സ്ത്രീത്വത്തെ അപമാനിച്ചു; നടൻ വിനായകനെതിരെ കേസ്

','

' ); } ?>

നടൻ വിനായകനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി നിയമപ്രകാരവും കേസെടുത്ത് മാവേലിക്കര പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രം അശ്ലീലച്ചുവയോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരമാണ് പോലീസിന്റെ നടപടി.

തന്റെ ഫെയ്‌സ്ബുക്ക് പ്രൊഫൈലുമായി ബന്ധപ്പെട്ട് ഉയർന്ന ഒരു വിമർശനം വാട്‌സാപ്പിലൂടെ അയച്ചുനൽകിയ തഴക്കര സ്വദേശിയായ പരാതിക്കാരനോടുള്ള പ്രകോപനമാണ് കേസിലേക്ക് നയിച്ചത്. പരാതിക്കാരന്റെ വാട്‌സാപ്പ് പ്രൊഫൈൽ ചിത്രത്തിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ എട്ടു വയസ്സുകാരിയായ മകളുടെ ഫോട്ടോയും ഫോൺ നമ്പറും വിനായകൻ സ്വന്തം ഫെയ്‌സ്ബുക്ക് പേജിലൂടെ അശ്ലീല പരാമർശങ്ങളോടെ പരസ്യപ്പെടുത്തുകയായിരുന്നു.

ഇതിന് പിന്നാലെ നിരവധിയാളുകൾ ഈ നമ്പറിലേക്ക് വിളിച്ച് പെൺകുട്ടിയുടെ പിതാവിനെ അസഭ്യം പറയുന്ന സാഹചര്യവുമുണ്ടായി. കഴിഞ്ഞ വർഷം ജൂലൈയിൽ നടന്ന ഈ സംഭവത്തിനെതിരെ പെൺകുട്ടിയുടെ പിതാവ് ബാലാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് നടനെതിരെ നിയമനടപടിയെടുക്കാൻ കമ്മീഷൻ പോലീസിന് ഉത്തരവ് നൽകിയത്. മുൻപും മോശം പെരുമാറ്റങ്ങളുടെയും അധിക്ഷേപകരമായ സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും പേരിൽ വിനായകൻ നിരവധി വിവാദങ്ങളിൽ പെട്ടിട്ടുണ്ട്.