
അന്താരാഷ്ട്ര എൻഡ്യൂറൻസ് ചാമ്പ്യൻഷിപ്പുകളുടെ ഭാഗമായി യൂറോപ്പിൽ നടന്ന അതിവേഗ കാറോട്ട മത്സരത്തിനിടെ തമിഴ് താരം അജിത് കുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഏഷ്യൻ ലെ മാൻസ് സീരീസ്, മിഷേലിൻ ലെ മാൻസ് കപ്പ് എന്നിവയുടെ ട്രാക്കിൽ വെച്ച് മറ്റ് വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്നാണ് അപകടമുണ്ടായത്. വലിയ കൂട്ടിയിടിയായിരുന്നുവെങ്കിലും താരം പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
ട്രാക്കുകളിൽ അജിത് നേരിടുന്ന ആദ്യ അപകടമല്ല ഇത്. 2025-ൽ ഇറ്റലിയിൽ നടന്ന ജിടി4 യൂറോപ്യൻ സീരീസ്, സ്പെയിനിലെ വലൻസിയയിൽ നടന്ന പോർഷെ സ്പ്രിന്റ് ചലഞ്ച്, ദുബായ് 24 എച്ച് മത്സരത്തിന്റെ പരിശീലനം എന്നിവയ്ക്കിടയിലും സമാന രീതിയിലുള്ള വൻ അപകടങ്ങളിൽ നിന്ന് താരം പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടിരുന്നു. 2003-ലെ ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാമ്പ്യൻഷിപ്പ് മുതൽ ക്രെവന്റിക് 24 എച്ച് സീരീസ് വരെയുള്ള അന്താരാഷ്ട്ര വേദികളിൽ സാന്നിധ്യമറിയിച്ചിട്ടുള്ള അജിത്, സിനിമയ്ക്കൊപ്പം തന്നെ മോട്ടോർ സ്പോർട്സിനെയും പ്രൊഫഷണലായാണ് സമീപിക്കുന്നത്.
ട്രാക്കിലെ അപകടങ്ങൾ തന്നിലെ റേസറെ തളർത്താറില്ലെന്ന് അജിത് മുൻപ് വ്യക്തമാക്കിയിട്ടുണ്ട്. അപകടമുണ്ടായാൽ ഉടൻ തന്നെ തനിക്ക് പരിക്ക പറ്റിയിട്ടുണ്ടോ എന്നും കാറിന്റെ അവസ്ഥ എന്താണെന്നും പരിശോധിച്ച ശേഷം മത്സരം പൂർത്തിയാക്കാനാണ് (DNF ഒഴിവാക്കാൻ) ശ്രമിക്കാറുള്ളത്. സിനിമാ ചിത്രീകരണത്തിനിടയിലുണ്ടായ പരിക്കുകൾ കാരണം 29 ശസ്ത്രക്രിയകൾക്ക് വിധേയനാകേണ്ടി വന്നിട്ടുണ്ടെങ്കിലും, കാറോട്ട മത്സരങ്ങൾ നഷ്ടപ്പെടുന്ന രീതിയിലുള്ള പരിക്കുകൾ ട്രാക്കിൽ വെച്ച് ഏൽക്കാതിരുന്നത് വലിയ ഭാഗ്യമായാണ് താരം കാണുന്നത്.
‘വിടാമുയർച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നിവയാണ് അദ്ദേഹത്തിന്റേതായി ഒടുവിൽ തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ. അധിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ‘ഡെയർഡെവിൾ’ എന്ന ചിത്രത്തിലാണ് അജിത് അടുത്തതായി അഭിനയിക്കുന്നത്.