട്ടുപെട്ടി മച്ചാന്‍ ഒരു കോമഡി ചിത്രമാണ് പക്ഷെ കോമഡി ക്യാരക്ടറല്ല ഞാന്‍ ചെയ്തത്. ഇന്നത്തെ കോമഡികളില്‍ നിന്നും ഒരുപാട് വ്യത്യാസങ്ങളുണ്ട്. ഇന്ന് യംഗ്‌സ്‌റ്റേര്‍സിന്റെ കാലമാണ്. ഇപ്പോള്‍ കുറച്ച്കൂടെ നാച്വുറലായിട്ടുള്ള മേക്കിംഗ് ആണ്. പണ്ട് ഞാനൊക്കെ അഭിനയിക്കുന്ന സമയത്ത് കൂടുതലായിട്ടും പ്രോംറ്റിംഗായിരുന്നു. സ്‌ക്രിപ്റ്റ് കറക്ടായിട്ട് എഴുതിവെച്ച് ആ സ്‌ക്രിപ്റ്റിലുള്ള ഡയലോഗ്‌സ് തന്നെ നമ്മള്‍ പറയണമായിരുന്നു. രണ്ട് പേജ് ഫുള്ളായിട്ട് ഡയലോഗുകള്‍ ഉണ്ടാവുമായിരുന്നു. വായിച്ചെടുത്തിട്ട് പ്രോംറ്റിംഗ് കേട്ടാണ് നമ്മള്‍ ഡയലോഗുകള്‍ പറയേണ്ടത്. ഇപ്പോള്‍ സിനിമയില്‍ പ്രോംറ്റിംഗ് ഇല്ല. സ്‌പോട്ട് ഡബ്ബിംഗാണ് ഉള്ളത്. സിറ്റുവേഷന്‍ ഉണ്ടാക്കിയാണ് നമ്മള്‍ അഭിനയിക്കുന്നത്. അത് കുറച്ചുകൂടെ ത്രില്ലിംഗായിട്ടാണ് എനിക്ക് തോന്നിയത്. കാരണം അപ്പോള്‍ അഭിനയം കുറച്ചുകൂടെ നാച്വുറലായിട്ട് തോന്നും .

.പുതിയ എന്തെങ്കിലും നൃത്തപരിപാടികളെക്കുറിച്ച്..

സ്റ്റേജ് പ്രോഗ്രാംസ്, അവാര്‍ഡ് നൈറ്റ് പോലുള്ളവയൊന്നും ഞാന്‍ അങ്ങനെ ചെയ്യാറില്ല. ചെയ്യില്ല എന്നല്ല. നൃത്തത്തെ ക്ലാസിക്കലായിട്ട് തന്നെയേ ഞാന്‍ കൊണ്ടുപോയിട്ടുള്ളൂ. കച്ചേരികളാണ് ചെയ്ത്‌കൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ ഞാന്‍ തനിച്ചാണ് പെര്‍ഫോം ചെയ്യാറ്. എന്തെങ്കിലും ഒരു ആശയത്തെ അടിസ്ഥാനമാക്കിയുള്ള നൃത്തം ചെയ്യണമെന്ന് ആഗ്രഹമുണ്ട്.

.സിനിമകളില്‍ വീട്ടമ്മ എന്ന കഥാപാത്രത്തിലേക്ക് ഒതുങ്ങിപോകുന്നുണ്ടോ?

അത് ശരിയാണ്. പ്രത്യേകിച്ചും കല്ല്യാണം കഴിഞ്ഞ് പോയിക്കഴിഞ്ഞാല്‍ പിന്നീട് തിരിച്ചെത്തുമ്പോള്‍ മലയാള സിനിമയില്‍ വേറൊരു കാറ്റഗറിയിലേക്ക് നമ്മളെ മാറ്റപ്പെടും. പക്ഷെ തമിഴിലും ഹിന്ദിയിലുമൊക്കെ അത് ഒരുപാട് മാറിവരുന്നുണ്ട്. മലയാള സിനിമയിലും അത് മാറിവരട്ടെ..

.നൃത്തസംബന്ധമായിട്ടുള്ള എന്തെങ്കിലുമൊരു ക്യാരക്ടേഴ്‌സ് ചെയ്യാന്‍ അവസരം വരുകയാണെങ്കില്‍ ചെയ്യുമോ?

ഒരു ഡാന്‍സറായിട്ടുള്ള കഥാപാത്രം ചെയ്യണമെന്ന് ഞാന്‍ സിനിമയില്‍ വന്ന കാലം മുതല്‍ പറഞ്ഞുതുടങ്ങിയതാണ്. അങ്ങനെയുള്ള സിനിമകള്‍ വളരെ കുറച്ചേ വന്നിട്ടുള്ളു. ഇനിയാണെങ്കിലും സീനിയര്‍ ഡാന്‍സര്‍ എന്നൊരു ക്യാരക്ടര്‍ വന്നാല്‍ ഞാന്‍ ചെയ്യാന്‍ തയ്യാറാണ്. വളരെയധികം ആഗ്രഹമുണ്ട്.