കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മുന്‍ ബോളിവുഡ് നിര്‍മാതാവ് അനില്‍ സുരി (77) മരണത്തിന് കീഴടങ്ങി. ചികിത്സയിലിരിക്കെ മുബൈയില്‍ അഡ്വാന്‍സ്ഡ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു അന്ത്യം. സഹോദരന്‍ രാജീവ് സുരിയാണ് അനില്‍ സുരിയ്ക്ക് കൊറോണ വൈറസ്ബാധയുണ്ടായിരുന്ന വിവരം മാധ്യമങ്ങളെ അറിയിച്ചത്. പേഴ്‌സണല്‍ പ്രൊട്ടക്ടീവ് എക്വിപ്പ്‌മെന്റ് അണിഞ്ഞു കൊണ്ടാണ് അനില്‍ സുരിയുടെ അന്ത്യകര്‍മങ്ങളെല്ലാം ചെയ്തത്. നാല് കുടുംബാംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പഴയ ഹിന്ദി ഹിറ്റുകളായ രാജ് തിലക്, കര്‍മയോഗി എന്നിങ്ങനെ നിരവധി സിനിമകളാണ് അനില്‍ സുരി നിര്‍മിച്ചിരിക്കുന്നത്.
അനില്‍ സുരിയ്ക്ക് ജൂണ്‍ രണ്ട് മുതല്‍ പനിയുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്യ എന്നാല്‍ അടുത്ത ദിവസമായപ്പോഴേക്കും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വഷളായി. എന്നാല്‍ ലീലാവതി, ഹിന്ദുജ തുടങ്ങിയ ആശുപത്രികള്‍ അദ്ദേഹത്തെ പ്രവേശിപ്പിക്കാന്‍ വിസമ്മതിച്ചുവെന്നും പിന്നീടാണ് അഡ്വാന്‍സ്ഡ് മള്‍ട്ടിസ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും അദ്ദേഹത്തിന്റെ സഹോദരന്‍ രാജീവ് സുരി പരാതിപ്പെട്ടു.വ്യാഴ്യാഴ്ച അനില്‍ സുരിയെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. അന്ന് വൈകീട്ട് ഏഴ് മണിയോടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയും ചെയ്തു. അദ്ദേഹത്തിന്റെ മരണത്തില്‍ ബോളിവുഡിലെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.