“പാവാട ഇടരുതെന്നൊക്കെ പറയുന്നത് മോശമല്ലേ, ഭാര്യ കണ്ടാൽ പ്രശ്നമല്ലേ”; വിമർശകന്റെ വായടപ്പിച്ച് ബിന്നി

','

' ); } ?>

വിമർശകർക്ക് ചുട്ട മറുപടിയുമായി നടിയും ബിഗ് ബോസ് താരവുമായ ബിന്നി സെബാസ്റ്റ്യൻ. കഴിഞ്ഞദിവസം പങ്കെടുത്ത ഒരു ഉദ്ഘാടന ചടങ്ങിലെ വസ്ത്രധാരണത്തെ പരിഹസിച്ചയാൾക്കെതിരെയാണ് നടി രംഗത്തെത്തിയത്. തന്റെ വസ്ത്രത്തെ ‘അടിപ്പാവാട’ എന്ന് വിളിച്ച് അധിക്ഷേപിച്ചയാളുടെ പ്രൊഫൈലും ചിത്രവും സഹിതം പുറത്തുവിട്ടുകൊണ്ടായിരുന്നു ബിന്നിയുടെ പ്രതികരണം.

ഫുൾ ലെങ്ത് സ്കേർട്ടും ക്രോപ്പ് ടോപ്പുമായിരുന്നു ബിന്നി ഉദ്ഘാടനത്തിന് ധരിച്ചിരുന്നത്. ഇതിനെതിരെ ‘സാരിയുടെ ഷോപ്പ് തുടങ്ങി അടിപ്പാവാട ഇട്ടാണോ നടക്കുന്നത്’ എന്നായിരുന്നു ഒരാളുടെ പരിഹാസം. എന്നാൽ വസ്ത്രസ്വാതന്ത്ര്യം സാരിയിൽ മാത്രം ഒതുങ്ങുന്നതാണെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് ഇതെന്നും അടിപ്പാവാട ധരിക്കുന്നതിൽ എന്താണ് തെറ്റെന്നും ബിന്നി ചോദിക്കുന്നു. വസ്ത്രങ്ങൾ തിരിച്ചറിയാനുള്ള വിവേകം പോലുമില്ലാത്തവർ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് ശരിയല്ലെന്ന് താരം ഓർമിപ്പിച്ചു.

വിമർശിച്ച വ്യക്തിയുടെ കുടുംബ പശ്ചാത്തലം കൂടി ഓർമിപ്പിച്ചുകൊണ്ടായിരുന്നു ബിന്നിയുടെ മറുപടി. സ്വന്തം ഭാര്യയറിയാതെ മറ്റുള്ളവരുടെ വസ്ത്രം നോക്കി നടക്കുന്നത് മോശമാണെന്നും രണ്ട് പെൺമക്കളുള്ള ഒരാൾ ഇത്തരത്തിലുള്ള ചിന്താഗതിയുമായി നടക്കുന്നത് ലജ്ജാകരമാണെന്നും നടി പറഞ്ഞു. നാളെ വളർന്നു വരുന്ന മക്കളും ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടി വരുമെന്നും കാലത്തിനനുസരിച്ചുള്ള മാറ്റം ഉൾക്കൊള്ളണമെന്നും ബിന്നി കൂട്ടിച്ചേർത്തു. വസ്ത്രധാരണത്തെക്കാൾ അത് ധരിക്കാതെ നടക്കുന്നതല്ലേ മോശമെന്ന് പരിഹസിച്ച നടി, മറ്റൊരാളുടെ വസ്ത്രത്തെക്കുറിച്ച് അന്വേഷിക്കുന്നത് കുടുംബത്തിൽ പിറന്നവർക്ക് ചേർന്ന പണിയല്ലെന്നും തുറന്നടിച്ചു.

“ഈ ചേട്ടന്‍ കമന്റ് ചെയ്തിരിക്കുന്നത് സാരിയുടെ ഷോപ്പ് തുടങ്ങി അടിപ്പാവാട ഇട്ടാണോ നടക്കുന്നത്? എന്നാണ്. വിദ്യാഭ്യാസം കുറവാണെന്ന് തോന്നുന്നു. സാരമില്ല. ആശയം വളരെ വലുതാണല്ലോ. അടിപ്പാവാട ഇട്ടു നടന്നാല്‍ എന്താണ് കുഴപ്പം? അടിപ്പാവാട അത്രയ്ക്ക് മോശമാണോ ചേട്ടാ, ഇടാതെ നടക്കുന്നതല്ലേ മോശം, ഞങ്ങളൊക്കെ അങ്ങനെയാണ് പഠിച്ചത്.

പിന്നെ അടിപ്പാവാട എന്താണ് മോഡേണ്‍ സ്‌കേര്‍ട്ട് എന്താണ് എന്നൊന്നും അറിയാത്തതും ഞാന്‍ വിട്ടു. ആ അറിവില്ലായ്മ ഞാന്‍ ക്ഷമിച്ചു. പക്ഷെ എന്റെ അടിപ്പാവാടയും നോക്കി നടക്കുന്നത് ചേട്ടന്റെ ഭാര്യയറിഞ്ഞാല്‍ മോശമല്ലേ ചേട്ടാ. അതും രണ്ട് പെണ്‍കുട്ടികളുമുണ്ട്. അവര്‍ നാളെ വളര്‍ന്ന് വരേണ്ടതല്ലേ. അവരും ഈ പറയുന്ന സാധനങ്ങള്‍ ഇട്ട് നടക്കേണ്ടതാണ്. അവര്‍ വളര്‍ന്ന് വലുതാവുമ്പോഴേക്കും പത്ത് ഇരുപത്തഞ്ച് വര്‍ഷം ആവുമല്ലോ. അപ്പോഴും ചേട്ടന്‍ പറയുമ്പോലെ സാരിയും ഉടുത്ത് ആ കുട്ടികള്‍ നടക്കണോ.

പാവാട ഇടാന്‍ പാടില്ലെന്ന് പറയുന്നതൊക്കെ മോശമാണ്. ശരിക്കും അത് ഇടാതെ പോയാലാണ് പ്രശ്‌നം. പിന്നെ വേറൊരാളുടെ ഭാര്യയെ പറ്റിയും സ്ത്രീകളെ പറ്റിയും അവരുടെ അടിപ്പാവാടയെ പറ്റിയും അന്വേഷിക്കുന്നത് കുടുംബത്തില്‍ പിറന്നവര്‍ക്ക് ചേര്‍ന്ന പണിയാണോ? ഒന്ന് ആലോചിച്ച് നോക്കൂ.” ബിന്നി പറഞ്ഞു.