മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളി

','

' ); } ?>

മോഹന്‍ലാലിനെയും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരിനെയും രസകരമായി ട്രോളി മെയ്ദിനാശംസകളുമായി പ്രമുഖ വ്യവസായി ബോബി ചെമ്മണ്ണൂര്‍. മുതലാളിയെ പണിയെടുപ്പിച്ച് കോടീശ്വരനായ ഏക തൊഴിലാളിയാണ് ആന്റണി പെരുമ്പാവൂര്‍ എന്നാണ് ബോബി ചെമ്മണ്ണൂര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ബോബി ചെമ്മണ്ണുരിന്റെ പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു. പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ കമന്റുകള്‍ ചെയ്യുന്നുണ്ട്. ഫേസ്ബുക്കിലെ നിരവധി ട്രോള്‍ ഗ്രൂപുകളിലൂടെ പോസ്റ്റ് പങ്കുവെക്കപ്പെടുന്നുമുണ്ട്.

മലയാളത്തിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമായ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ആന്റണിയുടേതായി പുറത്തിറങ്ങാനുള്ളത്. മെയ് 13ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കൊവിഡ് സാഹചര്യം മൂലം റിലീസ് മാറ്റിയിരിക്കുകയാണ്. 2021 ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്കു, കന്നട എന്നീ ഭാഷകളിലും മരക്കാര്‍ പുറത്തിറങ്ങും. 100 കോടിയാണ് മരക്കാറിന്റെ ബജറ്റ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ നരസിംഹം എന്ന ചിത്രത്തിലൂടെയാണ് ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മാണ മേഖലയിലേക്ക് എത്തുന്നത്. തുടര്‍ന്ന് മോഹന്‍ലാലിനൊപ്പം 27ഓളം സിനിമകള്‍ ഒരുക്കാന്‍ ആന്റണി പെരുമ്പാവൂരിന് കഴിഞ്ഞു. മോഹന്‍ലാലിന്റെ ഏറ്റവും വലിയ വിജയങ്ങളായ ദൃശ്യവും ലൂസിഫറും നിര്‍മ്മിച്ചതും ആന്റണി തന്നെയാണ്. ദൃശ്യം 2 റീമേക്കിലൂടെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിക്കാനുള്ള ഒരുക്കത്തിലാണ് ആന്റണി പെരുമ്പാവൂര്‍. ചിത്രത്തില്‍ നായകനാകുന്നത് തെലുങ്ക് സൂപ്പര്‍താരം വെങ്കിടേഷാണ്.

നിലവില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ബറോസാണ് അദ്ദേഹം നിര്‍മ്മിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തിച്ച വാസ്‌കോ ഡ ഗാമയുടെ രത്‌നങ്ങളുടെയും നിധികളുടെയും കാവല്‍ക്കാരനായ ബറോസിന്റെ കഥയാണ് ചിത്രം പറയുന്നത്. കാത്തുസൂക്ഷിക്കുന്ന നിധി ഗാമയുടെ പിന്‍ഗാമിയെന്നുറപ്പുള്ളയാള്‍ക്കു മാത്രമെ ബറോസ് കൈമാറുകയുള്ളൂ. ഒരുദിവസം ഗാമയുടെ പിന്‍തുടര്‍ച്ചക്കാരന്‍ എന്ന് ഫറഞ്ഞ് കൊണ്ട് ഒരു കുട്ടി വരുന്നതോടെ ബറോസിന്റെ കഥ തുടങ്ങുകയാണ്. കടലിലൂടെയും കാലത്തിലൂടെയും കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് പ്രമേയം. ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. പൃഥ്വിരാജും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.